രാജീവ്ഗാന്ധി വധക്കേസ് പ്രതികളെ മോചിപ്പിക്കണമെന്ന ആവശ്യം കേന്ദ്രം തള്ളി; സുപ്രീംകോടതിയുടെ പരിഗണനയിലുള്ള വിഷയമായതിനാല്‍ മോചിപ്പിക്കാനാകില്ലെന്ന് വിശദീകരണം

ചെന്നൈ: രാജീവ്ഗാന്ധി വധക്കേസില്‍ ശിക്ഷ അനുഭവിക്കുന്ന ഏഴുപേരെ മോചിപ്പിക്കണമെന്ന തമിഴ്‌നാട് സര്‍ക്കാറിന്റെ അഭ്യര്‍ഥന കേന്ദ്രസര്‍ക്കാര്‍ തള്ളി. സുപ്രീംകോടതിയുടെ പരിഗണനയിലുള്ള വിഷയമായതിനാല്‍ തടവുകാരെ മോചിപ്പിക്കാനാകില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം തമിഴ്‌നാട് സര്‍ക്കാരിനെ അറിയിച്ചു. നിയമകാര്യ മന്ത്രാലയത്തില്‍ നിന്ന് ലഭിച്ച നിര്‍ദേശമനുസരിച്ചാണ് തമിഴ്‌നാടിന് മറുപടി നല്‍കിയതെന്നും കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി.

20 വര്‍ഷത്തിലേറെക്കാലം ജയിലില്‍ കഴിഞ്ഞ തടവുകാരെ മോചിപ്പിക്കണമെന്നാണ് തമിഴ്‌നാട് സര്‍ക്കാര്‍ കേന്ദ്രത്തോട് അഭ്യര്‍ഥിച്ചത്. തടവുകാരുടെ അപേക്ഷ തമിഴ്‌നാട് സര്‍ക്കാരിന് ലഭിച്ചുവെന്നും കേന്ദ്രത്തിന് അയച്ച കത്തില്‍ ജയലളിത സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു.
മുരുകന്‍, പേരറിവാളന്‍, ശാന്തന്‍, ജയകുമാര്‍, റോബര്‍ട്ട് പയസ്, രവിചന്ദ്രന്‍, നളിനി എന്നിവരാണ് രാജീവ്ഗാന്ധി വധക്കേസില്‍ ശിക്ഷിക്കപ്പെട്ട് തടവില്‍ കഴിയുന്നത്.

ഇത് രണ്ടാം തവണയാണ് തമിഴ്‌നാട് സര്‍ക്കാര്‍ ഈ ആവശ്യവുമായി കേന്ദ്രത്തെ സമീപിക്കുന്നത്. 2014ല്‍ യുപിഎ സര്‍ക്കാറിന്റെ ഭരണകാലത്തും ഇതേ ആവശ്യവുമായി ജയലളിത സര്‍ക്കാര്‍ കേന്ദ്രത്തെ സമീപിച്ചിരുന്നു. എന്നാല്‍ നിയമോപദേശം തേടിയശേഷം അന്നും ഈ ആവശ്യം കേന്ദ്രസര്‍ക്കാര്‍ തള്ളിയിരുന്നു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here