ഗ്വാളിയർ: കേട്ടിട്ട് ഞെട്ടിയോ.? നമ്മുടെ സ്വന്തം ഇന്ത്യയിൽ തന്നെയാണ് ഇത്. മധ്യപ്രദേശിലെ ഗ്വാളിയറിലെ ഒരു ആശുപത്രിയിൽ. നൊന്തുപെറ്റ കുഞ്ഞുങ്ങളെ ആശുപത്രിക്ക് വിൽക്കുന്ന അമ്മമാർ. ആ ചോരക്കുഞ്ഞുങ്ങളെ വിറ്റു കാശാക്കുന്ന ആശുപത്രി ജീവനക്കാർ. ബേബി ഫാം എന്നാണ് പൊലീസ് ഈ ആശുപത്രിയെ വിശേഷിപ്പിച്ചത്. ആശുപത്രിയിൽ പൊലീസ് നടത്തിയ റെയ്ഡിൽ മൂന്നു ചോരക്കുഞ്ഞുങ്ങളെ രക്ഷപ്പെടുത്തിയ പൊലീസ് അഞ്ച് ആശുപത്രി ജീവനക്കാരെ അറസ്റ്റ് ചെയ്യുകയും ചെയ്തു.
ഒരുലക്ഷം രൂപയ്ക്കു വരെയാണ് കുഞ്ഞുങ്ങളെ വിൽക്കുന്നത്. 30 കിടക്കകളുള്ള ചെറിയ ആശുപത്രിയാണിത്. രണ്ടു ആൺകുട്ടികളുണ്ടായിരുന്ന ദമ്പതികൾ ഒരു ആൺകുട്ടിയെ ആശുപത്രിയിൽ കൊടുത്ത് പകരം ഒരു പെൺകുട്ടിയെ സ്വന്തമാക്കുന്നതും പൊലീസിന്റെ വീഡിയോയിൽ ഉണ്ട്. ഗർഭം അലസിപ്പിക്കാൻ ആലോചിച്ചിരുന്ന സ്ത്രീകളുടെ കുട്ടികളാണ് ഇത്തരത്തിൽ വിൽക്കപ്പെടുന്നതെന്ന് ക്രൈംബ്രാഞ്ച് എഎസ്പി പ്രതീക് കുമാർ പറഞ്ഞു. ഇവരെ ആശുപത്രി ജീവനക്കാർ ഗർഭം അലസിപ്പിക്കേണ്ടെന്നു പറഞ്ഞു സമ്മതിപ്പിച്ച ശേഷം പ്രസവിച്ച കുട്ടികളെ ആശുപത്രി തന്നെ വാങ്ങുകയായിരുന്നു.
പെൺകുട്ടികളോ രക്ഷിതാക്കളോ ഗർഭം അലസിപ്പിക്കാൻ ആശുപത്രിയെ സമീപിച്ചാൽ രഹസ്യമായും സുരക്ഷിതമായും പ്രസവം നടത്താമെന്നു ആശുപത്രി അധികൃതർ ഇവർക്ക് ഉറപ്പു കൊടുക്കും. പ്രസവശേഷം പെൺകുട്ടി ഡിസ്ചാർജ് ആകുന്നതോടെ ആശുപത്രി അധികൃതർ കുട്ടിയെ വാങ്ങാനുള്ള ദമ്പതികൾക്കായി തെരച്ചിൽ തുടങ്ങുന്നതാണ് രീതി. ആശുപത്രി ഡയറക്ടർ ടി.കെ ഗുപ്ത, മാനേജർ, കുട്ടികളെ വാങ്ങാനെത്തിയ ദമ്പതികൾ എന്നിവരടക്കം അഞ്ചുപേരെയാണ് അറസ്റ്റ് ചെയ്തത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here