നിവിൻ പോളിയുടെ അർപ്പണബോധത്തെ വാഴ്ത്തി സംവിധായകൻ ഗൗതം രാമചന്ദ്രനും; താരത്തിനായി തിരക്കഥ നാൽപതുവട്ടം മാറ്റിയെഴുതി

തിരക്കഥയിൽ അതീവ ശ്രദ്ധ പുലർത്തുന്ന താരമാണ് നിവിൻ പോളിയെന്നു സംവിധായകൻ വിനീത് ശ്രീനിവാസൻ പറഞ്ഞതിനു പിന്നാലെ സമാന അഭിപ്രായവുമായി സംവിധായകൻ ഗൗതം രാമചന്ദ്രനും. നിവിൻ പോളിയുടെ നിർദേശപ്രകാരം തിരക്കഥ നാൽപതു തവണ മാറ്റിയെഴുതിയെന്നാണ് നവാഗത സംവിധായകനായ ഗൗതം പറയുന്നത്. നിവിന് തമിഴിൽ അരങ്ങേറ്റം നൽകുന്ന സംവിധായകനാണ് ഗൗതം.

തിരക്കഥ തയാറാക്കുന്ന ഓരോ ഘട്ടത്തിലും നിവിൻ നിതാന്ത ജാഗ്രത പുലർത്തിയിരുന്നു. നിവിന്റെ പിന്തുണയും സഹകരണവും തിരക്കഥ മെച്ചപ്പെടുത്താൻ സഹായിച്ചു. നിവിന്റെ അർപ്പണബോധം തന്നെ അദ്ഭുതപ്പെടുത്തിയെന്നും ഗൗതം പറഞ്ഞു. നിവിൻ പോളി തിരക്കഥയിൽ അതീവ ശ്രദ്ധ പുലർത്തുന്നയാളാണെന്നു നേരത്തേ വിനീത് ശ്രീനിവാസനും അഭിപ്രായപ്പെട്ടിരുന്നു. തിരക്കഥ പല തവണ വായിച്ചു സംശയങ്ങൾ കുറിച്ചുവയ്ക്കുകയും ഷൂട്ടിംഗ് ആരംഭിക്കുന്നതിനു മുമ്പായി തന്റെ സംശയങ്ങൾ എല്ലാം ദുരീകരിക്കുമെന്നുമായിരുന്നു വിനീതിന്റെ അഭിപ്രായം.

കന്നഡയിൽ തരംഗമായ ചിത്രത്തിന്റെ ബൈലിംഗ്വൽ റീമേക്കായിരിക്കും നിവിന്റെ തമിഴ് അരങ്ങേറ്റ ചിത്രമെന്നാണു സൂചന. വരലക്ഷ്മി ശരത്കുമാറാണ് നായികയായെത്തുന്നത്. ഒരു പുതുമുഖ നടിയും പ്രധാനറോളിലുണ്ടാകും. പാണ്ഡ്യകുമാറാണ് കാമറ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here