ജയിലിൽ നിനോമാത്യുവിന് കംപ്യൂട്ടർ വിദഗ്ധന്റെ റോൾ; അനുശാന്തിക്ക് ജോലിയായിട്ടില്ല; നിനച്ചിരിക്കാതെ കിട്ടിയ എൻജിനീയറെക്കൊണ്ട് കംപ്യൂട്ടർ വത്കരണം പൂർത്തിയാക്കാൻ പദ്ധതി

തിരുവനന്തപുരം: ആറ്റിങ്ങൽ ഇരട്ടക്കൊലക്കേസിൽ വധശിക്ഷയ്ക്കു ശിക്ഷിക്കപ്പെട്ടു ജയിലിലെത്തിയ നിനോമാത്യുവിന് കംപ്യൂട്ടർ വിദഗ്ധന്റെ റോൾ. നിനച്ചിരിക്കാതെ കിട്ടിയ എൻജിനീയറെക്കൊണ്ടു പൂജപ്പുര ജയിലിലെ കംപ്യൂട്ടർവത്കരണം പൂർത്തിയാക്കാനാണ് അധികൃതരുടെ നീക്കം. കേരളത്തിലെ അറിയപ്പെടുന്ന ഐടി വിദഗ്ധനാണ് നിനോ.

ജയിൽകാന്റീനിലെ കംപ്യൂട്ടർവത്കരണത്തിന്റെ ചുമതലയാണ് നിനോയ്ക്കു നൽകിയിരിക്കുന്നത്. നാലുമാസത്തിനുള്ളിൽ പ്രവൃത്തി പൂർത്തിയാകുമെന്നാണു പ്രതീക്ഷ. പുറത്തുനിന്നു കംപ്യൂട്ടർ വിദഗ്ധനെക്കൊണ്ടുവന്നു ജോലികൾ പൂർത്തിയാക്കുകയാണെങ്കിൽ ലക്ഷക്കണക്കിനു രൂപയായിരിക്കും വേണ്ടിവരിക. അതാണു കുറ്റവാളിയായി ജയിലിലെത്തിയ നിനോയെക്കൊണ്ടു ചെയ്യിക്കാനാവുക.

ജയിൽ കാന്റീനിലെ കംപ്യൂട്ടർവത്കരണത്തിനുശേഷം മറ്റു വിഭാഗങ്ങളും കംപ്യൂട്ടർവത്കരിക്കാനാണ് പദ്ധതി. പൂജപ്പുരയിലെ ഒന്നാം നമ്പർ ബ്ലോക്കിൽ സാധാരണ തടവുകാരനായാണ് നിനോയെ പാർപ്പിച്ചിരിക്കുന്നത്. 975-ാം നമ്പർ തടവുപുള്ളിയായ നിനോയുടെ പെരുമാറ്റം സാധാരണക്കാരനെപ്പോലെതന്നെ. പുതിയ ജയിൽചട്ടപ്രകാരം വധശിക്ഷ നടപ്പാക്കാൻ കോടതി ബ്ലാക്ക് വാറന്റ് പുറപ്പെടുവിക്കുന്നതുവരെ പ്രതിയെ സാധാരണ തടവുകാരനായി കാണണമെന്നാണ് നിർദേശം. ഇതിന്റെ അടിസ്ഥാനത്തിലാണ് നിനോയെ സാധാരണ തടവുകാരനായി പാർപ്പിച്ചിരിക്കുന്നത്.

നിലവിലെ സാഹചര്യത്തിൽ നിനോയ്ക്ക് സമീപിക്കാൻ മേൽക്കോടതികളും രാഷ്ട്രപതിയുമുണ്ട്. വർഷങ്ങൾ നീളുന്ന നിയമനടപടികളായിരിക്കും ഇത്. ഈ സാഹചര്യത്തിൽ നിനോയെ ജയിലിൽ കിട്ടുന്ന കാലത്തിനുള്ളിൽ പൂജപ്പുരയിലെ സകല കംപ്യൂട്ടർവൽകരണ ജോലികളും നടത്താനാകുമെന്നും ജയിൽ അധികാരികൾ കരുതുന്നു. ഇത്തരത്തിൽ വിദഗ്ധരൊന്നും കേരളത്തിൽ അങ്ങനെ കുറ്റവാളികളായി എത്താറില്ല. വിദ്യാസമ്പന്നർ വളരെ മാന്യമായി പെരുമാറുന്നവരും ഉത്തരവാദിത്തമുള്ളവരുമായിരിക്കുമെന്നാണ് ജയിൽ അധികൃതർ പറയുന്നത്. അതുകൊണ്ടാണ് ഉത്തരവാദിത്തമുള്ള ജോലികൾ ഇവരെ ഏൽപിക്കുന്നത്.

അനുശാന്തിയും കംപ്യൂട്ടർ വിദഗ്ധയാണ്. അതേസമയം, നിനോയുടെ അത്ര വൈദഗ്ധ്യമില്ല. അനുശാന്തിക്ക് എന്തു ജോലി നൽകണമെന്ന കാര്യത്തിൽ ഇതുവരെ തീരുമാനമെടുത്തിട്ടില്ല. ഇരട്ട ജീവപര്യന്തമാണ് അനുശാന്തിക്കു വിധിച്ചിരിക്കുന്നത്. ജയിൽ ഡിജിപിയായിരിക്കും അനുശാന്തിക്ക് എന്തു ജോലി കൊടുക്കണമെന്ന കാര്യത്തിൽ അന്തിമതീരുമാനമെടുക്കുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here