ബംഗാളില്‍ മൂന്നാംഘട്ടത്തിലും വ്യാപക തൃണമൂല്‍ അക്രമം; ബോംബാക്രമണത്തില്‍ സിപിഐഎം പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു; മൂന്നാംഘട്ടത്തില്‍ 79.22 % പോളിംഗ്

കൊല്‍ക്കത്ത: വ്യാപകമായ അക്രമസംഭവങ്ങള്‍ക്കിടെ പശ്ചിമബംഗാളില്‍ മൂന്നാം ഘട്ട വോട്ടെടുപ്പ് പൂര്‍ത്തിയായി. മൂര്‍ഷിദാബാദ് ജില്ലയില്‍ തൃണമൂല്‍ നടത്തിയ ബോംബാക്രമണത്തില്‍ സിപിഐഎം പ്രവര്‍ത്തകനായ താഹിദുള്‍ ഇസ്ലാം കൊല്ലപ്പെട്ടു. 62 മണ്ഡലങ്ങളിലേക്ക് നടന്ന വോട്ടെടുപ്പില്‍ 79.22 ശതമാനം പോളിങ്ങ് രേഖപ്പെടുത്തി.

ഒന്നും രണ്ടും ഘട്ട വോട്ടെടുപ്പില്‍ വ്യാപക അക്രമസംഭവങ്ങള്‍ ഉണ്ടായതിന്റെ പശ്ചാത്തലത്തില്‍ കൂടുതല്‍ സുരക്ഷാ സേനയെ വിന്യസിച്ചിരുന്നെങ്കിലും മൂന്നാം ഘട്ടത്തിലും അക്രമസംഭവങ്ങള്‍ ആവര്‍ത്തിച്ചു. പോലീസ് നോക്കി നില്‍ക്കെയാണ് പല സ്ഥലത്തും തൃണമൂല്‍ പ്രവര്‍ത്തകര്‍ അക്രമം അഴിച്ചു വിട്ടത്. തോക്കുധാരികളായ അക്രമകാരികള്‍ പലയിടത്തും സിപിഐഎം പ്രവര്‍ത്തകരെ െവോട്ട് ചെയ്യാന്‍ അനുവദിച്ചില്ല.

മൂര്‍ഷിദാബാദ്, നാദിയ ജില്ലകളിലാണ് വ്യാപക അക്രമസംഭവങ്ങള്‍ അരങ്ങേറിയത്. മൂര്‍ഷിദാബാദ് ജില്ലയിലെ ജിത്താപ്പൂര്‍ ഗ്രാമത്തില്‍ തൃണമൂല്‍ പ്രവര്‍ത്തകരുടെ ബോംബാക്രമണത്തില്‍ സിപിഐഎം പ്രവര്‍ത്തകനായ താഹിദുള്‍ ഇസ്ലാം കൊല്ലപ്പെട്ടു. പോളിങ്ങ് ബൂത്തിന് സമീപമാണ് ബോംബാക്രമണം നടന്നത്. ഇലക്ഷന്‍ കമ്മീഷനെതിരെ അപകീര്‍ത്തിരമായി പ്രസ്താവന നടത്തിയ തൃണമൂല്‍ നേതാവ് അന്‍വര്‍ ഖാനെ പോലീസ് അറസ്റ്റ് ചെയ്തു. തിരഞ്ഞെടുപ്പ് കമ്മീഷനെ ഷൂ കൊണ്ട് നേരിടണം എന്നാണ് പ്രവര്‍ത്തകരോട് അന്‍വര്‍ ഖാന്‍ ആഹ്വാനം ചെയ്തത്.

ബല്‍ഗാട്ട നിയോജകമണ്ഡലത്തില്‍ ബൂത്ത് കയ്യേറാന്‍ ശ്രമിച്ച 11 തൃണമൂല്‍ പ്രവര്‍ത്തകരും പിടിയിലായ. പോളിങ്ങ് സ്റ്റേഷന്‍ സന്ദര്‍ശിക്കാനെതതിയ ബിജെപി അസന്‍സോള്‍ എംപിയും കേന്ദ്രമന്ത്രിയുമായ ബാബുല്‍ സുപ്രിയോയെ തൃണമൂല്‍ പ്രവര്‍ത്തകര്‍ കയ്യേറ്റം ചെയ്തു. വിവിധ അക്രമസംഭവങ്ങളിലായി അമ്പതിലധികം പേരെ കൊല്‍ക്കത്ത പോലീസ് അറസ്റ്റ് ചെയ്തു.

62 മണ്ഡലങ്ങളിലേക്ക് നടന്ന മൂന്നാംഘട്ട വോട്ടെടുപ്പില്‍ സിപിഐഎം സിറ്റിങ്ങ് എംഎല്‍എയും മൂന്‍ മന്ത്രിയുമായ അനിസൂര്‍ റഹ്മാന്‍, തൃണമൂല്‍ മന്ത്രി ശശി പാഞ്ച, ബിജെപി ദേശീയ സെക്രട്ടറി രാഹുല്‍ സിന്‍ഹ തുടങ്ങിയ പ്രമുഖര്‍ ജനവിധി തേടി. മൂന്ന് ഘട്ടം പിന്നിട്ടതോടെ 167 മണ്ഡലങ്ങളിലെ വോട്ടെടുപ്പ് പൂര്‍ത്തിയായി. നാലാം ഘട്ടത്തില്‍ 49 മണ്ഡലങ്ങളിലേക്ക് തിങ്കളാഴ്ച വോട്ടെടുപ്പ് നടക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News