ദില്ലി: സ്വത്തുവിവരങ്ങൾ അന്വേഷിച്ച ബാങ്കുകളുടെ കൺസോർഷ്യത്തിനെതിരെ വിജയ് മല്യ സുപ്രീംകോടതിയിൽ സത്യവാങ്മൂലം സമർപിച്ചു. തന്റെയോ കുടുംബത്തിന്റെയോ സ്വത്തുക്കളെക്കുറിച്ച് അന്വേഷിക്കുന്നതിന് ബാങ്കുകൾക്ക് അവകാശമില്ലെന്ന് മല്യ സത്യവാങ്മൂലത്തിൽ അവകാശപ്പെട്ടു. വിദേശത്തെ സ്വത്തുവിവരങ്ങളുടെ വിശദാംശങ്ങൾ ആവശ്യപ്പെടാൻ ബാങ്കുകൾക്ക് നിയമപരമായി അവകാശമില്ല. പ്രവാസി സ്വത്തുക്കൾ വെളിപ്പെടുത്തേണ്ടതില്ലെന്നും മല്യ സത്യവാങ്മൂലത്തിൽ അവകാശപ്പെട്ടു. വായ്പ കുടിശികക്കേസിൽ നൽകിയ സത്യവാങ്മൂലത്തിലാണ് മല്യ ഇക്കാര്യം അവകാശപ്പെട്ടത്.
വിദേശത്തുള്ള സ്വത്തുവിവരങ്ങൾ കോടതിയിൽ വെളിപ്പെടുത്തിയാൽ അത് ബാങ്കുകൾക്ക് കൈമാറരുത്. സ്വത്തുവിവരങ്ങൾ മുദ്രവച്ച കവറിൽ കൈമാറാം. ഇതിനു ജൂൺ 26 വരെ സമയം അനുവദിക്കണം. വിദേശത്തുള്ള സ്വത്തുക്കളുടെ അടിസ്ഥാനത്തിലല്ല ബാങ്കുകൾ തനിക്ക് വായ്പ നൽകിയതെന്നും മല്യ സത്യവാങ്മൂലത്തിൽ ചൂണ്ടിക്കാട്ടി.
അതേസമയം, ഈമാസം 21നകം മല്യയ്ക്കും കുടുംബത്തിനും ഇന്ത്യയിലും വിദേശത്തുമായുള്ള മുഴുവൻ സ്വത്തുക്കളെയും കുറിച്ചുള്ള വിവരങ്ങൾ അറിയിക്കാൻ കോടതി നിർദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സത്യവാങ്മൂലം സമർപ്പിച്ചിരിക്കുന്നത്. 17 പൊതുമേഖലാ ബാങ്കുകളിൽനിന്നെടുത്ത 9000 കോടി രൂപയാണ് മല്യ തിരിച്ചടയ്ക്കാനുള്ളത്.
Get real time update about this post categories directly on your device, subscribe now.
Discussion about this post