ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ ബഹിരാകാശ ശാസ്ത്രജ്ഞരായി മലയാളികൾ അടക്കമുള്ള വിദ്യാർഥികൾ; പിസാറ്റ് നാനോ ഉപഗ്രഹം ഉടൻ വിക്ഷേപിക്കും

ബംഗളുരു: ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ ബഹിരാകാശ ശാസ്ത്രജ്ഞരായി ബംഗളുരുവിലെ കോളജ് വിദ്യാർഥികൾ. ഇവർ വികസിപ്പിച്ച നാനോ ഉപഗ്രഹം ഉടൻ ഐഎസ്ആർഒ വിക്ഷേപിക്കും. ബഹിരാകാശത്തുനിന്ന് ഇന്ത്യയുടെ ചിത്രങ്ങളെടുക്കാൻ കഴിയുന്ന ഉപഗ്രഹമാണ് പിഇഎസ് സർവകലാശാലയിലെ വിദ്യാർഥികൾ വികസിപ്പിച്ചത്. പിഇഎസ് കാമ്പസിലെ കൺട്രോൾ റൂമിലിരുന്നായിരിക്കും ഉപഗ്രഹം നിയന്ത്രിക്കുക. തൃശൂർ പാമ്പാടി നെഹ്‌റു കോളജ് ഓഫ് എൻജിനീയറിംഗിലെ അടക്കം വിദ്യാർഥികളാണ് സംഘത്തിലുള്ളത്. പിസാറ്റ് എന്നാണ് ഉപഗ്രഹത്തിന് പേരിട്ടിരിക്കുന്നത്.

ഐഎസ്ആർഒ മുൻ ഡെപ്യുട്ടി ഡയറക്ടറും പിഇഎസ് സർവകലാശാലയിലെ അധ്യാപകനുമായ പ്രൊഫ. വി സാംബശിവറാവുവാണ് ഉപഗ്രഹമുണ്ടാക്കാനുള്ള ആശയം വിദ്യാർഥികൾക്കു നൽകിയത്. 2011ൽ ഐഎസ്ആർഒയിൽനിന്നു വിരമിച്ച ശേഷമാണ് റാവു പിഇഎസിൽ ചേർന്നത്. ഭാവനയ്ക്കുമപ്പുറത്തെ ലോകത്തെക്കുറിച്ചു ചിന്തിക്കണമെന്നു പറഞ്ഞാണ് വിദ്യാർഥികളെക്കൊണ്ട് ഉപഗ്രഹം വികസിപ്പിക്കാനുള്ള ദൗത്യത്തിന് റാവു തുടക്കം കുറിച്ചത്. ഐഎസ്ആർഒയുടെ നിരന്തര പിന്തുണ ലഭിച്ച പദ്ധതിക്കുള്ള മുഴുവൻ പണവും സർവകലാശാല നൽകുകയും ചെയ്തു.

കഴിഞ്ഞദിവസം കോളജിലെത്തിയ ഐഎസ്ആർഒ പ്രതിനിധികൾ വിദ്യാർഥികൾ വികസിപ്പിച്ച ഉപഗ്രഹത്തിന്റെ മോഡൽ പരിശോധിച്ചു. തുടർന്നാണ് അടുത്ത വിക്ഷേപണത്തിൽ ഉൾപ്പെടുത്താൻ അനുമതി നൽകിയത്. നാളെ നടക്കുന്ന ചടങ്ങിൽ ഉപഗ്രഹം വിദ്യാർഥികൾ ഐഎസ്ആർഒയ്ക്കു കൈമാറും. ഐഎസ്ആർഒയുടെ നിർദേശപ്രകാരമാണ് കൺട്രോൾ റൂം കോളജിൽതന്നെ സ്ഥാപിക്കുന്നത്.

ചെന്നൈ എസ്‌കെആർ എൻജിനീയറിംഗ് കോളജ്, സേലം സോണ കോളജ് ഓഫ് എൻജിനീയറിംഗ്, ചെന്നൈ വെൽടെക്ക് യൂണിവേഴ്‌സിറ്റി എന്നിവയാണ് സംഘത്തിൽ ഉൾപ്പെട്ട വിദ്യാർഥികൾ പഠിക്കുന്ന സ്ഥാപനങ്ങൾ. വി സാംബശിവ റാവുവിനെക്കൂടാതെ ഡോ. വി കെ അഗർവാൾ, പിഇഎസ് യൂണിവേഴ്‌സിറ്റിയിലെ എ ദിവ്യ റാവു എന്നിവരും വിദ്യാർഥികളോടൊപ്പം പദ്ധതിക്കു നേതൃത്വം നൽകി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News