കുട്ടിക്കാലം മുതൽ ഇടതുപക്ഷ അനുഭാവിയായി വളർന്ന ഒരാളാണ് ഞാൻ; എല്‍ഡിഎഫ് തിരിച്ചുവന്നേ തീരൂ എന്ന് ഞാന്‍ വിശ്വസിക്കുന്നു

“ഞാന്‍ ആദ്യമായാണ് ഒരു സ്ഥാനാര്‍ത്ഥിയുടെ ഏതെങ്കിലും തരത്തിലുള്ള ഒരു യോഗത്തില്‍ പങ്കെടുക്കുന്നത്. കാരണം, എനിക്ക് ഏതെങ്കിലും ഒരു രാഷ്ട്രീയ പാര്‍ട്ടിയുമായി ഒരു തരത്തിലും അടുത്ത് പ്രവര്‍ത്തിക്കാനുള്ള ഒരു സാഹചര്യം ഇതു വരെ ഉണ്ടായിട്ടില്ല. അതെന്റെ സ്വഭാവഗുണം കൊണ്ടു തന്നെയായിരിക്കണം എന്നു വിചാരിക്കുന്നു. ഒരു ചട്ടക്കൂടിനുള്ളിൽ ഒതുങ്ങി നിൽക്കുക എനിക്കൊരു കാലത്തും സന്തോഷകരമായിരുന്നില്ല.
പക്ഷെ, കുട്ടിക്കാലം മുതൽ ഇടതുപക്ഷ അനുഭാവിയായി വളര്‍ന്ന ഒരാളാണ് ഞാന്‍. ഞാന്‍ ജനിച്ചു വളര്‍ന്നത് കൊല്ലം ജില്ലയിലെ ശാസ്താംകോട്ടയിലാണ്. കുട്ടിക്കാലത്ത് ഞാന്‍ കേട്ടിട്ടുള്ള ഹൃദയഭേദകമായ കഥകളൊക്കെ പുതുപ്പള്ളി രാഘവന്റേയും കോട്ടാത്തല സുരേന്ദ്രന്റേയും ചേലക്കോട്ടേത്തു കുഞ്ഞിരാമന്റേയുമൊക്കെ കഥകള്‍ ആയിരുന്നു. കമ്മ്യൂണിസം എന്നത് ജനങ്ങളുടെ ജീവിതത്തിന് ഏറ്റവും പരമമായ അര്‍ത്ഥം കാണുന്ന ഒരു പ്രത്യയശാസ്ത്രമാണെന്ന വിശ്വാസം മനസില്‍ പതിഞ്ഞത് അങ്ങനെയാണ്. ആ വിശ്വാസം ഉള്ളിൽ പേറിയാണു പഠിച്ചതും പത്രപ്രവര്‍ത്തകയായതും ഒക്കെ. എങ്കിലും ഇന്നിവിടെ നിൽക്കുമ്പോൾ, ഇത്തരമൊരു യോഗത്തിൽ , സാക്ഷാൽ പിണറായി വിജയന്റെ നാട്ടിലെ യോഗത്തിൽ എന്നെങ്കിലും പങ്കെടുക്കുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിട്ടില്ല എന്ന അമ്പരപ്പുണ്ട്.
നമ്മളെല്ലാവരും വിജയേട്ടനെന്നു വിളിക്കുന്ന ശ്രീ പിണറായി വിജയനെ പത്രപ്രവർത്തക എന്ന നിലയിലും എഴുത്തുകാരി എന്ന നിലയിലും അകലെ നിന്ന് വീക്ഷിച്ചിട്ടേയുള്ളൂ. ചിരിക്കാത്തൊരു രാഷ്ട്രീയ നേതാവായാണ് അടുത്തകാലം വരെ അദ്ദേഹം അറിയപ്പെട്ടിരുന്നത്. പക്ഷേ, അദ്ദേഹത്തെ കുറിച്ചു കഥകൾ പറഞ്ഞു ചിരിക്കാനും ചിരിപ്പിക്കാനും സ്‌നേഹം പങ്കിടാനും, ഇത്രയേറെ സഹപാഠികള്‍ അദ്ദേഹത്തിനുണ്ടായിരുന്നല്ലോ എന്ന് തിരിച്ചറിയുമ്പോഴാണ് എനിക്ക് അത്ഭുതം തോന്നുന്നത്. ഞാന്‍ അദ്ദേഹത്തേക്കാള്‍ എത്രയോ ഇളമുറക്കാരിയാണ്. ആ തലമുറ ജീവിച്ച കാലവും അവർ നടന്ന വഴികളും എനിക്കെത്ര അപരിചിതമാണ്.
ഇതിനിടെ, ഞാന്‍ വിജയേട്ടനോട് ചോദിക്കുകയായിരുന്നു, വിജയേട്ടനു കൂട്ടുകാരികൾ ഉണ്ടായിരുന്നില്ല, അല്ലേ എന്ന്. കാരണം ഈ സദസ്സിൽ കൂട്ടുകാരികളുടെ എണ്ണം വളരെ കുറവാണ്. അപ്പോള്‍ അദ്ദേഹം നോക്കിയിട്ട് പറഞ്ഞു, അല്ല അവിടെ ഒന്നു രണ്ട് പേരൊക്കെയുണ്ട് എന്ന്! ഏതായാലും, ഇതൊരു കേവലം രാഷ്ട്രീയ, അല്ലെങ്കില്‍ തെരഞ്ഞെടുപ്പ് പര്യടനത്തിനപ്പുറം ഒരു പ്രചാരണ സമ്മേളനത്തിനപ്പുറം, നേരത്തേ പറഞ്ഞതു പോലെ ഹൃദയത്തോട് സ്ഥാനാര്‍ഥിയെ ചേര്‍ത്തു നിര്‍ത്തുന്ന തരം ഒരു സന്ദർഭമായി എനിക്കനുഭവപ്പെടുന്നു.
എഴുത്തുകാരിയെന്ന നിലയില്‍ മാത്രമല്ല, ഒരു‌ പൗരൻ എന്ന നിലയിലും ഈ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് ജയിച്ച് കാണണം എന്നുതന്നെ ഞാന്‍ ആഗ്രഹിക്കുന്നു. ജനം ഒരു ഗവണ്‍മെന്റിനെ അനുഭവിച്ചറിയുന്നതു മൂന്ന് നാല് സൂചകങ്ങളിലൂടെയാണ്. നാല് അളവുകോലുകള്‍. ആരോഗ്യരംഗം, വിദ്യാഭ്യാസ രംഗം, പൊതുവിതരണ രംഗം, ഗതാഗതം. കേരളത്തെ സംബന്ധിച്ചിടത്തോളം ഗവണ്‍മെന്റിന്റെ ഇടപെടല്‍ ഈ നാലു രംഗങ്ങളിലും പാടേ തകര്‍ന്നിരിക്കുന്നതാണു കാണാന്‍ കഴിയുന്നത്. ജനമെന്നാല്‍ ഷോപ്പിങ് മാളുകളില്‍ പോകുന്ന ജനം മാത്രമല്ല എന്നോര്‍മ്മിക്കാന്‍, വാഹനങ്ങള്‍ക്കു വേണ്ടിയുള്ളതല്ല, കാൽനടക്കാർക്കു വേണ്ടിയുള്ളതാണു റോഡ് എന്നോര്‍മ്മിക്കാന്‍, സൂപ്പര്‍ സ്‌പെഷ്യാലിറ്റി ഹോസ്പിറ്റലുകളിലല്ല, സൗജന്യമായാണു രോഗങ്ങള്‍ ചികിത്സിക്കപ്പെടേണ്ടത് എന്നോര്‍മ്മിക്കാൻ, ജാതി -മത- വര്‍ഗ ചിന്തകള്‍ക്കതീതമായി സഹജീവിയുടെ സ്ഥാനത്തെ അംഗീകരിക്കാൻ, സഹജീവിയെ ബഹുമാനിക്കാന്‍ പ്രേരിപ്പിക്കുന്ന അറിവുനേടലാണ് വിദ്യാഭ്യാസം എന്നോര്‍മ്മിക്കാന്‍- എല്‍ഡിഎഫ് തിരിച്ചുവന്നേ തീരൂ എന്ന് ഞാന്‍ വിശ്വസിക്കുന്നു.
കൂടുതല്‍ നടപ്പാതകളുള്ള- വലിയ എട്ടുവരിപ്പാതകളേക്കാള്‍ നടപ്പാതകള്‍ കൂടുതലുള്ള -ഒരു രാജ്യമാണ് ഞാന്‍ ആഗ്രഹിക്കുന്നത്. ഇനി ഒരു മരം പോലും വെട്ടാന്‍ നിവൃത്തിയില്ലാത്ത വിധം പരിസ്ഥിതി പാടേ തകര്‍ന്നു കഴിഞ്ഞ ഒരു അവസ്ഥയാണ് അടുത്ത ഗവണ്‍മെന്റിനെ കാത്തിരിക്കുന്നത്. നമ്മുടെ മലനിരകള്‍ നമ്മുടെ പുഴകള്‍, ഇല്ലാതായിക്കഴിഞ്ഞു. വന്നുവന്ന്, എനിക്കാവശ്യം ഇത്രയേ ഉള്ളൂ- ഒരെഴുത്തുകാരി എന്ന നിലയിൽ, സാഹിത്യമില്ലെങ്കില്‍ ഒരു സമൂഹവും നിലനില്‍ക്കുകയില്ല എന്ന് തിരിച്ചറിയുന്നതുകൊണ്ട് ഭാവിയിലെ എഴുത്തുകാർക്കു വേണ്ടി എനിക്ക് ആവശ്യപ്പെടാൻ ഇത്രയേ ഉള്ളൂ- അടുത്ത തലമുറയ്ക്ക് വേണ്ടി ഇവിടെ മരങ്ങളുണ്ടാകണം, മലകളുണ്ടാകണം പുഴകളുണ്ടാകണം, നമ്മുടെ നാല്‍പ്പത്തിനാല് നദികളിലും ജലമുണ്ടാകണം, നമുക്ക് ശുദ്ധവായു ഉണ്ടാകണം. വിഷമില്ലാത്ത ഭക്ഷണം ഉണ്ടാകണം. വളരെ നിസാരമായ ആവശ്യങ്ങൾ. ഒരു എഴുത്തുകാരി എന്ന നിലയില്‍ ഭാവിയിലേക്കു നോക്കുമ്പോള്‍ ഇത്രയേ ആഗ്രഹമുള്ളൂ.
പൗരന്റെ ഈ അടിസ്ഥാന ആവശ്യങ്ങൾ തിരിച്ചു കിട്ടാൻ എല്‍ഡിഎഫ് അധികാരത്തില്‍ വരണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. അതുകൊണ്ട് തന്നെ ശ്രീ പിണറായി വിജയന് എല്ലാവിധ വിജയാശംസകളും നേരുന്നു.
എനിക്ക് വളരെയധികം നന്ദിയുള്ളത് -അദ്ദേഹം എന്നേയും ഞാന്‍ അദ്ദേഹത്തേയും വിമര്‍ശിച്ചിട്ടുണ്ട്. പക്ഷെ ഒരിക്കലും അതിന്റെ കാലുഷ്യമില്ലാതെയാണ് അദ്ദേഹം എന്നോട് പെരുമാറിയിട്ടുള്ളത്. അതിന് പ്രത്യേകം നന്ദി പറയുന്നു. വലിയ മനസുള്ള ഭരണാധികാരികളെയാണു നമ്മുടെ ലോകം‌ കാത്തിരിക്കുന്നത്. വലിയ മനസുള്ള ഭരണാധികാരികള്‍ ഇവിടെ ഉണ്ടാകട്ടെ എന്നാശിച്ചുകൊണ്ട്, എല്ലാവര്‍ക്കും ജീവിക്കാന്‍ സാഹചര്യവും ഇടവുമുള്ള ഒരു ലോകം സൃഷ്ടിക്കാനും വര്‍ദ്ധിച്ചു വരുന്ന ജാതിയുടേയും മതത്തിന്റേയും ഇടുങ്ങിയ ചിന്താഗതികള്‍ നമ്മെക്കൊണ്ടെത്തിക്കുന്ന ശ്വാസം മുട്ടിക്കുന്ന ഒരവസ്ഥയില്‍ നിന്ന് രക്ഷപ്പെടുത്താനും ഇടതുപക്ഷത്തിന് കഴിയട്ടെ, അതിനുള്ള മഹത്വം ഇടതുപക്ഷം ആര്‍ജിക്കട്ടെ എന്നും ആശിച്ചുകൊണ്ട് ഞാന്‍ അവസാനിപ്പിക്കുന്നു.”
[തലശ്ശേരി ബ്രണ്ണൻ കോളേജിൽ സുഹൃത്തുക്കളും സഹപാഠികളും പിണറായി വിജയനു നല്കിയ സ്വീകരണത്തിൽ മുഖ്യാതിഥിയായി പങ്കെടുത്തുകൊണ്ട് കെ.ആർ മീര നടത്തിയ പ്രസംഗം ]

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here