പച്ചവെള്ളം കുപ്പിയിലാക്കാനാണോ വിജയ് മല്യക്ക് 20 ഏക്കർ പതിച്ചുനൽകിയതെന്നു പിണറായി; മദ്യവ്യവസായവുമായി ബന്ധപ്പെട്ട് ഉമ്മൻചാണ്ടി സർക്കാർ വൻ അഴിമതിനടത്തിയതിന് തെളിവ്

തിരുവനന്തപുരം: ഘട്ടം ഘട്ടമായി മദ്യം നിരോധിക്കുമെന്നു പറയുന്ന യുഡിഎഫ് സർക്കാർ പച്ചവെള്ളം കുപ്പിയിലാക്കാനാണോ മദ്യരാജാവ് വിജയ് മല്യക്ക് 20 ഏക്കർ പതിച്ചു നൽകിയതെന്നു സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയൻ. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം ചുവടെ.

ഘട്ടം ഘട്ടമായി മദ്യം നിരോധിക്കും എന്ന് പറയുന്ന യു ഡി എഫ് പച്ചവെള്ളം കുപ്പിയിലാക്കാനാണോ മദ്യരാജാവ് വിജയ് മല്യക്ക് 20 ഏക്കര് ഭൂമി പതിച്ചുനല്കിയത്?

പാലക്കാട് ജില്ലയിലെ കഞ്ചിക്കോട്ട് ദേശീയ പാത യോട് ചേര്ന്ന ഭൂമി വിജയ് മല്യയുടെ യുണൈറ്റഡ് ബ്രിവറീസ് ലിമിറ്റഡിന് തുച്ഛവിലയ്ക്ക് പതിച്ചുനല്കിയതിന് പിന്നിൽ കൂറ്റൻ അഴിമതിയാണ്. ആ പ്രദേശത്തെ നടപ്പ് വില സെന്റിന് ആറുലക്ഷം മുതല് 10 ലക്ഷം രൂപ വരെയാണ്. അത് കണക്കാക്കിയാൽ 120 മുതല് 200 കോടി രൂപവരെ വിലമതിക്കുന്ന ഭൂമി 14,03,26,576 രൂപയ്ക്കാണ് കൈമാറിയത്. യു ഡി എഫിന്റെ മദ്യനയം തികഞ്ഞ കാപട്യമാണ് എന്ന് ഈ ഇടപാടിൽ നിന്ന് വ്യക്തമാകുന്നു.

വന്കിട ഡിസ്ടിലറി തുടങ്ങാൻ സർക്കാർ വക സ്ഥലവും വഴിവിട്ട സൌകര്യവും നൽകുന്നവർ എങ്ങനെയാണ് മദ്യനിരോധനം നടപ്പാക്കുക? മദ്യ നിരോധം നയമാണ് എന്ന് 2011 ലെ പ്രകടന പത്രികയിൽ തന്നെ ഉറപ്പിച്ചിരുന്നു എന്ന് അവകാശപ്പെടുന്നവർ എന്ത് മാനദണ്ഡം വെച്ചാണ് 2013 ൽ ഡിസ്ടിലറിക്ക് ഭൂമി കൊടുത്തത്? ആയിരക്കണക്കിന് ഭൂരഹിതര് കൂര വെക്കാൻ ഒരു തുണ്ട് ഭൂമിക്കായി അപേക്ഷ നല്കി കാത്ത് നില്ക്കുമ്പോൾ മദ്യരാജാവിന് 20 ഏക്കര് ഭൂമി പതിച്ചുനല്കിയത്തിനു എന്ത് ന്യായീകരണമാണ് ഉമ്മന്ചാണ്ടിക്ക് പറയാനുള്ളത്?

ബാർകോഴ മാത്രമല്ല, മദ്യ വ്യവസായവുമായി ബന്ധപ്പെട്ടു അനേക കോടികളുടെ മറ്റു കോഴ ഇടപാടും ഉമ്മൻചാണ്ടി സർക്കാർ നടത്തിയിട്ടുണ്ട് എന്നതിന് തെളിവാണ് ഈ ഭൂമി ദാനം. ഒരുഭാഗത്ത് മദ്യ വിരോധ പ്രസംഗം, മറുഭാഗത്ത് പുതിയ പഞ്ച നക്ഷത്ര ഹോട്ടലുകൾക്ക് ബാർ ലൈസന്സ്, വേറൊരു ഭാഗത്ത് വിദേശ മദ്യ ഫാക്ടറി തുടങ്ങാൻ ഭൂമിദാനം-ഈ തട്ടിപ്പ് അധിക കാലം തുടരാമെന്ന് ഉമ്മൻചാണ്ടി കരുതരുത്.

ഇതിനെതിരായ ജനങ്ങളുടെ രൂക്ഷമായ പ്രതികരണമാണ് തെരഞ്ഞെടുപ്പിൽ യു ഡി എഫിന്റെ അന്ത്യം കുറിക്കുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News