സൗദി അറേബ്യക്കു പിടിച്ചുനിൽക്കാനാവുന്നില്ല; എണ്ണവിലത്തകർച്ച മറികടക്കാനുള്ള ശ്രമങ്ങൾ ഫലം കാണാൻ സമയമെടുക്കും; വിദേശത്തുനിന്ന് 1000 കോടി ഡോളർ വായ്പയെടുക്കുന്നു

റിയാദ്: എണ്ണവിലത്തകർച്ച മൂലം സാമ്പത്തികത്തകർച്ചയിലായ സൗദി അറേബ്യ പിടിച്ചുനിൽക്കാൻ വിദേശത്തുനിന്ന് വായ്പയെടുക്കുന്നു. ആയിരം കോടി ഡോളറാണു വായ്പയെടുക്കുന്നത്. പതിനഞ്ചു വർഷത്തിനു ശേഷമാണ് ലോകത്തെ ഏറ്റവും വലിയ എണ്ണ കയറ്റുമതി രാജ്യമായ സൗദി അറേബ്യ വിദേശത്തുനിന്നു വായ്പയെടുക്കുന്നത്. ബ്ലൂംബർഗാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

അഞ്ചുവർഷത്തേക്കാണ് സൗദി വായ്പയെടുക്കുന്നത്. ഈ മാസം അവസാനത്തോടെ വായ്പാക്കരാർ ഒപ്പുവയ്ക്കുമെന്നാണു സൂചന. അമേരിക്കൻ, യൂറോപ്യൻ, ജാപ്പനീസ്, ചൈനീസ് ബാങ്കുകളിൽനിന്നായിരിക്കും വായ്പ എടുക്കുന്നത്. എണ്ണവില ബാരലിന് നൂറു ഡോളറിൽനിന്ന് നാൽപതു ഡോളറിലേക്കു താഴ്ന്നതിനു ശേഷം കടുത്ത പ്രതിസന്ധിയാണ് സൗദി അറേബ്യ നേരിടുന്നത്. ഇതേത്തുടർന്നു വൻതോതിൽ ചെലവുചുരുക്കൽ നടപടികൾ രാജ്യം തുടങ്ങിയിരുന്നു. കഴിഞ്ഞവർഷം 9800 കോടിയുടെ ബജറ്റ് കമ്മിയായിരുന്നു സൗദി അനുമാനിച്ചത്. ഇതു റെക്കോഡാണ്.

നിലവിൽ രാജ്യത്തിന്റെ കരുതൽ ധനശേഖരത്തിൽനിന്നാണ് ചെലവുകൾ നടത്തിപ്പോകുന്നത്. ഒരു വർഷം മുമ്പ് ധനശേഖരം 73200 കോടി ഡോളറുണ്ടായിരുന്നത് ഈ വർഷം 61100 കോടി ഡോളറായി കുറഞ്ഞിട്ടുണ്ട്. ഇതാണ് വിദേശത്തുനിന്നു വായ്പയെടുക്കാൻ രാജ്യത്തെ പ്രേരിപ്പിച്ചതെന്നാണു സൂചന. 3000 കോടി ഡോളറിന്റെ കടപ്പത്രങ്ങളും ഇതോടകം സൗദി വിപണിയിൽ വിറ്റഴിച്ചിട്ടുണ്ട്. സാമ്പത്തിക പ്രതിസന്ധിയുടെ അടിസ്ഥാനത്തിൽ നിരവധി പദ്ധതികൾ സൗദി മരവിപ്പിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

You may also like