സൂര്യനിൽ നിന്നു കത്തിച്ച ദീപശിഖയുമായി റിയോയിലേക്ക്; ഒളിംപിക്‌സിന്റെ ദീപശിഖാ പ്രയാണം ആരംഭിച്ചു

ഏഥൻസ്: സൂര്യന്റെ കിരണങ്ങളിൽ നിന്നു കത്തിച്ച ദീപശിഖയുമായി റിയോ ഒളിംപിക്‌സിന്റെ പ്രയാണം ആരംഭിച്ചു. ഗ്രീസിലെ ഒളിംപിയയിൽ നടന്ന പരമ്പരാഗത ചടങ്ങിലാണ് ദീപം തെളിച്ചത്. വിവിധ രാജ്യങ്ങളിലൂടെയുള്ള ദീപശിഖാ പ്രയാണത്തിന് ശേഷം ഓഗസ്റ്റ് അഞ്ചിന് ബ്രസീലിലെ മാറക്കാന സ്റ്റേഡിയത്തിൽ ഒളിംപിക് ദീപം തെളിയും.

യവനവേഷത്തിൽ സുന്ദരിമാർ നൃത്തമാടിയ ചടങ്ങിലായിരുന്നു ഒളിംപിക് ദീപശിഖ തെളിയിച്ചത്. ഗ്രീക്ക് നടി കാതറീന ലെഹൗ ആണ് മുഖ്യവേഷത്തിൽ സുന്ദരിമാർക്കൊപ്പം ആടിപ്പാടാൻ എത്തിയത്. പരമ്പരാഗത പൂജകളെ ഓർമിപ്പിക്കുന്ന ചടങ്ങായിരുന്നു. പ്രകാശത്തിന്റേയും സംഗീതത്തിന്റേയും ഗ്രീക്ക് ദേവൻ അപ്പോളോയോടുള്ള പ്രാർഥനയ്ക്കുശേഷം പ്രത്യേകമായി തയ്യാറാക്കിയ കോൺകേവ് കണ്ണാടിയിൽ സൂര്യപ്രകാശം പതിപ്പിച്ച് ദീപശിഖ തെളിയിച്ചു.

ഗ്രീക്ക് ജിംനാസ്റ്റിക്‌സ് ലോകചാംപ്യൻ എലെഫ്‌തെറിയോസ് പെട്രോനിയാസ് ആണ് ആദ്യം ദീപശിഖ ഏറ്റുവാങ്ങിയത്. തുടർന്ന് വലംകൈയിൽ ദീപശിഖയും ഇടംകൈയിൽ ഒലിവ് ഇലകളുമായി പ്രയാണം. പന്ത്രണ്ടായിരം പേർക്കാണ് ദീപശിഖയേന്താൻ അവസരം ലഭിക്കുക. ആറുദിവസം ഒളിംപിക്‌സിന്റെ ജൻമനാട്ടിൽ ദീപശിഖ പ്രയാണം നടത്തും. മെയ് മൂന്നിന് ദീപശിഖ ആതിഥേയരാജ്യമായ ബ്രസീലിലെത്തും. നൂറു ദിവസം ബ്രസീലിലെ അഞ്ഞൂറിലധികം നഗരങ്ങളിലൂടേയും ഗ്രാമങ്ങളിലൂടേയും സഞ്ചരിച്ച് ഓഗസ്റ്റ് അഞ്ചിന് മാറക്കാനയിലെ ഒളിംപിക് വേദിയിൽ ആ തിരി തെളിയും. പുതിയ വേഗവും ഉയരവും ദൂരവും കുറിയ്ക്കാനുള്ള വെളിച്ചം അവിടെ വിരിഞ്ഞുനിൽക്കും ഓഗസ്റ്റ് 21 വരെ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

Latest News