വോട്ടർ പട്ടികയിൽ ഇന്നു കൂടി പേരു ചേർക്കാം; വെള്ളിയാഴ്ച മുതൽ പത്രികാ സമർപ്പണം; ഇക്കുറി ചെയ്ത വോട്ട് ആർക്കെന്നു വോട്ടർക്കെന്നു കാണാൻ സംവിധാനം

തിരുവനന്തപുരം: വോട്ടർപട്ടികയിൽ പേരുചേർക്കാനുള്ള സമയം ഇന്ന് അവസാനിക്കും. നിയമസഭാ തെരഞ്ഞെടുപ്പിനുള്ള നാമനിർദേശ പത്രികകൾ വെള്ളിയാഴ്ച മുതൽ സ്വീകരിച്ചുതുടങ്ങും. 29 ആണ് പത്രിക സമർപ്പിക്കുന്നതിനുള്ള അവസാനദിനം.
വോട്ടർ പട്ടികയിലുണ്ടായിരുന്ന ഒന്നേകാൽ ലക്ഷത്തോളം പേരെ നീക്കം ചെയ്തിട്ടുണ്ട്. മരിച്ചവരും ഇരട്ടിപ്പു വന്ന പേരുകളുമാണ് ഒഴിവാക്കിയത്. ഇന്നു പേരുചേർക്കുന്നവരെ കൂടി ചേർത്താലേ നിയമസഭാ തെരഞ്ഞെടുപ്പിലെ വോട്ടർമാരുടെ കൃത്യമായ എണ്ണം ലഭ്യമാകൂ. പുതുക്കിയ വോട്ടർ പട്ടിക അടുത്തമാസം ആദ്യവാരം പ്രസിദ്ധീകരിക്കും.

നിലവിലുള്ള വോട്ടർ പട്ടികയിൽ 2,56,27,620 പേരുണ്ട്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിനേക്കാൾ 24.19 ലക്ഷം വോട്ടർമാർ കൂടുതൽ. വോട്ടർമാരുടെ എണ്ണത്തിൽ ഇക്കുറിയും സ്ത്രീകളാണ് മുന്നിൽ, 1,33,01,435 പേർ. പുരുഷന്മാർ: 1,23,26,185. നിയമസഭാ തെരഞ്ഞെടുപ്പിനായി വോട്ടർ പട്ടിക പുതുക്കിയപ്പോൾ 3.88 ലക്ഷം പേരാണു പുതിയതായി പട്ടികയിലേക്കു വന്നത്. വോട്ടർമാരുടെ എണ്ണത്തിൽ മണലൂർ നിയമസഭാ മണ്ഡലമാണ് ഒന്നാമത്. ഇവിടെ 2,10,142 വോട്ടർമാരുണ്ട്. കുറവ് എറണാകുളത്താണ്-1,50,583 പേർ.
140 മണ്ഡലങ്ങളിലായി 21,498 പോളിങ് ബൂത്തുകളാണ് ഇക്കുറി തയാറാക്കുന്നത്. 64 വോട്ടണ്ണൽ കേന്ദ്രങ്ങളുണ്ടാകും. പോലിസ് സേനാംഗങ്ങളടക്കം 1.5 ലക്ഷം പോളിങ് ഉദ്യോഗസ്ഥരെ നിയോഗിക്കും. 35,946 വോട്ടിങ് യന്ത്രങ്ങളാണ് തയാറാക്കിയിരിക്കുന്നത്. വോട്ടിങ് യന്ത്രത്തിലെ ബാലറ്റ് പേപ്പറിലും പോസ്റ്റൽ ബാലറ്റിലും സ്ഥാനാർഥിയുടെ ഫോട്ടോ ഉണ്ടാകും.
വോട്ട് രേഖപ്പെടുത്തിയാലുടൻ ഏതു സ്ഥാനാർഥിക്കാണു വോട്ട് ചെയ്തത് എന്നതുൾപ്പെടെയുള്ള വിവരങ്ങൾ വോട്ടർക്കു നേരിട്ടു കാണാനും സൗകര്യമുണ്ട്. കേരളത്തിലെ 10 ജില്ലയിലെ 12 മണ്ഡലങ്ങളിലാണ് ഇത്തവണ വോട്ടർ വെരിഫെയ്ഡ് പേപ്പർ ഓഡിറ്റ് ട്രയൽ (വി.വി.പി.എ.ടി- വോട്ട് സ്ഥിരീകരണയന്ത്രം) നടപ്പാക്കുന്നത്. ഈ മണ്ഡലങ്ങളിലെ ആകെ 1,650 പോളിങ് സ്റ്റേഷനുകളിലേക്കായി 2,065 വി.വി. പാറ്റ് യൂണിറ്റുകൾ എത്തിക്കഴിഞ്ഞു. വട്ടിയൂർക്കാവ്, നേമം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃക്കാക്കര, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട് നോർത്ത്, കണ്ണൂർ (നഗരം) എന്നിവിടങ്ങളിലാണ് ഇതു നടപ്പാക്കുക.
മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ വെബ്സൈറ്റായ www.ceo.kerala.gov.in പരിശോധിച്ചാൽ വോട്ടർ പട്ടികയിൽ പേരുണ്ടോ എന്നു സ്ഥിരീകരിക്കാം. ELE തിരിച്ചറിയൽ കാർഡ് നമ്പർ എന്ന ഫോർമാറ്റിൽ 54242 എന്ന നമ്പരിലേക്ക് എസ്.എം.എസ്. ചെയ്താൽ ബൂത്ത് അടക്കമുള്ള വിവരങ്ങൾ ലഭ്യമാകും. 1950 എന്ന ടോൾ ഫ്രീ കോൾ സെന്ററിൽ വിളിച്ചാലും വിവരം ലഭ്യമാകും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News