മെലിഞ്ഞിരിക്കുന്നത് ആകർഷകമല്ലെന്ന് സാനിയ മിർസ; കരുത്തയായിരിക്കുന്നതാണ് സൗന്ദര്യത്തിൻറെ ലക്ഷണമെന്നും സാനിയ

തന്റെ ഫിറ്റ്‌നസിന്റെ രഹസ്യം വെളിപ്പെടുത്തി ടെന്നീസ് താരം സാനിയ മിർസ. എപ്പോഴും ജിമ്മിൽ പോകുകയും നല്ല ഭാരം എടുത്ത് കരുത്തയായിരിക്കുന്നതാണ് ആകർഷണീയമെന്ന് സാനിയ പറഞ്ഞു. വല്ലാതെ മെലിഞ്ഞിരിക്കുന്നത് അത്ര ആകർഷണീയമായ ഒന്നല്ല. തന്നെ സംബന്ധിച്ചിടത്തോളം സെക്‌സിയായിരിക്കുക എന്നാൽ ആരോഗ്യത്തോടെയും കരുത്തോടെയും ഉറച്ച പേശികളോടെയും ഇരിക്കുക എന്നാണെന്നും സാനിയ പറഞ്ഞു. ഫിറ്റ്‌നസ് കാത്തുസൂക്ഷിക്കാൻ ഓരോരുത്തർക്കും അവരവരുടേതായ വഴികളുണ്ടാകും. ഏതാണ് ശരി ഏതാണ് തെറ്റ് എന്ന കാര്യത്തിൽ ഒരു അഭിപ്രായം പറയാൻ താൻ ആളല്ലെന്നും സാനിയ കൂട്ടിച്ചേർത്തു. ഒരു ദേശീയ മാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് സാനിയ ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.
എനിക്ക് ഏതാണു മികച്ചതെന്നു എനിക്കു മാത്രമേ തിരിച്ചറിയൂ. ഒന്നാം നമ്പറായി തുടരാൻ ജിമ്മിൽ പോകുകയും ഭാരം എടുക്കുകയും വേണം. അതുതന്നെയാണ് തന്നെ ഒന്നാം സ്ഥാനത്ത് എത്തിച്ചതും. ഡബിൾസിലായാലും സിംഗിൾസിൽ ആയാലും കഴിഞ്ഞ 10 വർഷമായി താൻ ഒരേ ഫോമിൽ തുടരുന്നതിന്റെ കാരണവും ഇതുതന്നെയാണ്. സ്‌റ്റൈലിഷ് ആയ ഡിസൈനർ വസ്ത്രങ്ങളിലാണ് സാനിയയെ കാണാൻ സാധിക്കുക. അതു തന്റെ കളി ഇഷ്ടപ്പെടുന്നവർ തന്നെക്കുറിച്ച് മോശമായി ചിന്തിക്കാൻ ഇടവരുത്താതിരിക്കാനാണെന്ന് സാനിയ പറയുന്നു.
സാനിയയും മാർട്ടിന ഹിൻഗിസുമാണ് ഇന്ന് ലോകത്തെ ഡബിൾസ് ടീമിൽ ഏറ്റവും അപകടകാരികൾ. അടുത്തിടെയായി പ്രകടനത്തിൽ അൽപം തകർച്ച നേരിട്ടിട്ടുണ്ട്. കഴിഞ്ഞ അഞ്ചു മത്സരങ്ങളിൽ രണ്ടെണ്ണം മാത്രമാണ് സാനിയക്ക് ജയിക്കാനായത്. എന്നാൽ, ഇതു തന്റെ മുന്നോട്ടുള്ള പോക്കിനെ ഒരിക്കലും ബാധിക്കില്ലെന്ന് സാനിയ പറഞ്ഞു. ജയവും തോൽവിയും കളിയിൽ സാധാരണമാണ്. കഴിഞ്ഞ ദിവസം ജോക്കോവിച്ച് പോലും നിസാരനായ എതിരാളിയോട് തോൽവി വഴങ്ങി. അതുകൊണ്ട് തോൽവിയെ അങ്ങനെ കണ്ടാൽ മതിയെന്നും സാനിയ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

Latest News