നരേന്ദ്രമോദിക്ക് പഠിച്ച് കെഎം ഷാജി; അഴീക്കോട് തുറമുഖ വികസനം പറഞ്ഞത് കാട്ടിയത് വിദേശ തുറമുഖങ്ങളുടെ ദൃശ്യങ്ങള്‍; അഴീക്കോട് തുറമുഖത്തിന്റെ ദയനീയ ചിത്രം കാട്ടി നികേഷ് കുമാര്‍

കണ്ണൂര്‍: അഴീക്കോട് തുറമുഖ വികസനത്തിന്റെ പേരില്‍ വിദേശ തുറമുഖങ്ങളുടെ ദൃശ്യങ്ങളുമായി യുഡിഎഫ് സ്ഥാനാര്‍ത്ഥി കെഎം ഷാജി. സോഷ്യല്‍ മീഡിയ വഴിയും മറ്റും ഏറെ വിമര്‍ശിക്കപ്പെട്ട മോദി മോഡല്‍ ഫോട്ടോഷോപ്പ് വിപ്ലവമാണ് കെഎം ഷാജി നടത്തിയത്. തുടങ്ങിയടുത്ത് പോലും എത്താത്ത തുറമുഖത്തിന്റെ പേരില്‍ സിംഗപ്പൂര്‍, ദുബായ് തുറമുഖങ്ങളുടെയും നഗരത്തിന്റെയും മാത്രം ദൃശ്യങ്ങള്‍ കാട്ടിയും അഴീക്കോടിനെ കാണിക്കാതെയുമാണ് സോഷ്യല്‍ മീഡിയയില്‍ കെഎം ഷാജിയുടെ പ്രചരണം. എന്നാല്‍ തുടങ്ങിയടുത്ത് തന്നെ നില്‍ക്കുന്ന അഴീക്കോട് തുറമുഖത്തിന്റെ യഥാര്‍ത്ഥ ദൃശ്യങ്ങള്‍ വോട്ടര്‍മാര്‍ക്ക് മുന്നില്‍ എത്തിച്ചാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എംവി നികേഷ് കുമാര്‍ ഇതിന് മറുപടി നല്‍കിയത്.

എന്റെ അഴീക്കോട്, എന്റെ അഭിമാനം എന്ന പേരിലാണ് സയ്യിദ് മുനവ്വറലി ഷിഹാബ് തങ്ങള്‍ കെഎം ഷാജിയുടെ പ്രചരണ വീഡിയോ ഫേസ്ബുക്കിലൂടെ പുറത്തുവിട്ടത്. അഴീക്കോട് തുറമുഖ വികസനമാണ് വീഡിയോയുടെ പ്രമേയം. വലിയ വികസന സാധ്യതയുള്ള അഴീക്കോട്ടെ പ്രകൃതിദത്ത തുറമുഖത്തിന്റെ വികസനത്തിന് 150 കോടി രൂപ ചെലവഴിച്ചു എന്നാണ് കെഎം ഷാജിയുടെ അവകാശവാദം. പ്രവൃത്തി വാക്കുകളേക്കാള്‍ ഉച്ചത്തില്‍ സംസാരിക്കുന്നുവെന്ന് വീഡിയോയില്‍ പറയുന്നു. ഒപ്പം ഭാവിയെ ലക്ഷ്യം വെക്കുന്ന മാതൃകയാണ് അഴിക്കോട്ടെ തുറമുഖ വികസനമെന്നും പറയുന്നു. അഴീക്കോട്ടെ വികസന പ്രവര്‍ത്തനങ്ങളില്‍ എടുത്ത് പറയാന്‍ കഴിയുന്ന ഒന്നാണ് അഴീക്കോട്ടെ തുറമുഖ നവീകരണമെന്ന് സ്ഥലം എംഎല്‍എ കൂടിയായ കെഎം ഷാജി വീഡിയോയില്‍ പറയുന്നു. കെഎം ഷാജി പുറത്തുവിട്ട വീഡിയോയില്‍ ദുബായ്, സിംഗപ്പൂര്‍ തുറമുഖങ്ങളും അനുബന്ധ നഗരങ്ങളുടെ ദൃശ്യങ്ങളും ആണ് ഉള്‍ക്കൊള്ളിച്ചത്. അഴീക്കോട്ടെ തുറമുഖത്തിന്റെ ഒരൊറ്റ ദൃശ്യം പോലും വീഡിയോയയില്‍ ഇല്ല എന്നതും ശ്രദ്ധേയം. അഴീക്കോട് തുറമുഖത്ത് വലിയ വികസനം സാധ്യമാക്കി എന്നാണ് കെഎം ഷാജി വീഡിയോയിലൂടെ അവകാശപ്പെടുന്നത്.

എന്നാല്‍ സിറ്റിംഗ് എംഎല്‍എ കൂടിയായ കെഎം ഷാജിയുടെ അവകാശവാദങ്ങളുടെ പൊള്ളത്തരം തുറന്നുകാട്ടിയാണ് മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എംവി നികേഷ് കുമാറിന്റെ പ്രചരണം. കെഎംഷാജി പറഞ്ഞ വികസനത്തിന്റെ ദയനീയ ചിത്രം നികേഷ് ദൃശ്യങ്ങളിലൂടെ പൊളിച്ചടുക്കുന്നു. അഴീക്കോട് തുറമുഖത്ത് നിന്നാണ് നികേഷ് അവിടുത്തെ വികസനത്തിന്റെ പൊള്ളത്തരങ്ങള്‍ വ്യക്തമാക്കുന്നത്. ദൃശ്യങ്ങള്‍ സംസാരിക്കട്ടെ എന്ന തലവാചകത്തോടെയാണ് എംവി നികേഷ് കുമാര്‍ വീഡിയോ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ജിലോയ്ഡ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന്റെ ഡീറ്റൈല്‍ഡിന്റെ പ്രൊജക്ട് റിപ്പോര്‍ട്ട് അനുസരിച്ച് 4.18 ദശലക്ഷം മെട്രിക് ടണ്‍ ചരക്ക് നീക്കമാണ് ഈ വര്‍ഷം തുറമുഖത്ത് നടക്കേണ്ടിയിരുന്നത്. എന്നാല്‍ ഒരു ടണ്‍ ചരക്ക് നീക്കം പോലും തുറമുഖത്ത് നടത്താനായോ എന്ന ചോദ്യം ബാക്കിനില്‍ക്കുകയാണ് എന്ന് എംവി നികേഷ് കുമാര്‍ പറയുന്നുന്നു. കസ്റ്റംസ് പരിശോധനാ സംവിധാനം, പ്രത്യേക കവാടം, ചരക്ക് സൂക്ഷിക്കാനുള്ള പ്രത്യേക ഗോഡൗണ്‍ എന്നിവ ഇല്ലായെന്നും എംവി നികേഷ് കുമാര്‍ ദൃശ്യങ്ങള്‍ സഹിതം വ്യക്തമാക്കുന്നു.

തുരുമ്പെടുക്കുന്ന നിലവിലെ യന്ത്രങ്ങളും അഴീക്കോട് കാണാനാകും. മംഗലാപുരത്തിനും കൊച്ചിക്കുമിടയിലെ പ്രധാന തുറമുഖമാവേണ്ട അഴീക്കോട് സ്വപ്‌നം മാത്രമാണ് എന്നും നികേഷ് പറയുന്നു. കപ്പലും കടലും കാണാത്തവര്‍ക്ക് ഇത് മനസിലായേ ഇല്ല എന്നും രാഷ്ട്രീയ എതിരാളികള്‍ക്ക് നേരെ നികേഷ് പരിഹാസം ഉന്നയിക്കുന്നു. സാധ്യതകള്‍ക്ക് ചിറക് മുളപ്പിക്കുന്ന, ലോകത്തിലേക്കുള്ള ജാലകമായ മലബാറിന്റെ വ്യാപാര കേന്ദ്രമായി മലബാറിനെ മാറ്റുമെന്നും നികേഷ് മണ്ഡലത്തിലെ വോട്ടര്‍മാര്‍ക്ക് ഉറപ്പ് നല്‍കുന്നു. വാചക കസര്‍ത്തുകളല്ല, പ്രവര്‍ത്തിയാണ് ആവശ്യമെന്നും നികേഷ് വീഡിയോയിലൂടെ ഓര്‍മ്മിപ്പിക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here