ദില്ലി/ബംഗളുരു: എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ടിൽനിന്നു പണം പിൻവലിക്കുന്നതിന് ഏർപ്പെടുത്തിയ നിയന്ത്രണം കേന്ദ്ര സർക്കാർ താൽകാലികമായി മരവിപ്പിച്ചു. ദേശവ്യാപകമായി തൊഴിലാളികൾ നടത്തിയ പ്രതിഷേധത്തിനൊടുവിലാണ് തീരുമാനം. അമ്പത്തെട്ടു വയസാകാതെ പിഎഫിൽനിന്നു പണം പിൻവലിക്കാനാവില്ലെന്നായിരുന്നു കേന്ദ്ര സർക്കാർ വരുത്തിയ പരിഷ്‌കാരം.
ഈ വർഷം ജൂലൈ 31 വരെയാണ് പരിഷ്‌കാരം മരവിപ്പിച്ചത്. കൂടുതൽ പരിശോധനകൾക്കു ശേഷമായിരിക്കും അതിനുശേഷമുള്ള തീരുമാനം. ഫെബ്രുവരി പത്തിന് പരിഷ്‌കാരം നടപ്പാക്കാനായിരുന്നു ആദ്യ തീരുമാനം. വ്യാപമായി എതിർപ്പുയർന്നതിനെത്തുടർന്ന് തീരുമാനം പ്രാബല്യത്തിലാകുന്നത് ഏപ്രിൽ മുപ്പതിലേക്കു മാറ്റിയിരുന്നു. അതാണ് ഇപ്പോൾ ജൂലൈ 31വരെ മരവിപ്പിച്ചിരിക്കുന്നത്.
ഇന്നലെയും ഇന്നുമായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ കടുത്ത പ്രതിഷേധമാണ് തൊഴിലാളികൾ ഉയർത്തിയത്. ബംഗളുരുവിൽ തെരുവിലിറങ്ങിയ തുണിമിൽ തൊഴിലാളികൾ നഗരം സ്തംഭിപ്പിച്ചിരുന്നു.
പോലീസും സമരക്കാരും ഏറ്റുമുട്ടി. കല്ലേറിൽ അമ്പതോളം വാഹനങ്ങൾ തകർന്നു. ചില വാഹനങ്ങൾക്ക് തീയും വച്ചു. ഹുസൂർ റോഡ്, തുംകൂർ റോഡ്, ജാലഹള്ളി എന്നിവിടങ്ങളിലാണ് പ്രക്ഷോഭം നടന്നത്. പ്രതിഷേധക്കാർക്ക് നേരെ പോലീസ് ജലപീരങ്കികൾ പ്രയോഗിച്ചു.
ആയിരക്കണക്കിന് വരുന്ന തൊഴിലാളികൾ മൈസൂർ- ബംംലൂരു ഹൈവേ ഇന്നലെ ഉപരോധിച്ചിരുന്നു. ഇത് വലിയ ട്രാഫിക് തടസ്സത്തിനും ഇടയാക്കിയിരുന്നു. പുതിയ നിയമം തങ്ങളുടെ ആനുകൂല്യങ്ങളിൽ കൈവയ്ക്കുന്നതാണെന്നും 58 വയസ്സുവരെ ഒരു പൈസ പോലും കിട്ടാതാക്കുമെന്നും അവർ ആരോപിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here