ബംഗാളിൽ മൂന്നാംഘട്ട വോട്ടെടുപ്പ് തുടങ്ങി; പോളിംഗ് 62 മണ്ഡലങ്ങളിൽ; അക്രമവുമായി തൃണമൂൽ കോൺഗ്രസ്; സിപിഐഎമ്മുകാരൻ കൊല്ലപ്പെട്ടു

കൊൽക്കത്ത: പശ്ചിമബംഗാളിൽ മൂന്നാം ഘട്ട വോട്ടെടുപ്പു തുടങ്ങി. നാലു ജില്ലകളിലായി 62 മണ്ഡലങ്ങളിലാണ് ഇന്നു വോട്ടെടുപ്പ്. മുർഷിദാബാദ്, നാദിയ, കൊൽക്കത്ത, ബർധമൻ ജില്ലകളിലാണ് ജനങ്ങൾ ഇന്നു സമ്മതിദാനം നിർവഹിക്കുന്നത്. വോട്ടെടുപ്പിനു മുമ്പ് സിപിഐഎം പ്രവർത്തകർക്കു നേരേ വ്യാപക അക്രമമാണ് തൃണമൂൽ കോൺഗ്രസ് പ്രവർത്തകർ അഴിച്ചുവിട്ടത്. നോർത്ത് 24 പരഗ്നാസ് ജില്ലയിൽ സിപിഐഎം പ്രവർത്തകൻ കൊല്ലപ്പെട്ടു.

418 സ്ഥാനാർഥികളാണു മത്സരരംഗത്തുള്ളത്. വോട്ടർമാർ 1.37 കോടി. 16461 ബൂത്തുകളാണ് ഈ മണ്ഡലങ്ങളിൽ ഒരുക്കിയിരിക്കുന്നത്. സിപിഐഎം നേതാക്കളായ അനിസുർ റഹ്മാൻ, ദേബേഷ് ദാസ്, തൃണമൂൽ മന്ത്രിമാരായ സാഷി പഞ്ച, പാധൻ പാണ്ഡേ, സുബ്രത സാഹ, കോൺഗ്രസ് നേതാവ് സോമേന്ദ്രനാഥ് മിത്ര, മുഹമ്മദ് സൊഹ്രാബ് എന്നിവരാണ് ഇന്നു ജനവിധി തേടുന്ന പ്രമുഖർ. ബിജെപി ബംഗാൾ ഘടകം മുൻ അധ്യക്ഷൻ രാഹുൽ സിൻഹയുടെ ഇന്നു ജനവിധി തേടുന്നുണ്ട്.

കനത്ത സുരക്ഷയിലാണ് ഇന്നു വോട്ടെടുപ്പു നടക്കുന്നത്. 714 കമ്പനി അർധസൈനിക വിഭാഗത്തെയാണു സംസ്ഥാനത്താകെ വിന്യസിച്ചിരിക്കുന്നത്. അക്രമസംഭവങ്ങളുണ്ടാകുമെന്ന റിപ്പോർട്ടുണ്ട്. ഇന്നലെ നോർത്ത് 24 പരഗ്നാസ് ജില്ലയിലെ ഹറോവ ബ്ലോക്കിലാണ് സിപിഐഎം പ്രവർത്തകൻ കൊല്ലപ്പെട്ടത്. തൃണമൂൽ കോൺഗ്രസ് പ്രവർത്തകർ വീടുകയറി ആക്രമിക്കുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here