മട്ടന്നൂരിലെ വോട്ടര്‍മാര്‍ക്ക് മുന്നില്‍ ചിരിയുടെ മാലപ്പടക്കം തീര്‍ത്ത് ജയരാജ് വാര്യര്‍; നേതാക്കളെ അനുകരിച്ചും ഭാഷാ ശൈലി അവതരിപ്പിച്ചും ഇപി ജയരാജന് വേണ്ടി പ്രചരണം

കണ്ണൂര്‍: മട്ടന്നൂരിലെ വോട്ടര്‍മാര്‍ക്കിടയില്‍ ചിരിയുടെ തിരമാലകള്‍ തീര്‍ത്ത് ജയരാജ് വാര്യര്‍. കേരളത്തിലെ മുന്‍നിര രാഷ്ട്രീയ നേതാക്കളെയും സുകുമാര്‍ അഴീക്കോടിനെയും അനുകരിച്ചും വടക്കിന്റെയും തെക്കിന്റെയും മധ്യകേരളത്തിന്റെയും ഭാഷാശൈലികളെ അവതരിപ്പിച്ചുമാണ് ജയരാജ് മട്ടന്നൂരിലെ ആള്‍ക്കൂട്ടത്തെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്തത്.

എല്‍ഡിഎഫ് സ്ഥാനാര്‍ഥി ഇപി ജയരാജന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി തയ്യാറാക്കിയ വെബ്‌സൈറ്റ് ഉദ്ഘാടനത്തിനാണ് ജയരാജ് വാര്യര്‍ മട്ടന്നൂരിലെത്തിയത്. വെബ്‌സൈറ്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയാണ് അദ്ദേഹം രാഷ്ട്രീയ നേതാക്കളുടെ സംഭാഷണശൈലിയും മാനറിസങ്ങളും അനുകരിച്ച് കൈയടി നേടിയത്.

‘അദ്വൈതം ജനിച്ച നാട്ടില്‍, ആദിശങ്കരന്‍ ജനിച്ച നാട്ടില്‍ ആയിരം ജാതികള്‍, ആയിരം മതങ്ങള്‍, ആയിരം ദൈവങ്ങള്‍’… എന്ന വയലാര്‍ ഗാനത്തോടെയാണ് തെരഞ്ഞെടുപ്പിന്റെ രാഷ്ട്രീയ പ്രാധാന്യം പറയുന്ന ലഘുസംഭാഷണത്തിന് ജയരാജ് തുടക്കമിട്ടത്. മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ള രാഷ്ട്രീയ നേതാക്കളുടെ ഭാവങ്ങളും ശൈലികളും പിന്നാലെയെത്തി.

അഴീക്കോട് മാഷിന്റെ ശൈലിയിലാണ് ഇപി ജയരാജന്‍ ജയിക്കേണ്ടതിന്റെ ആവശ്യകത ജയരാജ് ആള്‍ക്കൂട്ടത്തെ ഓര്‍മപ്പെടുത്തിയത്. മട്ടന്നൂര്‍ ബസ്സ്റ്റാന്‍ഡ് പരിസരത്ത് നടന്ന പരിപാടിയിലേക്ക് തിങ്ങിനിറഞ്ഞ് ജനമെത്തിയിരുന്നു. ചടങ്ങില്‍ സി വിജയന്‍ അധ്യക്ഷനായി. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ഇപി ജയരാജനും ചടങ്ങില്‍ സംസാരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here