ആർഎസ്എസിന്റെ അക്ഷരവിരോധം വീണ്ടും? മലപ്പുറത്തു തലൂക്കരയ്ക്കു പിന്നാലെ വീണ്ടും ലൈബ്രറിക്ക് തീയിടാൻ ശ്രമം; പൊലീസ് അന്വേഷണം ആരംഭിച്ചു

മലപ്പുറം: മലപ്പുറത്ത് തലൂക്കരയ്ക്കു പിന്നാലെ വീണ്ടും വായനശാല കത്തിക്കാൻ ശ്രമം. ആതവനാടിനടുത്ത് ആഴ്‌വാഞ്ചേരി മനപ്പടിയിലാണ് സംഭവം. മനപ്പടിയിൽ അരനൂറ്റാണ്ടിലേറെയായി പ്രവർത്തിച്ചു വരുന്ന പൗരമിത്രം വായനശാലയാണ് കഴിഞ്ഞ ദിവസം ചിലർ ചേർന്ന് തീയിട്ടു നശിപ്പിക്കാൻ ശ്രമമുണ്ടായത്. പെട്രോളൊഴിച്ച് തീകൊളുത്താനായിരുന്നു ശ്രമം. എന്നാൽ, ശബ്ദം കേട്ട് തൊട്ടടുത്ത വീട്ടുകാർ പുറത്തുവന്നതോടെ ശ്രമം ഉപേക്ഷിച്ച് അക്രമികൾ രക്ഷപ്പെടുകയായിരുന്നു. വായനശാലയുടെ വാതിലും വാതിലിന്റെ മേൽഭാഗവും കത്തിനശിച്ചു. തീ അകത്തേക്കു പടരാതിരുന്നതിനാൽ പുസ്തകങ്ങൾ കത്തിനശിച്ചില്ല.

വായനശാല കത്തിക്കാനുള്ള ശ്രമത്തിനു പിന്നിൽ ആർഎസ്എസ് ആണെന്നു വായനശാല ഭാരവാഹികൾ അറിയിച്ചു. പ്രദേശത്തെ സിപിഐഎം നിയന്ത്രണത്തിലുള്ളതാണ് വായനശാല. ഏറെ നാളായി സിപിഐഎമ്മിനെതിരെ ആർഎസ്എസ് അക്രമം അഴിച്ചുവിടുന്നതായി സിപിഐഎം നേതാക്കൾ പറഞ്ഞു. കഴിഞ്ഞയാഴ്ച സിപിഐഎമ്മിന്റെ ഓഫീസ് ബോർഡും കൊടിമരവും ആർഎസ്എസ് നശിപ്പിച്ചിരുന്നു.

കഴിഞ്ഞ മാസമാണ് തിരൂരിൽ തലൂക്കരയിൽ വായനശാല ആർഎസ്എസുകാർ തീയിട്ടു നശിപ്പിച്ചത്. അപൂർവങ്ങളായ പുസ്തകങ്ങൾ അടക്കം കത്തിനശിച്ചിരുന്നു. വായനശാല സഹൃദയരുടെ സഹായത്തോടെ പുനരുദ്ധരിക്കാനുള്ള ശ്രമങ്ങൾ നടന്നു കൊണ്ടിരിക്കുകയാണ്. ഇതിനു പിന്നാലെയാണ് മനപ്പടിയിലെ സംഭവം. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

പ്രദേശത്ത് വർഗീയ സംഘർഷമുണ്ടാക്കാനും ആർഎസ്എസ് ശ്രമം നടത്തുന്നുണ്ട്. കഴിഞ്ഞദിവസം പ്രദേശത്തെ ക്ഷേത്രത്തിൽ ഉത്സവത്തിനിടെ കെട്ടുകാഴ്ചയ്ക്ക് ആയുധങ്ങളുമായി എത്തിയ ആർഎസ്എസുകാരെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News