കൊല്ലം: ഫേസ്ബുക്കിന്റെ സുരക്ഷ വീഴ്ച്ചയെക്കുറിച്ച് മുന്നറിയിപ്പ് നല്കിയ മലയാളി എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിക്ക് കമ്പനിയുടെ 6.65 ലക്ഷം സമ്മാനം. ചാത്തന്നൂര്‍ എംഇഎസ് എഞ്ചിനീയറിംഗ് കോളജിലെ കമ്പ്യൂട്ടര്‍ സയന്‍സ് ആന്റ് എഞ്ചിനീയറിംഗ് ആറാം സെമസ്റ്റര്‍ വിദ്യാര്‍ത്ഥി അരുണ്‍ എസ് കുമാറിനാണ് ഫേസ്ബുക്കിന്റെ 10,000 യുഎസ് ഡോളര്‍ സമ്മാനം നല്‍കിയത്. പാസ്വേഡ് ഇല്ലാതെ ആര്‍ക്കും ഫേസ്ബുക്ക് അക്കൗണ്ടില്‍ നുഴഞ്ഞുകയറാമെന്ന വീഴ്ചയാണ് അരുണ്‍ കണ്ടെത്തിയത്.
ഫേസ്ബുക്കിന്റെ മെമ്മറി ഡൗണ്‍ലോഡ് ഡൊമൈനായ ലുക്കാസൈഡിന്റെ വീഴ്ചയാണ് അരുണ്‍ കണ്ടെത്തിയത്. പാസ്വേഡ് മറക്കുന്ന അവസരത്തില്‍ ഫേസ്ബുക് അക്കൗണ്ട് തിരിച്ചുകിട്ടാന്‍ എസ്.എം.എസോ ഇമെയിലോ വഴി ആറ് അക്കങ്ങള്‍ അയച്ചുതരാറുണ്ട്. ഇത് 12 തവണയില്‍ കൂടുതല്‍ തെറ്റിച്ച് ടൈപ് ചെയ്താല്‍ സാധാരണ ഉപയോഗിക്കാന്‍ കഴിയാറില്ല.
തെറ്റായ പാസ്വേഡ് ഉപയോഗിച്ചാല്‍ അക്കൗണ്ട് ലോക്കാകുന്ന സംവിധാനം (സെക്യൂരിറ്റി ലോക്ക്) ഈ ഡൊമൈനില്‍ ഉണ്ടായിരുന്നില്ല. ഇത് തടയാനായി ‘ഫുള്‍ അക്കൗണ്ട് ടേക്ക് ഓവര്‍’ എന്ന ബഗ് അരുണ്‍ കണ്ടുപിടിച്ചു. ഇതോടെ ഫേസ്ബുക്കിന്റെ ലോട്ട് ഓഫ് താങ്ക്സ് ലിസ്റ്റില്‍ അരുണ്‍ അഞ്ചാമനായി ഇടംനേടി. ലിസ്റ്റില്‍ സ്ഥാനംനേടുന്ന ആദ്യ മലയാളിയാണ് അരുണ്‍. ലിസ്റ്റിലെ ഒന്നാം സ്ഥാനക്കാരനും ഇന്ത്യക്കാരനാണ്.
ഫേസ്ബുക്കിന് വേണ്ടി മുന്‍പ് ഇത്തരത്തില്‍ അഞ്ചു ബഗുകള്‍ അരുണ്‍ കണ്ടെത്തിയിട്ടുണ്ട്. പേജ് ഡിലീഷന് ബഗിന് 2500 ഡോളര്‍ സമ്മാനം ലഭിച്ചു. ചിറക്കര പഞ്ചായത്ത് യുഡി ക്ലര്‍ക്ക് മുണ്ടയ്ക്കല്‍ വെസ്റ്റ് ശിവവിലാസത്തില്‍ സുരേഷ് കുമാറിന്റെയും നാഗലക്ഷ്മിയുടെയും മകനാണ് അരുണ്‍.

കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here