ഇനി ടോളുകളിൽ വാഹനം നിർത്തേണ്ട; തനിയെ ടോൾ പിരിച്ചെടുക്കുന്ന ഫാസ്റ്റാഗ് സംവിധാനം 25 മുതൽ; എസ്എംഎസിലൂടെ രസീത്

ദില്ലി: രാജ്യത്തെ പ്രധാന പാതകളിലെ ടോൾ ബൂത്തുകളിൽ വാഹനം നിർത്തി ടോൾ അടച്ചുപോകേണ്ട ബുദ്ധിമുട്ടിനു പരിഹാരമാകുന്നു. വാഹനം കടന്നുപോകുമ്പോൾ തനിയെ ടോൾ ഈടാക്കി രസീത് എസ്എംഎസായി നൽകുന്ന ഫാസ്റ്റാഗ് സംവിധാനം ഇരുപത്തഞ്ചുമുതൽ തെരഞ്ഞെടുത്ത ടോൾബൂത്തുകളിൽ നടപ്പാക്കും. പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കുന്ന പദ്ധതി വിജയമാവുകയാണെങ്കിൽ എല്ലാ ടോൾബുത്തുകളിലേക്കും വ്യാപിപ്പിക്കും.

ദേശീയപാത അഥോറിട്ടിയാണ് രാജ്യത്തെ 250 ടോൾ ബൂത്തുകളിൽ സംവിധാനം ആദ്യഘട്ടത്തിൽ നടപ്പാക്കുന്നത്. പ്രീപെയ്ഡായി പണമടയ്ക്കുന്നവർക്കു ഫാസ്റ്റാഗ് നൽകും. ഇതു വാഹനത്തിന്റെ മുൻ ഗ്ലാസിൽ പതിപ്പിക്കണം. വാഹനം കടന്നുപോകുമ്പോൾ പ്രത്യേക സെൻസറുകൾ ഉപയോഗിച്ച് ഇതു റീഡ് ചെയ്ത് ടോൾ പിരിക്കുകയാണു ചെയ്യുന്നത്. രസീത് ഉടനടി എസ്എംഎസിൽ നൽകുകയും ചെയ്തു. പ്രീപെയ്ഡ് തുക തീരാറാകുമ്പോൾ പ്രത്യേക സന്ദേശം നൽകി ഓർമിപ്പിക്കുകയും ചെയ്യും.

ഫാസ്റ്റാഗ് പതിപ്പിച്ച വാഹനങ്ങൾക്കു കടന്നുപോകാൻ ഇരുദിശകളിലും പ്രത്യേക പാതകളും മാറ്റിവയ്ക്കും. കാർഡിന്റെ ആദ്യ തുക ഇരുനൂറു രൂപയാണ്. പിന്നീട് നൂറിൽ കുറയാത്ത തുകയ്ക്കു റീചാർജ് ചെയ്യാം. ഈ സാമ്പത്തികവർഷം പത്തു ശതമാനം കാഷ്ബാക്കും നൽകും. സമയലാഭവും ഇന്ധനലാഭവുമായി ടോൾബൂത്തുകൾ കടന്നുപോകാമെന്നതാണ് മെച്ചം.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here