ചെന്നിത്തലയുടെ മുൻ പിഎ സരിത നായരുമായി സംസാരിച്ചത് 142 തവണ; സംസാരിച്ചത് രണ്ടു നമ്പരുകളിൽനിന്ന്

കൊച്ചി: സരിത എസ് നായരുമായി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ മുൻ പി.എ ടി.ജി. പ്രദോഷ് 142 പ്രാവശ്യം ഫോണിൽ ബന്ധപ്പെട്ടിട്ടുണ്ടെന്ന് സോളാർ കമ്മിഷൻ. ഒരു നമ്പറിൽനിന്ന് 127 തവണയും മറ്റൊരു നമ്പറിൽനിന്ന് 15 തവണയും ഇരുവരും ഫോണിൽ സംസാരിച്ചിട്ടുണ്ടെന്നും ഇന്നലെ പ്രദോഷിന്റെ മൊഴി എടുക്കുന്നതിനിടെയാണ് കമ്മിഷൻ വെളിപ്പെടുത്തി.

2012 ഡിസംബർ ഇരുപതിനും 2013 മേയ് 31നുമിടയിലാണ് ഇരുവരും ഫോണിൽ സംസാരിച്ചത്. ലക്ഷ്മി നായരെന്നു പരിചയപ്പെടുത്തിയ സരിത തട്ടിപ്പുകാരിയാണെന്ന് അറിയില്ലായിരുന്നു. 2012-ൽ കേന്ദ്രമന്ത്രി പളനി മാണിക്യത്തെ ചെന്നിത്തലയുടെ പേരിൽ സരിത വിളിച്ചിരുന്നതായി പ്രദോഷ് പറഞ്ഞു. പളനി മാണിക്യം ഇക്കാര്യം ചെന്നിത്തലയോട് പറഞ്ഞു നമ്പർ കൈമാറി. കൊല്ലത്തുള്ള കണ്ണന്താനം കൺസ്ട്രക്ഷൻ കമ്പനിയുടെ പി.ആർ.ഒ. ആണെന്നാണ് സരിത പരിചയപ്പെടുത്തിയതെന്നും പ്രദോഷ് പറഞ്ഞു. കെ.പി.സി.സി. പ്രസിഡന്റിന്റെ പേരിലല്ല കണ്ണന്താനം കൺസ്ട്രക്ഷൻ കമ്പനിയുടെ സി.ഇ.ഒ. രമേശിനുവേണ്ടിയാണ് കേന്ദ്രമന്ത്രിയെ ബന്ധപ്പെട്ടതെന്നായിരുന്നു സരിതയുടെ വിശദീകരണം.

പിന്നീട് പല തവണ രമേശ് ചെന്നിത്തലയെ കാണാൻ അവസരമുണ്ടാക്കണമെന്നാവശ്യപ്പെട്ട് സരിത വിളിച്ചിട്ടുണ്ട്. ഇക്കാര്യം കേരളാ ഹൗസിൽ വച്ച് സംസ്ഥാനത്തെ ഉന്നത പോലീസ് ഉദ്യോഗസ്ഥനോട് പറഞ്ഞിരുന്നു. എന്നാൽ, പരിചയമില്ലാത്തവരെ ചെന്നിത്തലയുമായി ബന്ധപ്പെടുത്തരുതെന്ന നിർദേശമാണ് ലഭിച്ചതെന്ന് പ്രദോഷ് പറഞ്ഞു. ഈ പോലീസ് ഉദ്യോഗസ്ഥന്റെ പേര് വെളിപ്പെടുത്താൻ പ്രദോഷ് തയാറായില്ല. സരിതയുമായി ഫോണിൽ ബന്ധപ്പെടുന്ന കാര്യം രമേശ് ചെന്നിത്തലയെ അറിയിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here