കാണണം, മാതാപിതാക്കളുടെ പൊള്ളുന്ന മനസ്

ആറ്റിങ്ങല്‍ കൊലക്കേസ് എല്ലാവരെയുംപോലെ എന്നെയും ഉലച്ചിരുന്നു. മറന്നുപോയൊരു കേസ് വിധി വന്നതോടെ വീണ്ടും മനസിലേക്കു വന്നു. ഒരുപക്ഷേ, എന്റെ ഉള്ളില്‍ പഴയ വക്കീല്‍ ജോലിയോടുള്ള സ്‌നേഹം കൊണ്ടാകാം വിധികള്‍ ശ്രദ്ധിക്കുന്നത്. എന്നാല്‍, ഈ കൊല എന്റെ മനസ്സിനെ വല്ലാതെ ഉലച്ചത് അതില്‍ ഒരാളെ തൂക്കിക്കൊല്ലാന്‍ വിധിച്ചതുകൊണ്ടോ അമ്മതന്നെ മകളെ കൊല്ലാന്‍ കൂട്ടുനിന്നതുകൊണ്ടോ മാത്രമല്ല. ഈ കേസിലെ 43-ാം സാക്ഷിയായ അച്ഛന്റെ ഇനിയും കാണാത്ത മുഖം എന്നെ വല്ലാതെ വേദനിപ്പിക്കുന്നു.

മകന്‍ വഴിവിട്ടു പോകുന്നുവെന്നു കണ്ട് അച്ഛനെഴുതിയ കത്ത് കേസിലെ വലിയ തെളിവായിരുന്നു. ഈ അച്ഛന്റെ ഫോണ്‍ ഉപയോഗിച്ചു കൊല ആസൂത്രണം ചെയ്തുവെന്നതും വിലപ്പെട്ട തെളിവാണ്. ഈ രണ്ടു തെളിവുകളും കേസിന്റെ കരുത്തായി മാറിയത് ആ അച്ഛന്‍ കോടതിക്കു മുന്നില്‍ സമ്മതിച്ചതുകൊണ്ടാണ്. അതായത് സ്വന്തം മകനു കൊലക്കയര്‍വരെ കിട്ടിയേക്കാമെന്നറിഞ്ഞിട്ടുപോലും സത്യത്തിന്റെ കൂടെ നിന്ന അദ്ദേഹത്തിനു മുന്നില്‍ ലോകത്തിലെ എല്ലാ അച്ഛന്മാരും തലകുനിക്കണം. മക്കളോടുള്ള വാത്സല്യം അവസാന നിമിഷമെങ്കിലും എല്ലാവരുടെയും മനസ്സുലയ്ക്കും. എന്നാല്‍, സ്വന്തം മകന്റെ അടിയേറ്റു വീണു പിടഞ്ഞൊരു കൊച്ചുകുട്ടിയുടെ മുഖം സ്വന്തം മകന്റെ മുഖത്തെക്കാള്‍ വാത്സല്യത്തോടെ ഈ അച്ഛന്‍ കണ്ടു.

താന്‍ പറഞ്ഞാല്‍ മകന്‍ അനുസരിക്കുന്നില്ലെന്ന് അദ്ദേഹം കോടതിയില്‍ പറഞ്ഞു. പറഞ്ഞാല്‍ കേള്‍ക്കാതായപ്പോള്‍ അനുസരിക്കണമെന്ന് അപേക്ഷിച്ചുകൊണ്ട് അദ്ദേഹം മകനു കത്തെഴുതി. ഇതല്ലാതെ ആ അച്ഛന് എന്തു ചെയ്യാനാകും? ആ കത്തിലെ വരികള്‍ രണ്ടു തവണ വായിച്ചിരുന്നെങ്കില്‍ നിനോ മാത്യു എന്ന ചെറുപ്പക്കാരന്‍ ഇതു ചെയ്യില്ലായിരുന്നു. ഒരു അമ്മ തീരാക്കളങ്കമായി നമ്മുടെ മുന്നില്‍ നില്‍ക്കില്ലായിരുന്നു. അമ്മയെയും അച്ഛനെയും അനുസരിക്കാതെ ഓരോ കുട്ടിയും വഴി തിരിഞ്ഞു പോകുമ്പോള്‍ ഇദ്ദേഹത്തെ ഓര്‍ക്കണം. നിങ്ങളുടെ വഴികളിലെ തടസ്സമായല്ല മാതാപിതാക്കള്‍ വരുന്നത്. എത്ര വലുതായാലും ഞങ്ങള്‍ പറയുന്നതു നിങ്ങള്‍ അനുസരിക്കുമെന്നു ഞങ്ങള്‍ കരുതുന്നു. ആ വിശ്വാസമാണു ഞങ്ങളെ ജീവിക്കാന്‍ മോഹിപ്പിക്കുന്നത്. മനസ്സു കൈവിട്ടു പോകുമ്പോള്‍ തെറ്റായ ബന്ധങ്ങള്‍ ഉണ്ടായേക്കും. എന്നാല്‍ അതു തിരുത്താനുള്ള അവസരങ്ങള്‍ വരുമ്പോള്‍ തട്ടിക്കളയുന്നതാണ് ഇതിലും വലിയ തെറ്റ്.

ആ മനുഷ്യന്‍ ഉറങ്ങിയിട്ട് എത്ര നാളുകളായിക്കാണും? സ്വന്തം മകനെ രക്ഷിക്കണോ, നീതിയുടെ കൂടെനില്‍ക്കണോ, മരിച്ചുപോയ ആ പാവം പെണ്‍കുട്ടിക്കുവേണ്ടി നില്‍ക്കണോ എന്നെല്ലാം ആലോചിച്ചു മനസ്സു വെന്തുവെന്താകും അദ്ദേഹം ജീവിച്ചിട്ടുണ്ടാകുക. ഇനിയും അതേ മനസ്സുമായി ജീവിക്കേണ്ടി വന്നേക്കും. ആ മനുഷ്യന്റെ നെഞ്ച് ഉരുകിയ ചൂട് ഓരോ കുട്ടിയും തിരിച്ചറിയണം. നിങ്ങള്‍ക്കുവേണ്ടി ഉരുകിത്തീരുന്നതാണ് ഓരോ രക്ഷിതാവിന്റെയും മനസ്സ്. നിങ്ങള്‍ക്കവരെ കള്ളം പറഞ്ഞു പറ്റിക്കാനായേക്കും. മിണ്ടാതിരുന്ന മകനെ കത്തിലൂടെ തിരിച്ചുകൊണ്ടുവരാന്‍ ശ്രമിച്ച അച്ഛന്റെ മനസ്സാണ് ഓരോ രക്ഷിതാവിന്റെയും മനസ്സെന്നു തിരിച്ചറിയണം.

എത്ര വലുതായാലും നിങ്ങള്‍ ഓരോരുത്തരും അച്ഛനോടും അമ്മയോടും ചേര്‍ന്നു നില്‍ക്കണം. അവര്‍ നിങ്ങളുടെ ജീവിതത്തിന്റെ ഇരുട്ടില്‍ വിളക്കുമായി കാത്തുനിന്നവരാണെന്നു തിരിച്ചറിയണം. ആ അച്ഛന്‍ കത്തിച്ചുവച്ച വിളക്കു കാണാതെ പോയ മകനെ ഇരുളില്‍ കാത്തിരുന്നതു കൊലക്കയറാണ്. അച്ഛനും അമ്മയും ഇല്ലാത്ത ദൂരെ നാടുകളില്‍ ജോലി ചെയ്യുന്നവരും ഹോസ്റ്റലില്‍ താമസിച്ചു പഠിക്കുന്നവരും ഉണ്ടാകും. നിങ്ങള്‍ ചെയ്യുന്നതൊന്നും അവര്‍ അറിയില്ല എന്നതു ശരിയായിരിക്കാം. പക്ഷേ, നിങ്ങള്‍ അറിയേണ്ടത്, നിങ്ങള്‍ ശരി മാത്രമേ ചെയ്യൂ എന്നു കരുതി ജീവിക്കുന്നവരാണവര്‍. രണ്ടു ദിവസം കൂടുമ്പോഴെങ്കിലും അവരെ വിളിക്കണം. അവരെ ജീവിതത്തില്‍ ചേര്‍ത്തു നിര്‍ത്തണം.

അദ്ദേഹം ഒരിക്കലും മകനെ കൈവിട്ട അച്ഛനല്ല. നമ്മുടെ മക്കള്‍ക്ക് മാതാപിതാക്കളുടെ പൊള്ളുന്ന നെഞ്ച് എന്താണെന്നു കാണിച്ചുകൊടുത്ത മനുഷ്യനാണ്. നിനോ മാത്യു ഇനിയും നിയമത്തിന്റെ വഴിയിലൂടെ പോകും. പക്ഷേ, ആ അച്ഛന്‍ പറഞ്ഞ വാക്കുകള്‍ ഓരോരുത്തരുടെയും മനസ്സില്‍ കല്ലില്‍ കൊത്തിവച്ചതുപോലെ ഉണ്ടാകും. ‘ഞാന്‍ പറഞ്ഞത് എന്റെ മകന്‍ അനുസരിച്ചില്ല.’

കടപ്പാട്: മലയാള മനോരമ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News