ചെന്നൈ- മംഗലാപുരം മെയിലിലെ ലേഡീസ് കോച്ചിൽ പുരുഷൻമാർ; എന്താണ് യാത്രയിൽ സംഭവിച്ച കാര്യങ്ങളെന്നു മാധ്യമപ്രവർത്തക ജോയ്‌സ് വ്യക്തമാക്കുന്നു

ചെന്നൈ: ചെന്നൈയിൽനിന്നു മംഗലാപുരത്തേക്കു പുറപ്പെട്ട മെയിൽ എക്‌സപ്രസിന്റെ ലേഡീസ്‌കോച്ചിൽ പുരുഷൻമാർ അതിക്രമിച്ചുകയറിയത് കഴിഞ്ഞദിവസം കൈരളി ന്യൂസ് ഓൺലൈൻ വാർത്തയാക്കിയിരുന്നു. ട്രെയിനിൽ യാത്രക്കാരിയായിരുന്ന മലയാളി മാധ്യമപ്രവർത്തക ജോയ്‌സ് ജോയ് എടുത്ത ചിത്രങ്ങൾ സഹിതമായിരുന്നു വാർത്ത. പ്ലാറ്റ്‌ഫോമിൽവച്ചു പുരുഷൻമാർ കയറുന്നതു കണ്ടില്ലെന്നു നടിച്ചെങ്കിലും പരാതി ലഭിച്ചപ്പോൾ അടിയന്തരമായി റെയിൽവേ ഇടപെട്ടെന്നാണ് ജോയ്‌സ് വ്യക്തമാക്കുന്നത്. ജോയ്‌സിന്റെ പോസ്റ്റിന്റെ പൂർണരൂപം ചുവടെ:

അപ്പോള്‍ കൂട്ടുകാരേ, അന്നു രാത്രിയില്‍ സംഭവിച്ചത് ഇതാണ്. ചെന്നൈ സെന്‍ട്രല്‍ സ്റ്റേഷനില്‍ നിന്ന് വൈകുന്നേരം അഞ്ചുമണിക്ക് പുറപ്പെടുന്ന ചെന്നൈ സെന്‍ട്രല്‍ – മംഗലാപുരം എക്സ്പ്രസില്‍ ആയിരുന്നു ശനിയാഴ്ചത്തെ യാത്ര. രണ്ടോ മൂന്നോ മാസം മുമ്പ് ഈ ട്രയിന്‍ നവീകരിച്ചിരുന്നു. അതിനാല്‍ തന്നെ നിരവധി നല്ല മാറ്റങ്ങള്‍ ഇതില്‍ വന്നിട്ടുണ്ട്. അതില്‍ എടുത്തു പറയേണ്ട ഒന്നാണ്, ലേഡീസ് ജനറല്‍ കമ്പാര്‍ട്ട്‌മെന്റിന്റെ സീറ്റിംഗ് കപ്പാസിറ്റി 20ല്‍ നിന്ന് 100 ആക്കിയത്.

റിസര്‍വേഷന്‍ ഇല്ലാത്തതിനാല്‍ ജനറല്‍ ലേഡീസ് കമ്പാര്‍ട്‌മെന്റ് ആയിരുന്നു യാത്രയ്ക്ക് ആശ്രയം. ശനിയാഴ്ച ആയതിനാല്‍ തിരക്ക് നന്നേ കുറവായിരുന്നു. ചെന്നൈയില്‍ നിന്ന് കയറുമ്പോള്‍ തന്നെ ചില സ്ത്രീകള്‍ക്കൊപ്പം പുരുഷന്മാര്‍ കയറിയിരുന്നു. അപ്പോള്‍ തന്നെ അത് പ്ലാറ്റ്‌ഫോമില്‍ ഉണ്ടായിരുന്ന റെയില്‍വേ പൊലീസിന്റെ ശ്രദ്ധയില്‍പ്പെടുത്തിയെങ്കിലും നടപടികള്‍ ഉണ്ടായില്ല. ട്രയിന്‍ പുറപ്പെട്ടു. ചെന്നൈ കഴിഞ്ഞാല്‍ കാട്‌പാടിയാണ് അടുത്ത സ്റ്റേഷന്‍. കാട്‌പാടി സ്റ്റേഷനില്‍ നിന്ന് വീണ്ടും കുറച്ച് പുരുഷന്മാര്‍ കയറി. സീന്‍ ണ്‍ട്രയായില്ലെങ്കിലും ചില സംഭവങ്ങള്‍ മനസ്സിലൂടെ ഒരു മിന്നായം പോലെ വന്നു, സൌമ്യയും പിന്നെ ഒരിക്കല്‍ ഒരു കൂട്ടുകാരി പങ്കുവെച്ച അനുഭവവും.

അതുകൊണ്ടു തന്നെ, എന്തെങ്കിലും ചെയ്യണമെന്ന് തോന്നി. ഓഫീസില്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന സുഹൃത്തിനെ Rahul Balanവിളിച്ച് റയില്‍വേ ഹെല്‍പ്പ്‌ ലൈന്‍ നമ്പര്‍ ആവശ്യപ്പെട്ടു. 9752490777 എന്ന ഹെല്‍പ് ലൈന്‍ നമ്പറില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ലഭിച്ചില്ല. തുടര്‍ന്ന്, രാഹുല്‍ തന്നെ ഹെല്പ് ലൈന്‍ നമ്പറില്‍ ബന്ധപ്പെടുകയും എന്റെ നമ്പര്‍ അവര്‍ക്ക് കൈമാറുകയും ചെയ്യും. കാട്‌പാടിയില്‍ നിന്ന് ട്രയിന്‍ എടുത്ത് കുറച്ചു കഴിഞ്ഞപ്പോഴേക്കും റെയില്‍വേയില്‍ നിന്ന് ഫോണിലേക്ക് വിളി വന്നു. പ്രശ്നം അവര്‍ക്ക് മുമ്പില്‍ അവതരിപ്പിച്ചു, എനിക്കിതു വരെ യാതൊരുവിധ പ്രശ്നങ്ങളില്ലെന്നും പക്ഷേ ആശങ്കയുണ്ടെന്നും പറഞ്ഞു. അടുത്ത സ്റ്റേഷന്‍ സേലമാണെന്നും സേലം എത്തുമ്പോള്‍ ഇടപെടല്‍ ഉണ്ടാകുമെന്നും ഉറപ്പു തന്നു. വളരെ ആശ്വാസമായി, ധൈര്യപൂര്‍വ്വം യാത്ര തുടര്‍ന്നു. കാട്‌പാടിയില്‍ നിന്ന് പുറപ്പെടുമ്പോഴുള്ള ചിത്രമായിരുന്നു ഫേസ്‌ബുക്കില്‍ ആദ്യം പോസ്റ്റ് ചെയ്തത്.

സേലം എത്തിയപ്പോള്‍ റെയില്‍വേ പൊലീസിനെയും ഗാര്‍ഡിനെയും പ്രതീക്ഷിച്ചിരുന്നപ്പോള്‍ കമ്പാര്‍ട്‌മെന്റിലേക്ക് പുരുഷാരം ഇടിച്ചു കയറി. സ്ത്രീകള്‍ക്കായുള്ള കമ്പാര്‍ട്‌മെന്റില്‍ പുരുഷന്മാര്‍ ഇരിപ്പുറപ്പിച്ചു. പ്രായമായ പല സ്ത്രീകളും കുട്ടികളും നിലത്തിരുന്നു. ജനറല്‍ കംപാര്‍ട്‌മെന്റിന് സമമായി ലേഡീസ് കംപാര്‍ട്‌മെന്റും. അതില്‍ മദ്യപിച്ചെത്തിയവരും ഉണ്ടായിരുന്നു. സീറ്റു ലഭിക്കാത്തതിനാല്‍ സീറ്റിനടുത്ത് നിന്ന മനുഷ്യനോട് കുറച്ചുനീങ്ങി നില്‍ക്കാന്‍ പറഞ്ഞപ്പോള്‍ അയാള്‍ തമിഴില്‍ കയര്‍ത്തു. മിണ്ടാതിരിക്കുന്നതാണ് ബുദ്ധിയെന്ന് തോന്നി, വീണ്ടും റെയില്‍വേയില്‍ ബന്ധപ്പെട്ടു. കാര്യം അവതരിപ്പിച്ചു.

അടുത്ത സ്റ്റേഷന്‍ ഈറോഡ് ആണ്. ഈ യാത്ര ഇങ്ങനെ ശ്വാസംമുട്ടി തീര്‍ക്കണമെന്ന് വിചാരിച്ചിരുന്നപ്പോള്‍ ട്രയിന്‍ ഈറോഡ് എത്തി. പ്ലാറ്റ്‌ഫോമില്‍ നിന്ന് പൊലീസിന്റെയും ഗാര്‍ഡിന്റെയും ശബ്‌ദം കേട്ടു. പുരുഷന്മാരോട് ഇറങ്ങിപ്പോകാന്‍ ആവശ്യപ്പെട്ടു കൊണ്ടുള്ളതായിരുന്നു അത്. സമയം കുറച്ചധികം എടുത്തെങ്കിലും മുഴുവന്‍ പുരുഷന്മാരെയും പൊലീസും ഗാര്‍ഡും ചേര്‍ന്ന് ഇറക്കിവിട്ടു. പിന്നീട് തിരുപ്പൂരും പോത്തന്നൂരും പാലക്കാടും എത്തിയപ്പോഴെല്ലാം ഗാര്‍ഡും പൊലീസും എത്തി കംപാര്‍ട്മെന്റിന്റെ സുരക്ഷ ഉറപ്പു വരുത്തി. കോഴിക്കോട് ഇറങ്ങാറായപ്പോഴേക്കും വനിതകളുടെ കംപാര്‍ട്‌മെന്റ് പൂര്‍ണമായും വനിതകളുടേത് മാത്രമായി മാറിയിരുന്നു.

നന്ദി, കാര്യങ്ങള്‍ അറിയിച്ചപ്പോള്‍ മികച്ച ഇടപെടല്‍ നടത്തിയ റയില്‍വേയ്ക്ക്, പിന്നെ ഫേസ്‌ബുക്ക് പോസ്റ്റ് വാര്‍ത്തയാക്കി പിന്തുണ നല്കിയ മാധ്യമസുഹൃത്തുക്കള്‍ക്ക്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News