ലീഗ് പ്രവര്‍ത്തകര്‍ക്ക് മറുപടിയുമായി കെ.ടി ജലീല്‍; ‘എന്നെയങ്ങ് മൂക്കിലൂടെ വലിച്ചുകളയാമെന്ന് കരുതിയെങ്കില്‍ അല്‍പന്‍മാര്‍ക്ക് തെറ്റി’

തവനൂര്‍: ‘ശത്രുസംഹാര പൂജക്ക് ശേഷം പ്രസാദം വാങ്ങുന്നു’ എന്ന അടിക്കുറിപ്പോടെ തന്റെ പേരില്‍ കോണ്‍ഗ്രസ്- ലീഗ് പ്രവര്‍ത്തകര്‍ പ്രചരിപ്പിച്ച ചിത്രത്തിന് വിശദീകരണവുമായി തവനൂരിലെ ഇടതുമുന്നണി സ്ഥാനാര്‍ത്ഥി കെ.ടി ജലീല്‍. പ്രചരിച്ച ചിത്രം ഉള്‍പ്പെടുത്തിയാണ് അദ്ദേഹം വസ്തുതകള്‍ വ്യക്തമാക്കിയത്.

‘വിഷുദിനത്തില്‍ തവനൂരിലെ പ്രസിദ്ധമായ പാപ്പിനിക്കാവ് ഭഗവതി ക്ഷേത്രത്തിലെത്തുന്ന ഭക്തജനങ്ങളോട് വോട്ട് ചോദിക്കാനാണ് ഞങ്ങളന്ന് പോയത്. ഞങ്ങളെത്തിയ വിവരമറിഞ്ഞ് എന്റെ നല്ല സുഹൃത്തും ക്ഷേത്രത്തിലെ മുഖ്യപൂജാരിയുമായ സുബ്രഹ്മണ്യന്‍ നമ്പൂതിരി സ്‌നേഹത്തോടെ ‘ഒരു ഡബിള്‍ മുണ്ട്’ (പുടവ) ശ്രീകോവിലിന് പുറത്തുവന്നു വിഷുക്കൈനീട്ടമായി സമ്മാനിച്ചു. ഞാനത് സ്‌നേഹത്തോടെ തന്നെ സ്വീകരിച്ചു. ഈ ഫോട്ടോ ”ശത്രുസംഹാര പൂജക്ക് ശേഷം പ്രസാദം വാങ്ങുന്നു” എന്ന അടിക്കുറിപ്പോടെ യുഡിഎഫ് കേന്ദ്രങ്ങളും എന്റെ ചില പഴയ സുഹൃത്തുക്കളും സോഷ്യല്‍ മീഡിയകളില്‍ പ്രചരിപ്പിക്കുന്നത് എന്റെ ശ്രദ്ധയിലുംപ്പെട്ടു.

പൂജാരി ഒരു ആഘോഷദിനത്തില്‍ എനിക്ക് നല്‍കിയ പുടവ ഞാന്‍ നിഷേധിച്ചു പോരണമെന്നാണ് ഇത്തരക്കാരുടെ വാദഗതി. ഇസ്ലാമിനെ കുറിച്ചും മുസ്ലിം സമുദായത്തെ കുറിച്ചും ഒന്നും അറിയാത്തവരാണ് ഇത്യാദി പ്രചരണം നടത്തുന്നത്. ഇവരെപോലുള്ളവരാണ് ലോകത്തിന്റെ പലദിക്കിലും ഇസ്ലാമിന്റെ മാനവിക മുഖം വികൃതമാക്കി അതിനെ ഭീകരതയുടെ മതമാക്കി അവതരിപ്പിക്കുന്നത്. അക്ഷരങ്ങളെ സ്‌നേഹിച്ച മലാല യൂസഫെന്ന പെണ്‍കുട്ടിയുടെ നേര്‍ക്ക് വെടിയുതിര്‍ത്തവരുടെ ഇന്ത്യന്‍ പതിപ്പുകളായേ ഇത്തരം കള്ളപ്രചാരണം നടത്തുന്നവരെ കാണാന്‍ കഴിയൂ. മത സൗഹാര്‍ദ്ദത്തിന് പേരുകേട്ട ദേശമാണ് കേരളം.

മങ്ങാട്ടച്ചനും കുഞ്ഞായിമുസ്ലിയാരും സ്‌നേഹിച്ചും സ്‌നേഹത്തോടെ കലഹിച്ചും ജീവിച്ച മണ്ണില്‍ ഈ നുണബോംബുകള്‍ വിലപ്പോവില്ല. നിഷ്‌ക്കളങ്കരും നിസ്വാര്‍ത്ഥരുമായ മുസ്ലിം സമൂഹം ഇത്യാദി പ്രചാരവേലകളെ അവജ്ഞയോടെ തള്ളികളയും. മുസ്ലിം സംഘടനകളുടെ വാട്ട്‌സ്അപ്പ് ഗ്രൂപ്പുകളില്‍ തെറ്റായ അടിക്കുറിപ്പോടെയുള്ള ഫോട്ടോക്ക് വേണ്ടുവോളം പ്രചാരംനല്‍കി എന്നെയങ്ങ് മൂക്കിലൂടെ വലിച്ചുകളയാമെന്നാണ് ഈ അല്‍പന്മാരുടെ ധാരണയെങ്കില്‍ അവര്‍ക്കുതെറ്റി. സൂഫികളും പഴയകാല പണ്ഡിതന്‍മാരും വഴിനടത്തിയ കേരളത്തിലെ മുസ്ലിം സമൂഹം ഹൈന്ദവവിരുദ്ധരോ ക്ഷേത്രവിരുദ്ധരോ അല്ലെന്ന്! തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ ഇവര്‍ക്കൊക്കെ ബോധ്യമാകും.

കുരക്കുന്നവര്‍ എത്ര കുരച്ചാലും ശരിയുടെ തീര്‍ഥാടകസംഘം അതിന്റെ ലക്ഷ്യത്തിലെത്തുകതന്നെ ചെയ്യും. ഇതിനു കാലം സാക്ഷിയാണ്…’ കെ.ടി ജലീല്‍ പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News