തിരുവനന്തപുരം: സിനിമയ്ക്കു പുറത്തെന്തെങ്കിലും ചെയ്യണമെന്ന നടി മഞ്ജുവാര്യരുടെ ആഗ്രഹം എത്തിപ്പെടുന്നത് നാടകത്തിൽ. കാവാലം നാരായണപ്പണിക്കർ സംവിധാനം ചെയ്യുന്ന സംസ്‌കൃത നാടകം ശാകുന്തളത്തിൽ ശകുന്തളയായി അരങ്ങത്തെത്തുക മലയാളിയുടെ പ്രിയനടി മഞ്ജുവാര്യർ. നാടകം മേയ് മാസത്തിൽ തിരുവനന്തപുരത്ത് അരങ്ങേറും. മോഹൻലാലും മുരളിയും നേരത്തേ സംസ്‌കൃത നാടകത്തിൽ അഭിനയിച്ചു വാർത്തകളിൽ ഇടം പിടിച്ചിരുന്നു.

കാളിദാസനെഴുതിയ ശാകുന്തളം 1983-ലാണ് ആദ്യമായി കാവാലം നാടകമായി അവതരിപ്പിക്കുന്നത്. ഉജ്ജയിനിലെ നാടകോത്സവത്തിനായിരുന്നു അത്. സംസ്‌കൃതനാടകം എന്നതിനെക്കാളുപരി സംഗീതപരമായും കഥകളിയുടെയും കൂടിയാട്ടത്തിന്റെയും അഭിനയനൃത്തരീതികൾ സമന്വയിപ്പിച്ചാണ് കാവാലം നാടകം ഒരുക്കുന്നത്. കാവാലത്തിന്റെ കർണഭാരം എന്ന നാടകത്തിലൂടെയും പ്രശാന്ത് നാരായണന്റെ ഛായാമുഖിയിലൂടെയുമാണ് മോഹൻലാൽ നാടകനവേദിയിൽ എത്തിയത്. ലങ്കാലക്ഷ്മിയിലെ രാവണനായാണ് മുരളി അരങ്ങിലെത്തിയത്.

നാടകവേദിയിലെത്തുന്നതിനു മുന്നോടിയായി തിരുവനന്തപുരത്തുള്ള കാവാലത്തിന്റെ കളരിയിലെത്തി മഞ്ജു ശാകുന്തളം കണ്ടു. നിറഞ്ഞ വെല്ലുവിളിയാണു മഞ്ജുവിനെ നാടകവേദിയിൽ കാത്തിരിക്കുന്നത്. നാടകത്തിലെ തത്സമയ സംഭാഷണങ്ങൾക്കൊപ്പം പാട്ടും ലൈവായിത്തന്നെ പാടണം. സംഭാഷണങ്ങൾ പോലും സംഗീതാത്മകമാണ്. ഏപ്രിലിൽ നാടകം അരങ്ങിലെത്തിക്കാനായിരുന്നു ആദ്യത്തെ പദ്ധതി. ചില ഷൂട്ടിംഗ് തിരക്കുകൾ കാരണം മഞ്ജുവിന്റെ സൗകര്യം പരിഗണിച്ച് അരങ്ങേറ്റം മേയിലേക്കു മാറ്റുകയായിരുന്നു. ഷൂട്ടിംഗ് കഴിഞ്ഞാലുടൻ തിരുവനന്തപുരത്തെ കാവാലം സംസ്‌കൃതി ഭവനിലെ കളരിയിലെത്തി മഞ്ജു പരിശീലനം ആരംഭിക്കും.