തിരുവനന്തപുരം: രാജ്യത്തെ ബാങ്കുകളെ പറ്റിച്ചു നാടുവിട്ട മദ്യരാജാവ് വിജയ്മല്യക്ക് കുടപിടിച്ചവരിൽ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയും. പാലക്കാട് പുതുശേരിയിൽ തുച്ഛമായ വിലയ്ക്കാണ് വിജയ് മല്യക്കു ഡിസ്റ്റിലറി തുടങ്ങാൻ സർക്കാർ ഭൂമി അനുവദിച്ചതെന്നു വ്യക്തമാകുന്നു. സെന്റിന് നാലു ലക്ഷം രൂപ വിലയുള്ള സ്ഥലമാണ് മല്യക്ക് എഴുപതിനായിരം രൂപയ്ക്കു നൽകിയത്. പീപ്പിൾ ടിവിയാണ് ഈ വാർത്ത പുറത്തുവിട്ടത്.
നരേന്ദ്രമോദിയും കേന്ദ്ര സർക്കാരും വിജയ് മല്യക്കു നൽകിയ സൗജന്യങ്ങൾ ചർച്ചയാകുമ്പോഴാണ് കേരളത്തിൽ മദ്യരാജാവിന് ചട്ടങ്ങൾ ലംഘിച്ചു ഭൂമി നൽകിയ വാർത്ത പുറത്തുവരുന്നത്. ഇതുവഴി സംസ്ഥാന ഖജനാവിന് 65 കോടിയുടെ നഷ്ടമുണ്ടായതായാണ് വിലയിരുത്തുന്നത്. പുതുശേരി വെസ്റ്റ് വില്ലേജിൽ റീസർവേ 37 പ്രകാരമുള്ള ഇരുപത് ഏക്കറാണ് പതിച്ചു നൽകിയതെന്നു വിവരാവകാശ രേഖയിലാണു വ്യക്തമാകുന്നത്.
സംസ്ഥാന സർക്കാർ മദ്യനിരോധനം നയമാണെന്നു വ്യക്തമാക്കുമ്പോൾ മദ്യക്കമ്പനികളെ കേരളത്തിലേക്കു വിളിച്ചുകൊണ്ടുവരുന്നതിലെ പൊള്ളത്തരം കൂടിയാണു വ്യക്തമാകുന്നത്. ലക്ഷക്കണക്കിനു ഭൂരഹിതരുള്ള കേരളത്തിൽ അവർക്കു നൽകാൻ ഭൂമിയില്ലെന്നു പറയുന്ന സർക്കാരാണ് മദ്യക്കമ്പനിക്കു ഭൂമി നൽകിയത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here