ഫേസ്ബുക്ക് സൗഹൃദം മാത്രമല്ല വരുമാനവും നൽകുന്ന കാലം വരുന്നു. പോസ്റ്റുകളിൽ പരസ്യം നൽകി വരുമാനം പങ്കിടാൻ ഒരുങ്ങുകയാണ് മാർക്ക് സുക്കർബർഗും എഫ്ബിയും. നിലവിൽ വെബ്‌സൈറ്റുകളിലും ബ്ലോഗുകളിലും ഗൂഗിൾ പരസ്യങ്ങൾ നൽകി വരുമാനമുണ്ടാക്കുന്ന മാതൃകയാണ് ഫേസ്ബുക്കും ആലോചിക്കുന്നത്.
പോസ്റ്റുകൾക്കൊപ്പം ഫേസ്ബുക്ക് നൽകുന്ന പരസ്യത്തിലൂടെ ലഭിക്കുന്ന വരുമാനത്തിന്റെ പങ്ക് പോസ്റ്റ് ഇട്ടയാൾക്കും ലഭ്യമാക്കുകയായിരിക്കും രീതി. ടിപ് ജാർ, ബ്രാൻഡഡ് കണ്ടന്റ്, സ്‌പോൺസേർഡ് മാർക്കറ്റ് പ്ലേസ്, ഡൊണേഷൻ, കോൾ ടു ആക്ഷൻ, റെവന്യൂ ഷെയറിംഗ് എന്നിവയായിരിക്കും ഇതിനായി നൽകുന്ന സംവിധാനങ്ങൾ. ആദ്യഘട്ടത്തിൽ വെരിഫൈഡ് അക്കൗണ്ടുള്ളവർക്കുമാത്രമായിരിക്കും വരുമാനം നൽകുന്ന സംവിധാനം നടപ്പാക്കുക. ക്രമേണ എല്ലാ അക്കൗണ്ടുകളിലേക്കും വ്യാപിപ്പിക്കും.
ഓരോ പോസ്റ്റ് ഇടുമ്പോഴും അതിനൊപ്പം ഒരു പരസ്യം കൂടി പ്രത്യക്ഷപ്പെടും. ഈ പോസ്റ്റിലൂടെ ലഭിക്കുന്ന വരുമാനം അക്കൗണ്ട് ഉടമകളുടെ ബാങ്ക് അക്കൗണ്ടിൽ എത്തിക്കുന്ന സംവിധാനമാണ് സുക്കർബർഗ് പദ്ധതിയിടുന്നത്. ഇടക്കാലത്ത് ടിഎസ്ടു ഡോട്ട് കോ എന്ന വെബ്‌സൈറ്റ് സമൂഹമാധ്യമത്തിൽ വരുമാനമുണ്ടാക്കാനുള്ള പദ്ധതി ആവിഷ്‌കരിച്ചിരുന്നു. ഉപയോക്താക്കൾക്കും വരുമാനം നൽകുന്ന പദ്ധതി നിലവിൽ യൂട്യൂബിനും ഇൻസ്റ്റഗ്രാമിനുമുണ്ട്.
ആയിരം വ്യൂവിന് എൺപതു ഡോളർ എന്ന നിലയിലാണ് യൂട്യൂബ് വരുമാനം നൽകുന്നത്. പരസ്യങ്ങളിലൂടെ വേറെയും വരുമാനം ലഭിക്കും. ഇൻസ്റ്റഗ്രാമിൽ ചിത്രമൊന്നിന് നാൽപത്തഞ്ചുമുതൽ 2300 ഡോളർ വരെ നൽകുന്നുണ്ട്. ആയിരം ഫോളോവേഴ്‌സ് ഉള്ള ഉപയോക്താവ് ആഴ്ചയിൽ രണ്ടു പോസ്റ്റ് ഇട്ടാൽ 4725 ഡോളർ വരെ ലഭിക്കും. ഇതേ മാതൃക പിന്തുടരാനാണ് ആലോചനയെങ്കിലും എന്നു മുതലാണ് പദ്ധതി നടപ്പാവുക എന്നു ഫേസ്ബുക്ക് വ്യക്തമാക്കിയിട്ടില്ല.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here