കോയമ്പത്തൂര്‍: പ്രമുഖ തെന്നിന്ത്യന്‍ നടി കെആര്‍ വിജയയുടെ മകളെ ശല്യം ചെയ്ത റിയല്‍ എസ്റ്റേറ്റ് പ്രമുഖന്‍ അറസ്റ്റില്‍. കോയമ്പത്തൂര്‍ പപ്പനെക്കന്‍പാളയം സ്വദേശി ആര്‍ കതിര്‍വേലുവാണ് പൊലീസിന്റെ പിടിയിലായത്. വിജയയുടെ മകളായ ഹേമലതയെ വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ട് കതിര്‍വേലു സ്ഥിരമായി ശല്യം ചെയ്യുന്നുവെന്ന പരാതിയിലാണ് നടപടി.

47കാരിയായ ഹേമലത ഫ്‌ളാറ്റില്‍ ഒറ്റയ്ക്കാണ് താമസിക്കുന്നത്. ഒരു ഭൂമിയിടപാടുമായി ബന്ധപ്പെട്ടാണ് വിവാഹിതനായ കതിര്‍വേലു ഹേമലതയെ പരിചയപ്പെടുന്നത്. ഹേമലത ഒറ്റയ്ക്ക് കഴിയുകയാണെന്ന് മനസിലാക്കിയ കതിര്‍വേലു വിവാഹാഭ്യാര്‍ഥന നടത്തുകയായിരുന്നു.

ഏപ്രില്‍ 15ന് കതിര്‍വേലു ഹേമതലയെ ഫോണില്‍ വിളിക്കുകയും അശ്ലീലം പറയുകയും ചെയ്തു. അനാവശ്യ ചോദ്യങ്ങള്‍ ചോദിച്ച ഇയാള്‍ തന്റെ ഭാര്യയ്ക്ക് സുഖമില്ലെന്നും വിവാഹം കഴിച്ചോട്ടെയെന്ന് ഹേമലതയോട് ചോദിക്കുകയും ചെയ്തു. ഹേമലത സമ്മതിക്കുകയാണെങ്കില്‍ ഇപ്പോഴുള്ള ഭാര്യയില്‍ നിന്നും താന്‍ വിവാഹമോചനം നേടാമെന്നും ഇയാള്‍ പറഞ്ഞു. കെആര്‍ വിജയയുടെ കുടുംബത്തില്‍ നിന്നും ഒരു ബന്ധം താന്‍ എപ്പോഴും ആഗ്രഹിച്ചിരുന്നുയെന്നാണ് ഇയാള്‍ ഹേമലതയോട് പറഞ്ഞത്.

ശല്യം കൂടിയതോടെ ഹേമലത കോയമ്പത്തൂര്‍ പൊലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു. പരാതിയില്‍ പ്രാഥമികാന്വേഷണം നടത്തിയ ശേഷം പൊലീസ് വിവിധ വകുപ്പുകള്‍ ചുമത്തി കതിര്‍വേലുവിനെതിരെ കേസെടുക്കുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ ഇയാളെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.