തന്റെ വാക്കുകള്‍ വളച്ചൊടിച്ചതിനു പിന്നില്‍ രാഷ്ട്രീയമാണെന്ന് പിണറായി; വിഎസ് പാര്‍ട്ടി വിരുദ്ധനാണെന്ന് എവിടെയും പറഞ്ഞിട്ടില്ല; പലരും ആഗ്രഹിക്കുന്നത് സിപിഐഎമ്മിലും എല്‍ഡിഎഫിലും എന്തെങ്കിലും കലഹമുണ്ടാകണമെന്നാണ്

കൊല്ലം: തന്റെ വാക്കുകള്‍ വളച്ചൊടിക്കുന്നതിന് പിന്നില്‍ രാഷ്ട്രീയമാണെന്ന് സിപിഐഎം പിബി അംഗം പിണറായി വിജയന്‍. വിഎസ് പാര്‍ടി വിരുദ്ധനാണെന്ന് ഒരിടത്തും പറഞ്ഞിരുന്നില്ല. താന്‍ വിഎസിനെ ആക്ഷേപിച്ചു എന്ന് വരുത്താനാണ് നീക്കമെന്നും കൊല്ലം പ്രസ് ക്‌ളബ്ബില്‍ മുഖാമുഖം പരിപാടിയില്‍ പിണറായി പറഞ്ഞു. ഇതേക്കുറിച്ച് സീതാറാം യെച്ചൂരി വിളിച്ചു; പിണറായി തിരുത്തി എന്നുള്ള വാര്‍ത്തയും ശരിയല്ലെന്നും പിണറായി പറഞ്ഞു.

പറയാത്ത കാര്യങ്ങള്‍ തെറ്റായി വ്യാഖ്യാനിച്ച് കുഴപ്പങ്ങളുണ്ടാക്കാനാണ് ചില മാധ്യമങ്ങളുടെ നീക്കം. സീറ്റ് വിഭജനത്തിലും തെരഞ്ഞെടുപ്പ് പ്രചരണത്തിലും എല്‍ഡിഎഫിലും സിപിഐഎമ്മിലുമുള്ള യോജിച്ച പ്രവര്‍ത്തനവും ഐക്യവും കാണുമ്പോള്‍ അതിഷ്ടപ്പെടാത്തവരാണ് ഇത്തരം വാര്‍ത്തകര്‍ക്ക് പിന്നില്‍. യുഡിഎഫിനെ സഹായിക്കുവാനണ് ഇത്തരം ചോദ്യങ്ങളുന്നയിക്കുന്നത്.

സിപിഐഎമ്മില്‍ കുഴപ്പമുണ്ടാക്കി എന്തെങ്കിലും നേടാനാകുമോ എന്ന പരിശ്രമമാണ് ഇക്കുട്ടരുടേത്. തെറ്റായി വാര്‍ത്ത കൊടുക്കുമ്പോള്‍ പിണറായി അങ്ങിനെ പറഞ്ഞോ എന്ന തോന്നല്‍ ഉണ്ടാക്കുന്നത് രാഷ്ട്രീയത്തിനപ്പുറമുള്ള ഗൂഢനീക്കമാണ്. അത് എല്‍ഡിഎഫിനേയും സിപിഐഎമ്മിനയും ക്ഷിണിപ്പിക്കാന്‍ ലക്ഷ്യമിട്ടാണ്. ഇത്രയും കാലം അത് ലക്ഷ്യം വച്ചവര്‍ അത് തുടരുകയാണ്.

പാര്‍ട്ടി സംസ്ഥാന സമ്മേളനത്തിന്റെ തലേദിവസം നിങ്ങള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞ കാര്യങ്ങള്‍ തെറ്റാണെന്ന് ബോധ്യപ്പെട്ടോ എന്ന് മീറ്റ് ദ് പ്രസില്‍, ഒരു ചോദ്യം വന്നു. തെറ്റ് ബോധ്യപ്പെട്ടാല്‍ തിരുത്തുകയും തുടര്‍ നടപടികള്‍ സ്വീകരിക്കുകയും ചെയ്യുന്നതാണ് പാര്‍ട്ടി നിലപാട്. അത് തുറന്നു പറയും. നിങ്ങളോട് അങ്ങനെയൊന്നും പറഞ്ഞിട്ടില്ലല്ലോ എന്ന് അതിന് മറുപടി നല്‍കി. അപ്പോള്‍, എങ്ങനെയാണ് വിഎസിനെ സ്ഥാനാര്‍ഥിയാക്കിയത് എന്നായി ചോദ്യം. വിഎസ് സ്ഥാനാര്‍ഥിയായി സ്വയം നിന്നതല്ല, പാര്‍ടി ആലോചിച്ച് തീരുമാനിച്ചു നിര്‍ത്തിയതാണ്. പാര്‍ട്ടിക്കു ഗുണകരമായ കാര്യങ്ങളാണ് പാര്‍ടി തീരുമാനിക്കുന്നതെന്നും പറഞ്ഞു. ഇതാണ് വിഎസ് പാര്‍ടിവിരുദ്ധന്‍ ആണെന്ന് പറഞ്ഞു എന്ന് വാര്‍ത്ത കൊടുത്തത്.

ചോദ്യമുയര്‍ന്നപ്പോള്‍ അത് പിബി കമ്മീഷന്റെ പരിഗണനയിലാണെന്നും തള്ളിയോ ഇല്ലയോ എന്ന് ഇപ്പോള്‍ പറയാനാവില്ലെന്നും തനിക്ക് പറയാമായിരുന്നു. അത് പറഞ്ഞിരുന്നില്ല. അതുകൊണ്ട് ഇപ്പോള്‍ അതുകൂടി വ്യക്തമാക്കുകയാണ്. ആര്‍എസ്പിയുടെ ഇടതുപക്ഷ സ്വഭാവം ചോര്‍ന്നുപോയി. ജീര്‍ണത ബാധിച്ച യുഡിഎഫിനൊപ്പമാണ് ആര്‍എസ്പി ഇപ്പോള്‍. വലിയ ക്ഷീണമാണ് ആ പാര്‍ട്ടിക്ക് സംഭവിച്ചിട്ടുള്ളതെന്നും പിണറായി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

Latest News