പറയാത്ത കാര്യങ്ങള്‍ ചില മാധ്യമങ്ങള്‍ തന്റെ വായില്‍ തിരുകി കയറ്റാന്‍ ശ്രമിക്കുന്നുവെന്ന് പിണറായി; പുറത്തുവരുന്നത് ഭിന്നത പ്രതീക്ഷിച്ചവരുടെ നിരാശ

ആറ്റിങ്ങല്‍: പറയാത്ത കാര്യങ്ങളാണ് മാധ്യമങ്ങള്‍ തന്റെ വായില്‍ തിരുകി കയറ്റുന്നതെന്ന് സിപിഐഎം പൊളിറ്റ്ബ്യൂറോ അംഗം പിണറായി വിജയന്‍. താന്‍ പറയാത്ത കാര്യങ്ങളാണ് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. പാര്‍ട്ടിയില്‍ ഭിന്നത് പ്രതീക്ഷിച്ചവരുടെ നിരാശയാണ് ഇതില്‍നിന്നും വ്യക്തമാകുന്നതെന്നും പിണറായി വിജയന്‍ പറഞ്ഞു. ആറ്റിങ്ങലിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി അഡ്വ. ബി സത്യന്റെ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പിണറായി.

നിയമസഭാ തെരഞ്ഞെടുപ്പില്‍ വിഎസിനെ സ്ഥാനാര്‍ത്ഥിയാക്കിയത് പാര്‍ട്ടി തീരുമാനപ്രകാരമാണ്. വിഎസ് സ്വയം കേറി സ്ഥാനാര്‍ത്ഥിയായി നിന്നതല്ല. സഖാവ് വിഎസിനെ പാര്‍ട്ടി വിരുദ്ധന്‍ എന്ന് വിളിച്ച് ആക്ഷേപിച്ചു എന്ന വാര്‍ത്തകള്‍ അത്ഭുതമുണ്ടാക്കുന്നില്ല. ഇതുവരെ നല്‍കി വന്ന വാര്‍ത്തകളില്‍നിന്ന് വ്യത്യാസമുള്ള പാതയിലാണ് ചില മാധ്യമങ്ങല്‍ ഇന്നുമുതല്‍ സഞ്ചരിക്കുന്നത്. ഇത് പ്രകടമായതാണ് പറയാത്ത കാര്യങ്ങല്‍ പറഞ്ഞു എന്ന് പ്രചരിപ്പിക്കുന്നതെന്നും പിണറായി പറഞ്ഞു.

നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന്റെ മുന്നേറ്റം പ്രകടമാണ്. ചില മാധ്യമങ്ങള്‍ക്ക് അവരുടേതായ ഉദ്ദേശമുണ്ട്. ഇതുവരെ ഭിന്നതകള്‍ പെരുപ്പിച്ച് കാട്ടിയിരുന്നവരാണ് അവര്‍. പാര്‍ട്ടിയും മുന്നണിയും ഒറ്റക്കെട്ടായി മുന്നേറുന്നത് ഇത്തരക്കാര്‍ക്ക് നിരാശ സമ്മാനിച്ചു. ഇത്തരം വളച്ചൊടിച്ച വാര്‍ത്തകള്‍ അതഭുതമുണ്ടാക്കുന്നില്ല. പറയാത്ത കാര്യങ്ങള്‍ പറഞ്ഞു എന്ന രീതിയില്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ പാടില്ല. തെറ്റ് സംഭവിച്ചാല്‍ അക്കാര്യം സിപിഐഎം തുറന്നു പറയാറുണ്ടെന്നും പിണറായി വിജയന്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here