അടുത്ത ഐപിഎൽ ഇന്ത്യക്ക് പുറത്തേക്ക് മാറ്റിയേക്കുമെന്ന് സൂചന; ബിസിസിഐ ഇക്കാര്യം പരിഗണിക്കുന്നതായി അനുരാഗ് ഠാക്കൂർ

കടുത്ത ജലക്ഷാമത്തെ തുടർന്ന് വിവാദത്തിലായ ഐപിഎൽ അടുത്ത സീസൺ ഇന്ത്യക്ക് പുറത്തേക്ക് മാറ്റാൻ ആലോചിക്കുന്നു. ഇന്ത്യക്ക് പുറത്തുകൂടി ഐപിഎല്ലിനു വേദി അനുവദിക്കുന്ന കാര്യം ഐപിഎൽ ഗവേണിംഗ് കൗൺസിൽ ആലോചിച്ചു വരികയാണെന്ന് ബിസിസിഐ സെക്രട്ടറി അനുരാഗ് ഠാക്കൂർ പറഞ്ഞു. ഇന്ത്യയിലെയും വിദേശത്തെയും വേദികൾ പരിഗണിക്കുന്നുണ്ട്. വേദികളുടെ ലഭ്യതയും അവിടത്തെ സ്ഥിതിഗതികളും പരിശോധിച്ചു വരുകയാണെന്നും അനുരാഗ് ഠാക്കൂർ പറഞ്ഞു. നേരത്തെയും രണ്ടുതവണ ഐപിഎൽ ഇന്ത്യക്കു പുറത്തുവച്ചു നടത്തിയിട്ടുണ്ട്.

കടുത്ത ജലക്ഷാമത്തെ തുടർന്നാണ് ഐപിഎൽ ഇന്ത്യയിൽ നിന്നു മാറ്റുന്ന കാര്യം ബിസിസിഐ ആലോചിക്കുന്നത്. കടുത്ത ജലക്ഷാമം നേരിടുന്ന മഹാരാഷ്ട്ര പോലുള്ള സംസ്ഥാനങ്ങളിൽ ഐപിഎൽ ആഘോഷമായി നടത്തി വെള്ളം ധൂർത്തടിക്കുന്നതിനെ കോടതി പോലും വിമർശിച്ചിരുന്നു. ഇപ്പോൾ തന്നെ മഹാരാഷ്ട്രയിൽ നിന്ന് 12 മത്സരങ്ങൾ മാറ്റിയിട്ടുണ്ട്. കഴിഞ്ഞ ദിവസം ബിസിസിഐ ട്രഷറർ അനുരാഗ് ചൗധരിയും ഐപിഎൽ ഇന്ത്യക്ക് പുറത്തേക്ക് മാറ്റിയേക്കുമെന്ന് ട്വീറ്റ് ചെയ്തിരുന്നു.

നേരത്തെ 2009-ലും 2014-ലുമാണ് ഐപിഎൽ ഇന്ത്യക്ക് പുറത്തു നടത്തിയത്. ഇതുരണ്ടും തെരഞ്ഞെടുപ്പ് സംബന്ധമായ കാരണങ്ങളാലായിരുന്നു. 2009-ൽ തെരഞ്ഞെടുപ്പ് സമയത്തായതിനാൽ ഐപിഎൽ ടൂർണമെന്റ് മുഴുവൻ ദക്ഷിണാഫ്രിക്കയിലാണ് നടന്നത്. 2014-ൽ ആദ്യത്തെ 15 ദിവസത്തെ മത്സരങ്ങൾ നടന്നത് യുഎഇയിൽ ആയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News