ഭര്‍ത്താവ് ഉപേക്ഷിക്കുമോയെന്ന് ഭയം; കായംകുളത്ത് യുവതി പെട്രോള്‍ ഒഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചതിന് പിന്നിലെ കാരണങ്ങള്‍; പൊള്ളലേറ്റ് മാലിന്യത്തില്‍ മുങ്ങിക്കിടന്ന സൗമിനിയെ രക്ഷിക്കാന്‍ ഓടിക്കൂടിയവര്‍ തയാറായില്ല

കായംകുളം: ഭര്‍ത്താവ് ഉപേക്ഷിക്കുമോ എന്ന ഭയം കൊണ്ടാണ് താന്‍ പെട്രോള്‍ ഒഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചതെന്ന് കായംകുളം സ്വദേശിനി സൗമിനി. ഭര്‍ത്താവ് തന്നെ ഉപേക്ഷിച്ച് പോകുമോ എന്ന സംശയത്തില്‍ അദ്ദേഹത്തെ ഭയപ്പെടുത്താന്‍ വേണ്ടി ചെയ്തതെന്നാണ് പൊലീസിനു ഇവര്‍ നല്‍കിയ മൊഴി. എരുവ കിഴക്ക് പനയഞ്ചേരില്‍ പ്രകാശിന്റെ രണ്ടാം ഭാര്യയാണ് ഒറ്റപ്പാലം സ്വദേശിയായ സൗമിനി. അമ്പലപ്പുഴ മജിസ്‌ട്രേറ്റ് മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തി സൗമിനിയുടെ മൊഴിയെടുത്തു.

ഇന്നലെ രാവിലെ പത്തിനാണ് നഗരമധ്യത്തില്‍ വസ്ത്രവ്യാപാരശാലയിലെ ജീവനക്കാരിയായ സൗമിനി ദേഹത്ത് പെട്രോള്‍ ഒഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. മെയിന്റോഡില്‍ പാര്‍ക്ക് ജംഗ്ഷന് സമീപമായിരുന്നു സംഭവം. കുപ്പിയില്‍ പെട്രോള്‍ വാങ്ങി ഒരു വീട്ടിലേക്കുള്ള വഴിയിലേക്കു കയറിനിന്ന് പെട്രോള്‍ ദേഹത്തൊഴിച്ചു കത്തിക്കുകയായിരുന്നു.

തീ ആളിക്കത്തിയതോടെ സൗമിനി നിലവിളിച്ചു. ഇതുകണ്ട സമീപത്തെ സ്ത്രീകള്‍ ബഹളം വച്ചതോടെ സമീപത്തെ വ്യാപാര സ്ഥാപനങ്ങളിലുള്ളവര്‍ ഓടിയെത്തി. അപ്പോഴേക്കും സൗമിനി സമീപത്തെ മാലിന്യം നിറഞ്ഞ തോട്ടിലേക്ക് ചാടി. ഇതോടെ വസ്ത്രത്തില്‍ പടര്‍ന്ന തീ അണഞ്ഞെങ്കിലും ദേഹമാസകലം പൊള്ളലേറ്റ് മാലിന്യത്തില്‍ മുങ്ങിക്കിടന്ന സൗമിനിയെ രക്ഷിക്കാന്‍ ഓടിക്കൂടിയവര്‍ തയാറായില്ല. ഇതിനിടയില്‍ ചിലര്‍ 108 ആംബുലന്‍സ് വിളിച്ചെങ്കിലും കായംകുളത്ത് തല്‍ക്കാലം സേവനം ഇല്ലെന്നാണ് അറിയിച്ചത്. തുടര്‍ന്ന് അഗ്‌നിരക്ഷാസേനയുടെ സഹായം തേടി. ഇതിനിടെ പൊലീസിന്റെ നിര്‍ദേശപ്രകാരം ഒരാള്‍ ഇറങ്ങി സൗമിനിയെ തോടിന്റെ കരയിലേക്കു കയറ്റിയിരുന്നു.

പൊള്ളല്‍ ഗുരുതരമായതിനാല്‍ സൗമിനിയെ താലൂക്ക് ആശുപത്രിയില്‍ നിന്ന് ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here