പ്രീപെയ്ഡ് ഡാറ്റ ഉപഭോക്താക്കള്‍ക്ക് വീണ്ടും കനത്ത തിരിച്ചടി നല്‍കി പൊതുമേഖലാ മൊബൈല്‍ സേവന ദാതാവായ ബിഎസ്എന്‍എല്‍. പുതിയതായി അവതരിപ്പിക്കുന്ന അണ്‍ലിമിറ്റഡ് ഡാറ്റ പ്ലാനുകളുടെ പേരിലാണ് ഉപഭോക്താക്കളെ പിഴിയാന്‍ ബിഎസ്എന്‍എല്‍ ഒരുങ്ങുന്നത്. പുതിയ പ്ലാനിലേക്ക് മാറുന്നതോടെ ഡാറ്റ ഉപയോഗിക്കാന്‍ കഴിയുന്ന ദിവസങ്ങളുടെ ദൈര്‍ഘ്യം കുറയ്ക്കും. പുതിയ നിരക്ക് ഏപ്രില്‍ 21 മുതല്‍ നിലവില്‍ വരും.
എസ്ടിവി 398, 629, 2399 എന്നീ മൂന്നു പ്ലാനുകളാണ് അണ്‍ലിമിറ്റഡ് വിഭാഗത്തില്‍ ബിഎസ്എന്‍എല്‍ പുറത്തിറക്കുന്നത്. നിശ്ചിത ഡേറ്റ ഉപയോഗത്തിനു ശേഷം ഇന്റര്‍നെറ്റ് വേഗം കുറയ്ക്കും. ഇതിന് അധിക ചാര്‍ജ് ഈടാക്കില്ല. നിശ്ചിത ഡേറ്റാ ഉപയോഗത്തിനു ശേഷം ഇന്റര്‍നെറ്റ് വേഗം 80 കെപിബിഎസിലേക്കു താഴും. എന്നാല്‍ പുതിയ പ്ലാനിന്റെ നിരക്കില്‍ കുത്തനെയുള്ള വര്‍ദ്ധനയും വരുത്തിയിട്ടുണ്ട്.
എസ്ടിവി 398ല്‍ 30 ദിവസത്തേക്ക് രണ്ടു ജിബിയാണ് സാധാരണ വേഗത്തില്‍ ഉപയോഗിക്കാവുന്നത്. അണ്‍ലിമിറ്റഡ് പ്ലാനിന്റെ മറവില്‍ നിലവിലെ 2ജിബി പ്ലാനില്‍നിന്ന് 100 രൂപയോളമാണ് കൂടുന്നത്. ദിവസം 28 ആയി കുറയ്ക്കുകയും ചെയ്യും. എസ്ടിവി 629ല്‍ 30 ദിവസത്തേക്കു മൂന്നു ജിബി ഉപയോഗിക്കാം. എസ്ടിവി 2399 പ്ലാനില്‍ 60 ദിവസത്തേക്കു 16 ജിബിയാണു സാധാരണ വേഗത്തില്‍ ഉപയോഗിക്കാന്‍ സാധിക്കുന്നത്.
ഇതോടൊപ്പം നിലവില്‍ വന്ന പ്ലാന്‍ റിവിഷനില്‍ ജനപ്രിയ ഡേറ്റ ഓഫറുകളുടെ വാലിഡിറ്റി ബിഎസ്എന്‍എല്‍ വെട്ടിക്കുറച്ചു. 68 രൂപയ്ക്ക് ഒരു ജിബി ഡേറ്റ രണ്ടു ദിവസത്തേക്കെന്നുള്ള പ്ലാനിന്റെ വാലിഡിറ്റി ഒരു ദിവസത്തേക്കാക്കി മാറ്റി. നേരത്തെ ഇത് 7 ദിവസമായിരുന്നു. ഘട്ടം ഘട്ടമായി കുറച്ചാണ് ഒരു ദിവസത്തിലേക്ക് എത്തിച്ചത്.
155 രൂപയ്ക്കുള്ള ഒരു ജിബി ഡാറ്റ പ്ലാനിന് 18 ദിവസമാണ് കാലാവധി. ഇത് 15 ദിവസമായി കുറച്ചു. 28 ദിവസത്തേക്ക് ഒരു ജിബി ഡേറ്റ എന്ന 198 രൂപയുടെ ഓഫര്‍ വാലിഡിറ്റി 24 ദിവസത്തിലേക്കാണ് കുറച്ചത്. 30 ദിവസത്തേക്ക് 2.2 ജിബി ഡേറ്റ എന്ന 291 രൂപയുടെ ഓഫര്‍ വാലിഡിറ്റി 28 ദിവസത്തിലേക്കും കുറിച്ചിട്ടുണ്ട്. നേരത്തെ 252 രൂപയ്ക്ക് 2.2 ജിബി ഡാറ്റ ലഭ്യമായിരുന്നു. ഇതിന്റെ നിരക്ക് കുത്തനെ കൂട്ടിയാണ് നിലവില്‍ 291ലേക്ക് എത്തിച്ചത്.
സാധാരണ വേഗം നല്‍കുന്ന ഫെയര്‍ യൂസേജ് പോളിസിക്ക് ശേഷം 80 കെപിബിഎസിലേക്ക് ഇന്റര്‍നെറ്റ് വേഗം താഴും. ഇത് ഉപയോക്താക്കള്‍ എങ്ങനെ സ്വീകരിക്കുമെന്നാണ് അറിയേണ്ടത്. സ്വകാര്യ കമ്പനികള്‍ പലതും 4ജിയുമായി രംഗത്ത് എത്തിയിട്ടും ബിഎസ്എന്‍എല്‍ ഇപ്പോഴും പലയിടത്തും രണ്ടാം തലമുറ ഇന്റര്‍നെറ്റ് സേവനമാണ് നല്‍കുന്നത്.
ചില നഗര പ്രദേശങ്ങളില്‍ മാത്രമാണ് 3ജി സംവിധാനം ഏര്‍പ്പെടുത്തിയിട്ടുള്ളത്. ഇതും പലപ്പോഴും കാര്യക്ഷമമാകാറില്ല. ഇതിനിടയിലാണ് നിരക്ക് വര്‍ദ്ധിപ്പിച്ചും സേവന ദിവസങ്ങള്‍ വെട്ടിക്കുറച്ചും ബിഎസ്എന്‍എല്‍ ഉപയോക്താക്കളെ പിഴിയുന്നത്. സ്വകാര്യ കമ്പനികള്‍ ഗ്രാമപ്രദേശങ്ങളില്‍ 3ജി സേവനമാണ് നിലവില്‍ നല്‍കുന്നത്. മൊബൈല്‍ ഇന്റര്‍നെറ്റ് ഡാറ്റ വിപണിയില്‍ ബിഎസ്എന്‍എലില്‍നിന്ന് ഉപയോക്താക്കളെ അകറ്റുന്ന നിലപാടാണ് ബിഎസ്എന്‍എല്‍ സ്വീകരിക്കുന്നതെന്ന് ഉപയോക്താക്കള്‍ കുറ്റപ്പെടുത്തുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here