വീസയും പാസ്‌പോർട്ടും ഇല്ലാതെ എലി സിംഗപ്പൂരിലിറങ്ങിപ്പോയി? നാലു ദിവസം കഴിഞ്ഞിട്ടും എയർ ഇന്ത്യയെ വട്ടം കറക്കിയ ‘ആ യാത്രക്കാരനെ’ കണ്ടെത്താനായില്ല

ദില്ലി: എയർ ഇന്ത്യ വിമാനത്തിൽ കടന്നുകൂടിയ എലി സിംഗപ്പൂരിൽ ഇറങ്ങിപ്പോയെന്നു സംശയം. മെൽബണിൽനിന്ന് ദില്ലിയിലേക്കു വരുന്നതിനിടെ എലിയെക്കണ്ടതിനെത്തുടർന്നു സിംഗപ്പൂരിൽ ഇറക്കി പരിശോധിച്ച വിമാനത്തിൽനിന്ന് നാലു ദിവസം കഴിഞ്ഞിട്ടും എലിയെ കണ്ടെത്താനായില്ല. സിംഗപ്പൂരിൽവച്ച് എലി വിമാനത്തിൽനിന്ന് ഇറങ്ങിപ്പോയിട്ടുണ്ടാകാമെന്നാണു സംശയം.

ശനിയാഴ്ച യാത്രയ്ക്കിടെ എലിയെ കണ്ടപ്പോഴാണ് മെൽബണിൽനിന്നു വരികയായിരുന്ന വിമാനം അടിയന്തരമായി സിംഗപ്പൂരിൽ ഇറക്കിയത്. ചങ്കി വിമാനത്താവളത്തിലെ പ്രത്യേക ബേയിൽ നിർത്തിയിട്ട വിമാനം യാത്രക്കാരെ മുഴുവൻ പുറത്തിറക്കി പരിശോധന നടത്തിയിരുന്നു. എലിയെ കണ്ടെത്താനായില്ലെങ്കിലും നാല് എലിപ്പെട്ടികൾ വച്ചാണ് വിമാനം യാത്ര തുടർന്നത്. ഓരോ നാലു മണിക്കൂറിലും കഴിഞ്ഞ നാലു ദിവസമായി എലിപ്പെട്ടി പരിശോധിക്കുന്നുണ്ടെങ്കിലും എലി കുടുങ്ങിയതായി കണ്ടെത്തിയില്ല.

സിംഗപ്പുരിൽ വിമാനം നിർത്തിയിട്ട സമയത്തും എലി ഓടി നടക്കുന്നതായി കണ്ടിരുന്നു. തുടർന്നാണ് എലിപ്പെട്ടി വച്ചത്. ദില്ലിയിൽ എത്തിച്ച വിമാനത്തിൽ പുകപ്രയോഗം നടത്തുകയും ചെയ്തിരുന്നു. പിന്നീട് ഈ വിമാനം ദുബായിലേക്കാണു പറന്നത്. എലിയുടെ സാന്നിധ്യം വിമാനത്തിലുണ്ടെന്ന സംശയത്തിൽ ഏറെ മണിക്കൂറുകൾ നീണ്ട യാത്രയ്ക്കുവിമാനം അയക്കേണ്ടെന്നാണ് എയർ ഇന്ത്യയുടെ തീരുമാനം.

ദുബായിൽനിന്നു മുംബൈയിലെത്തിയ വിമാനത്തിൽ വീണ്ടും പുക പ്രയോഗം നടത്തിയെങ്കിലും എലിയെ കണ്ടെത്താനായില്ല. ഇതിന്റെ അടിസ്ഥാനത്തിൽ ഇന്നു മുതൽ ദീർഘദൂര ലക്ഷ്യസ്ഥാനങ്ങളിലേക്കു വിമാനം അയയ്ക്കാനാണ് എയർ ഇന്ത്യയുടെ പദ്ധതി. വിമാനത്തിൽ എലിയുള്ളതു കടുത്ത സുരക്ഷാ പ്രശ്‌നമാണ് ഉയർത്തുന്നത്. വിമാനത്തിലെ വയറുകൾ കരണ്ടാൽ അതു വലിയ ദുരന്തത്തിലേക്കു വഴിവയ്ക്കും. ഇക്കാരണത്താലാണ് എലിയെക്കണ്ടാൽ ഏറ്റവും അടുത്ത വിമാനത്താവളത്തിൽതന്നെ വിമാനം ഇറക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News