ഇന്ത്യൻ ദേശീയത തകർത്ത് ഹിന്ദു ദേശീയത പകരം വെക്കുന്നത് സാമ്രാജ്യത്വത്തെ പ്രീണിപ്പിക്കാൻ

ഈ നവലിബറൽ നയങ്ങളാണ് 1991-ൽ പുത്തൻ സാമ്പത്തിക നയമെന്ന പേരിൽ ഇന്ത്യയിൽ കോൺഗ്രസ് ഭരണം നടപ്പിലാക്കുവാൻ ആരംഭിച്ചത്. അതേനയമാണ് ബിജെപി സർക്കാർ കൂടുതൽ തീവ്രതരമായി ഇന്ന് ഇന്ത്യയിൽ നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്. അതായത് അന്താരാഷ്ട്ര ധനമൂലധനത്തിന്റെ കല്പനകൾക്ക് അനുസരിച്ച് അവർക്ക് ഇന്ത്യൻ സമ്പദ്വ്യവസ്ഥയെ കൂടുതൽ തുറന്നിട്ടുകൊടുക്കുകയാണ് മുമ്പ് കോൺഗ്രസും ഇപ്പോൾ ബി ജെ പിയും ചെയ്തുകൊണ്ടിരിക്കുന്നത്.

അന്താരാഷ്ട്ര ധനമൂലധനമെന്നത് സാമ്രാജ്യത്വത്തിന്റെ സാമ്പത്തികമായ ഉള്ളടക്കമാണ്. ”അന്താരാഷ്ട്ര ധനമൂലധനത്തിന്റെ തടസമോ വെല്ലുവിളിയോ കൂടാതെയുള്ള പ്രവർത്തനം ഉറപ്പുവരുത്തുന്ന ക്രമീകരണങ്ങളൊക്കെ ഉൾപ്പെടുന്നതാണ് സമകാലിക പശ്ചാത്തലത്തിൽ സാമ്രാജ്യത്വം” എന്ന് പ്രഭാത് പട്നായിക് നിരീക്ഷിക്കുന്നുണ്ട്. ഇന്ത്യൻ ദേശീയത വളരുന്നത് സാമ്രാജ്യത്വ വിരുദ്ധപ്പോരാട്ടത്തിലൂടെയാണ്. എന്നാൽ ഇന്ത്യൻ ഭരണവർഗം സ്വാതന്ത്ര്യാനന്തരം ഈ സാമ്രാജ്യത്വവിരുദ്ധപ്പോരാട്ടത്തിന് അവധികൊടുക്കുകയും അവരുടെ ജൂനിയർ പങ്കാളിയായി മാറുകയുമാണ് നവലിബറൽ നയങ്ങൾ നടപ്പിലാക്കിയതിലൂടെ സംഭവിച്ചത്. സ്വാഭാവികമായും ഇന്ത്യയിലെ സാമ്രാജ്യത്വവിരുദ്ധ ദേശീയതാ ബോധം ദുർബ്ബലപ്പെടുന്നതിന് ഇത് ഇടയാക്കി. ദേശീയത മുതലാളിത്ത വളർച്ചയ്ക്ക് അനുബന്ധമായാണ് വളർന്നുവന്നതെങ്കിലും ഇന്നത്തെ മുതലാളിത്ത രൂപമായ നവലിബറലിസത്തിന് ദേശീയതയോട് വൈരുധ്യാത്മക ബന്ധമാണുള്ളത്. കാരണം ആഗോള ധനമൂലധനത്തിന്റെ നയങ്ങളാണിന്ന് നവലിബറൽ നയങ്ങളിലൂടെ നടപ്പിലാക്കപ്പെടുന്നത്.

നവലിബറലിസത്തിനാവശ്യം ഒരു ആഗോള ഭരണവ്യവസ്ഥയാണ്. ദേശീയത അതിനെതിരാണ് എന്നതിനാൽ അങ്ങനെയൊരു ഭരണകൂടവ്യവസ്ഥ രൂപപ്പെടുത്തുന്നതിന് ആഗോള ധനമൂലധന ശക്തികൾക്ക് കഴിയുന്നില്ല. എന്നാൽ സാമ്രാജ്യത്വ വിരുദ്ധ ശക്തികൾക്ക് എതിരായി ഇന്നുതന്നെ ലോക പോലീസായി അമേരിക്ക പ്രവർത്തിക്കുന്നുമുണ്ട്. എന്നാൽ എല്ലാ രാജ്യങ്ങളിലെയും ദേശീയ ഭരണകൂടങ്ങളെ വിഴുങ്ങാനുള്ള ശക്തി ഇന്ന് ആഗോള ധനമൂലധനശക്തികൾക്ക് ആർജിക്കാനായിട്ടില്ല. അതുകൊണ്ടുതന്നെ സ്വാതന്ത്ര സമ്പദ്വ്യവസ്ഥ സ്ഥാപിക്കുന്നതിന് സഹായകമായി നില്ക്കുന്ന ദേശീയതകളെ പിന്തുണയ്ക്കുകയും അല്ലാത്തതിനെ എതിർക്കുകയോ ദുർബ്ബലപ്പെടുത്തുകയോ ചെയ്യുക എന്നതാണ് ദേശീയതയോട് നവലിബറൽ ശക്തികൾ ഇന്ന് എടുക്കുന്ന സമീപനം. അതുകൊണ്ടുതന്നെ ഇന്ത്യയിൽ സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമായി രൂപപ്പെട്ട സാമ്രാജ്യത്വവിരുദ്ധ ദേശീയതയെ തകർക്കുകയും അതിന്റെ സ്ഥാനത്ത് ഉപദ്രവകാരിയല്ലാത്ത മറ്റൊന്നിനെ സ്ഥാപിക്കുകയും ചെയ്യുക എന്നത് സാമ്രാജ്യത്വത്തിന്റെ തന്നെ താല്പര്യമാണ്.

ഈ പശ്ചാത്തലത്തിൽ നിന്നുകൊണ്ടുവേണം ഹിന്ദുദേശീയതയാണ് ഇന്ത്യൻ ദേശീയത എന്ന് സ്ഥാപിക്കുവാനുള്ള ബിജെപി ശ്രമത്തിന്റെ വർഗതാല്പര്യം വിലയിരുത്താൻ. ഹിന്ദുദേശീയതയെക്കുറിച്ച് പറഞ്ഞ വി ഡി സവർക്കറും, അതിനെ സ്വന്തം സംഘാടനാപ്രമാണമായി സ്വീകരിച്ച ആർഎസ്എസും ഒരിക്കലും സാമ്രാജ്യത്വവിരുദ്ധ ഉള്ളടക്കം അതിന് നൽകുന്നതിന് ശ്രമിച്ചിട്ടില്ല. മുസ്ലിമിനെയും ക്രിസ്ത്യാനിയെയും കമ്യൂണിസ്റ്റുകാരെയും മുഖ്യശത്രുക്കളായി പ്രഖ്യാപിച്ചുകൊണ്ട് സാമ്രാജ്യത്വ ശക്തികളുമായി കൈകോർക്കുകയാണവർ ചെയ്തത്. അതുകൊണ്ടുതന്നെ സാമ്രാജ്യത്വ ശക്തികൾക്ക് പഥ്യം ഇന്ത്യൻ ദേശീയതയല്ല മറിച്ച് ഹിന്ദുദേശീയതയാണ്.

സങ്കുചിത ഹിന്ദുദേശീയതാവാദം ഉന്നയിക്കുകയും തങ്ങൾ മാത്രമാണ് ശരിയായ ദേശീയവാദികൾ എന്ന് വരുത്തിത്തീർക്കുന്നതിന് വേണ്ടി പ്രചാരണകോലാഹലം നടത്തിക്കൊണ്ടിരിക്കുകയും ചെയ്യുന്ന ബിജെപി അധികാരത്തിൽ വന്നിട്ടുള്ളപ്പോഴൊക്കെത്തന്നെ നിലനിന്നിട്ടുള്ളത് നവലിബറൽ ശക്തികളുടെ സാമ്പത്തിക താല്പര്യസംരക്ഷണത്തിന് വേണ്ടി മാത്രമാണ്. ഇപ്പോഴും അവർ നിലകൊള്ളുന്നത് അതിന് വേണ്ടിത്തന്നെ. ഇന്ത്യയിൽ നിക്ഷേപിക്കണമെന്നും ഇന്ത്യയിൽ ബിസിനസ് നടത്തുന്നതിന് തന്റെ ഗവൺമെന്റ് എല്ലാ സൗകര്യവും ചെയ്തുകൊടുക്കുമെന്നും വിദേശ രാജ്യങ്ങളിലെ നിക്ഷേപകരെ ബോധ്യപ്പെടുത്തുന്നതിനായാണ് മോദി തന്റെ നിരന്തരമായ വിദേശയാത്രകളിലൂടെ ശ്രമിക്കുന്നത്. അവരെ പ്രീണിപ്പിക്കുന്നതിനായാണ് 15 മേഖലകളിൽ വിദേശ പ്രത്യക്ഷനിക്ഷേപം ഉദാരവത്കരിച്ചത്. പ്രതിരോധവും റെയിൽവെയും മറ്റും അവയുടെ തന്ത്രപരമായ പ്രാധാന്യം പോലും കണക്കിലെടുക്കാതെയാണ് വിദേശ മൂലധനത്തിനായി തുറന്നിട്ടുകൊടുക്കുന്നത്. മറുഭാഗത്താവട്ടെ അയവേറിയ തൊഴിൽ നിയമങ്ങൾ നടപ്പിലാക്കുന്നതിലൂടെ തൊഴിലാളികെള ചൂഷണം ചെയ്യുന്നത് കൂടുതൽ രൂക്ഷതരമാക്കാനുള്ള അവസരവും ഉണ്ടാക്കി കൊടുത്തു. രാജസ്ഥാൻ നടപ്പിലാക്കിയ ഇത്തരം നിയമങ്ങൾ രാജ്യമെമ്പാടും നടപ്പിലാക്കണമെന്നാണ് ബി ജെ പി പറയുന്നത്. ബിജെപി ഗവൺമെന്റിന്റെ ബജറ്റുകളുടെയും സന്ദേശം ഇതുതന്നെയാണ്. ഇത് ദേശവിരുദ്ധവും ദേശീയതക്ക് എതിരുമാണ്. ഇത് മറച്ചുവെക്കുന്നതിനാണ് ഹിന്ദുദേശീയത എന്ന കപട മുദ്രാവാക്യം ഉയർത്തി ജനങ്ങളെ വർഗീയമായി ചേരിതിരിക്കുന്നതിന് ബി ജെ പി ശ്രമിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News