സെലിബ്രിറ്റി ക്രിക്കറ്റ് മത്സരത്തില്‍ ആദ്യ പന്തില്‍ തന്നെ പുറത്തായ സംഭവത്തില്‍ തന്നെ പരിഹസിച്ചവര്‍ക്ക് മറുപടിയുമായി തമിഴ് സൂപ്പര്‍ താരം സൂര്യ.
‘ഒരു കായികതാരത്തിന് നല്ലൊരു നടനാകാന്‍ സാധിക്കില്ല, അതുപോലെ ഒരു നടനും മികച്ചൊരു കളിക്കാരനാകാന്‍ കഴിയില്ല. ഡക്കിന് പുറത്താകും, ക്യാച്ചുകള്‍ വിട്ടുകളയും, വൈഡ്, നോ ബോള്‍, സിക്‌സ്, ഫോര്‍ ഇതൊക്കെ മാച്ചില്‍ കാണാനാകും. എന്നാല്‍ ഇതിനെല്ലാം പുറമെ നമുക്ക് വേണ്ടത് സ്‌പോര്‍ട്‌സ്മാന്‍ സ്പിരിറ്റ്, കഠിനാദ്ധ്വാനം, ഒത്തൊരുമ എന്നിവയാണ് ‘ – സൂര്യ പറയുന്നു.
തമിഴ്‌നാട്ടിലെ താര സംഘടനയായ നടികര്‍ സംഘത്തിന്റെ ഓഫീസ് കെട്ടിടം പണിയുന്നതിന് പണം കണ്ടെത്താനായാണ് ക്രിക്കറ്റ് മാച്ച് സംഘടിപ്പിച്ചത്. സൂര്യ നായകനായ ചെന്നൈ സിങ്കംസും തഞ്ചായി വാരിയേഴ്‌സും തമ്മിലായിരുന്നു ഫൈനല്‍ പോരാട്ടം. കളി ജയിക്കാന്‍ 14 റണ്‍സ് മാത്രം ആവശ്യമുള്ള സമയത്താണ് സൂര്യ ക്രീസില്‍ എത്തിയത്. ചിയര്‍ ഗേള്‍സിന്റെ നൃത്ത ചുവടുകളും ആരാധകരുടെ ആര്‍പ്പു വിളികളും സ്റ്റേഡിയത്തില്‍ നിറഞ്ഞ് നിന്നു. സൂര്യയ്‌ക്കെതിരെ പന്തെറിയാന്‍ എത്തിയത് വിക്രം പ്രഭു. ആദ്യ പന്തില്‍ തന്നെ സൂര്യയുടെ വിക്കറ്റ് തെറിച്ചു. സൂര്യ ആദ്യ പന്തില്‍ പുറത്തായെങ്കിലും ചെന്നൈ സിങ്കംസ് കപ്പ് സ്വന്തമാക്കി.
എന്നാല്‍ സോഷ്യല്‍മീഡിയ ട്രോളുകള്‍ അപ്പോഴേക്കും പുറത്തിറങ്ങിക്കഴിഞ്ഞിരുന്നു. ഫേസ്ബുക്കിലും മറ്റും താരത്തിനെതിരെ പരിഹാസരൂപത്തില്‍ വീഡിയോയും വന്നിരുന്നു. തുടര്‍ന്നാണ് പ്രതികരണവുമായി താരം തന്നെ രംഗത്തെത്തിയത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here