വാട്‌സ്ആപ്പ് മാതൃകയിൽ വികസിപ്പിച്ച സോഷ്യൽമീഡിയാ ആപ്ലിക്കേഷൻ പുറത്തിറക്കാനായില്ല; യുവ സോഫ്റ്റ് വെയർ എൻജിനീയർ നൈട്രജൻ വാതകം ശ്വസിച്ച് ആത്മഹത്യചെയ്തു

ഹൈദരാബാദ്: സോഷ്യൽമീഡിയാ മാതൃകയിൽ സ്വന്തമായി വികസിപ്പിച്ച ആപ്ലിക്കേഷൻ പുറത്തിറക്കാൻ കഴിയാത്തതിനെത്തുടർന്നു യുവ സോഫ്റ്റ് വെയർ എൻജിനീയർ നൈട്രജൻ വാതകം ശ്വസിച്ച് ആത്മഹത്യ ചെയ്തു. ഹൈദരാബാദിലാണ് സംഭവം. മുപ്പത്തിമൂന്നുവയസുകാരനായ ലക്കി ഗുപ്ത അഗർവാളാണ് ആത്മഹത്യ ചെയ്തത്. വാട്‌സ് ആപ്പ് മാതൃകയിൽ പ്രവർത്തിക്കുന്ന സോഷ്യൽമീഡിയാ ആപ്പാണ് ലക്കി വികസിപ്പിച്ചത്.

കഴിഞ്ഞദിവസം രാവിലെ സമയത്ത് എഴുനേൽക്കാതിരുന്നപ്പോൾ ലക്കി പിതാവ് വാതിൽ മുട്ടിനോക്കി. ഏറെ നേരം കഴിഞ്ഞിട്ടും എഴുനേൽക്കാതിരുന്നപ്പോൾ വാതിൽപൊളിച്ച് അകത്തുകടക്കുകയായിരുന്നു. നൈട്രജൻ സിലിണ്ടറിൽ ഘടിപ്പിച്ച മാസ്‌ക് മുഖത്തുവച്ചു മരിച്ചനിലയിലാണ് ലക്കിയെ കണ്ടെത്തിയത്.

പൊലീസ് നടത്തിയ പരിശോധനയിൽ മുറിയിൽനിന്ന് ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി. വേദനയില്ലാതെ മരിക്കാനാണ് നൈട്രജൻ മാസ്‌ക് ഉപയോഗിച്ചതെന്നാണ് കുറിപ്പിൽ എഴുതിയിരുന്നത്. സ്വയം വികസിപ്പിച്ച സോഷ്യൽമീഡിയാ ആപ്ലിക്കേഷൻ വേണ്ടത്ര ജനപ്രിയമാകാതിരിക്കുകയും പ്രചരിപ്പിക്കുന്നതിൽ പരാജയമാവുകയും ചെയ്തതിനെത്തുടർന്ന് ലക്കി മൂന്നുമാസമായി വിഷാദത്തിന് അടിമയായിരുന്നെന്നു ബന്ധുക്കൾ പറഞ്ഞു.

താൻ വികസിപ്പിച്ച ആപ്ലിക്കേഷൻ വാട്‌സ്ആപ്പിനേക്കാൾ പ്രചാരം സൃഷ്ടിക്കുമെന്നു ലക്കി ബന്ധുക്കളോടു സ്ഥിരമായി പറയാറുണ്ടായിരുന്നു. കുറച്ചു ദിവസങ്ങൾക്കു മുമ്പു വേദനയില്ലാതെ എങ്ങനെ ജീവനൊടുക്കാമെന്നതിനെക്കുറിച്ച് ഇന്റർനെറ്റിൽ ലക്കി തിരഞ്ഞതായും പൊലീസ് കണ്ടെത്തി. അവിവാഹിതനാണ് ലക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here