താനൂരിലെ എൽഡിഎഫ് സ്ഥാനാർഥിക്കു നേരെയുണ്ടായ അക്രമത്തിനു പിന്നിൽ മുതിർന്ന ലീഗ് നേതാക്കൾ; 100 ലേറെ പേർക്കെതിരേ കേസ്; ഇടതുപ്രവർത്തകരെ അവഹേളിച്ചു ലീഗ്

താനൂർ: ഇടതു സ്ഥാനാർഥി വി അബ്ദുറഹിമാനെ അക്രമിച്ചതിനു പിന്നിൽ മുതിർന്ന മുസ്ലിം ലീഗ് നേതാക്കൾക്കും പങ്കെന്നു സൂചന. താനൂരിൽ ഇടതു പ്രചാരണം ജനങ്ങളെ ആകർഷിക്കുകയും സീറ്റ് നഷ്ടപ്പെടുമെന്ന പേടിയുമാണ് അബ്ദുറഹിമാനെ ആക്രമിക്കാൻ പദ്ധതിയിടാൻ നേതാക്കളെ പ്രേരിപ്പിച്ചതെന്നാണു വിവരം. സംഭവത്തിൽ നൂറു ലീഗ് പ്രവർത്തകർക്കെതിരേ കേസെടുത്തു.

ഇന്നലെയാണ് പ്രചാരണപരിപാടിക്കിടെ താനൂരിൽവച്ച് എൽഡിഎഫ് സ്ഥാനാർഥി വി അബ്ദുറഹിമാന് പരുക്കേറ്റത്. ഒപ്പമുണ്ടായിരുന്ന എട്ടുപേർക്കും പരുക്കേറ്റു. ഇവരെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലും കോട്ടയ്ക്കൽ ആൽമാസം, തിരൂരങ്ങാടി താലൂക്ക് ആശുപത്രിയികളിലും പ്രവേശിപ്പിച്ചിരിക്കുകയാണ്. പണ്ടാരം കടപ്പുറത്തു മുഖാമുഖ തെരുവു നാടകത്തിൽ പങ്കെടുത്തു തിരിച്ചുവരികയായിരുന്ന അബ്ദുറഹിമാനെയും സംഘത്തെയും ലീഗ് പ്രവർത്തകർ കാത്തുനിന്നു തടയുകയും ആക്രമിക്കുകയുമായിരുന്നു. എൽഡിഎഫ് പ്രവർത്തകർക്കു മാത്രമാണ് പരുക്കേറ്റതെന്നതും ആക്രമണം ആസൂത്രിതമാണെന്നു വ്യക്തമാക്കുന്നതാണ്.

നേരത്തേ ഉമ്മൻചാണ്ടി പങ്കെടുത്ത പരിപാടിയുടെ പ്രചാരണ വാഹനമുപയോഗിച്ചു എൽഡിഎഫുകാരെ പ്രകോപിപ്പിക്കാനും ശ്രമം നടന്നിരുന്നു. അപ്പോൾ എൽഡിഎഫ് പ്രവർത്തകർ സംയമനം പാലിക്കുകയായിരുന്നു. തുടർന്നാണ് കാത്തുനിന്ന് ആക്രമണം നടത്തിയത്. കല്ലും സോഡാക്കുപ്പിയും ആയുധങ്ങളും കരുതിയാണ് ലീഗ് പ്രവർത്തകർ എത്തിയതെന്നതും ആസൂത്രണത്തിന്റെ സാധ്യത വർധിപ്പിക്കുന്നു. സ്ഥലത്തെത്തിയ പൊലീസിനെ ഗൗനിക്കാതെ എൽഡിഎഫ് പ്രവർത്തകർക്കു നേരെ അക്രമം നടത്തിയതും സംശയാസ്പദമാണ്.

യുഡിഎഫ് സ്ഥാനാർഥി തോൽക്കുമെന്നുറപ്പായതാണ് അക്രമം നടത്താൻ ലീഗിനെ പ്രേരിപ്പിക്കുന്നതെന്ന് സിപിഐഎം ഏരിയാ സെക്രട്ടറി ഇ ജയൻ പറഞ്ഞു. പ്രതികളെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ടു നിരവധി എൽഡിഎഫ് പ്രവർത്തകർ താനൂർ പൊലീസ് സ്റ്റേഷൻ ഉപരോധിച്ചിരുന്നു. പിന്നീട് മലപ്പുറം എസ്പി താനൂരിലെത്തിയാണ് പ്രതിഷേധക്കാരുമായി ചർച്ച നടത്തിയത്. പ്രതികളെ അറസ്റ്റ്‌ചെയ്യാമെന്ന ഉറപ്പിനെത്തുടർന്നാണ് പ്രതിഷേധക്കാർ പിരിഞ്ഞുപോയത്. പരുക്കുപറ്റിയ എൽഡിഎഫ് പ്രവർത്തകരുടെ ചിത്രങ്ങൾ വരെ ഉപയോഗിച്ച് ലീഗ് പ്രവർത്തകർ അവഹേളനം തുടരുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here