ജോലിയെക്കുറിച്ചു ചിന്തിക്കാൻ മാത്രമാണ് ഞങ്ങൾക്കു സമയം; ഞങ്ങളെ അവിഹിതക്കാരാക്കുന്നത് നിങ്ങൾ നാട്ടുകാരാണ്; കഷ്ടപ്പെട്ടു പഠിച്ചതാണ്; അന്തസായി ജീവിച്ചോട്ടെയെന്നും ടെക്കികൾ

കഴക്കൂട്ടം: അനുശാന്തിയും നിനോമാത്യുവും തമ്മിലുള്ള വിവാഹേതര ബന്ധത്തിന്റെ പേരിൽ തങ്ങളെയൊക്കെ വഴിവിട്ടു ജീവിക്കുന്നവരായി കാണുന്ന നാട്ടുകാരോട് കട്ടക്കലിപ്പിൽ ടെക്‌നോപാർക്കിലെ ടെക്കികൾ. കഷ്ടപ്പെട്ട് ഉന്നത ബിരുദങ്ങൾ നേടി ജോലികിട്ടി അന്തസായി ജീവിക്കുന്നവരാണ് തങ്ങളെന്നും നാട്ടുകാർ വെറുതേ അവിഹിതക്കാരാക്കരുതെന്നുമാണ് ഇവരുടെ അഭ്യർഥന.

ടെക്കികളായ പുരുഷനും സ്ത്രീയും ഒന്നിച്ചു നടന്നാൽ നാട്ടുകാർക്കു മുഴുവൻ സംശയക്കണ്ണാണെന്നാണു ഭൂരിഭാഗം ടെക്കികൾക്കും പരാതി. ടെക്‌നോപാർക്കു വന്ന സമയത്ത് വളരെ ഫ്രീയായി ജീവിക്കുന്ന ടെക്കികളെക്കുറിച്ചു നാട്ടുകാർ പല കഥകളും പറഞ്ഞു പ്രചരിപ്പിച്ചിരുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ളവരാണ് കഴക്കൂട്ടത്തും ടെക്‌നോപാർക്കിലുമായുള്ളത്. ഇവർക്കൊക്കെയും ജോലിയെക്കുറിച്ചു ചിന്തിക്കാൻ മാത്രമാണു സമയമുള്ളത്. എന്നിട്ടും അവിഹിതക്കഥകൾ പറഞ്ഞുപരത്തി. അതൊക്കെ ഒന്നു മാറിവരുന്നതിനിടെയാണ് അനുശാന്തിയുടെയും നിനോ മാത്യുവിന്റെയും വിവേഹേതര ബന്ധം വാർത്തയായത്.

വിവാഹം കഴിക്കാത്തവരും ഭാര്യ ഭർത്താക്കൻമാരല്ലാത്തവരുമായി സ്ത്രീക്കും പുരുഷനും ഒന്നിച്ചു കഴിയുന്ന തൊഴിലിടമാണ് ടെക്‌നോപാർക്ക്. ലിംഗവിവേചനമില്ലാത്ത ജോലിയാണ്. തങ്ങളുടെ മനസിലും ഇത്തരം ലിംഗപരമായ ചിന്തകളില്ല. പലപ്പോഴും ഒന്നിച്ചു നടക്കേണ്ടിവരുന്നവരാണ് ഞങ്ങൾ. ഞങ്ങളെല്ലാം സദാസമയം ഐഡി കാർഡ് തൂക്കി നടക്കുന്നവരാണ്. അന്തസോടെയാണ് ആ കാർഡ് തൂക്കിയിട്ടിരിക്കുന്നത്. ഒപ്പമുള്ളയാൾ സഹപ്രവർത്തകയാകാം കൂട്ടുകാരിയാകാം സുഹൃത്താകാം ഭാര്യയാകാം, പക്ഷേ, അവിഹിതമെന്നു വിളിക്കുന്നത് എന്തിന്റെ പേരിലാണ് എന്നാണ് ഇവർ ചോദിക്കുന്നത്.

നിനോയും അനുശാന്തിയും ടെക്കികളായതുകൊണ്ടല്ല അവർ കുറ്റവാളികളായതെന്നാണ് ഇവർ ചൂണ്ടിക്കാടുന്നത്. അവർ വേറെ ഏതെങ്കിലും തൊഴിൽമേഖലയിലായിരുന്നെങ്കിലും സംഭവിക്കേണ്ടതു സംഭവിക്കും. ടെക്‌നോപാർക്കിനെക്കുറിച്ചു പുറം ലോകത്തിന് കാര്യമായ അറിവില്ലാത്തതാണ് അനാവശ്യപ്രചാരണങ്ങൾക്കു കാരണം. ടെക്‌നോപാർക്ക് ഒരു കമ്പനിയാണെന്നാണു പലരും ധരിച്ചുവച്ചിരിക്കുന്നത്. അതുകൊണ്ടുതന്നെ ടെക്‌നോപാർക്കെന്നു കേട്ടാൽ ഏതു ടെക്കിയും മറുപടി പറയേണ്ട അവസ്ഥയാണെന്നും പലരും പറയുന്നു. സ്വന്തം ജോലിയെക്കുറിച്ചും കരിയറിനെക്കുറിച്ചും മാത്രം ചിന്തിക്കുന്ന തങ്ങളിൽ ഭൂരിഭാഗത്തിനും മറ്റൊന്നും ചിന്തിക്കാൻ പോലും സമയമില്ല. പിന്നെ, കേട്ടറിയുന്ന കാര്യങ്ങളെ ഊതിവീർപ്പിച്ച് അപവാദപ്രചാരണം നടത്തുന്നതിൽ എന്താണ് അർഥമുള്ളതെന്നാണ് ടെക്കികൾ ചോദിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here