ആ കാലം വിദൂരമല്ല; കുടിവെള്ളം പോലും ഇറക്കുമതി ചെയ്യുന്ന ഭീകരകാലഘട്ടം; ഭൂഗർഭജലം കിട്ടാക്കനിയാകും

മുംബൈ: ഓർക്കുമ്പോൾ തന്നെ ചുട്ടുപൊള്ളുന്ന തൊണ്ട വരളുന്ന ആ കാലത്തെ കുറിച്ചാണ് പറഞ്ഞുവരുന്നത്. കുടിവെള്ളം പോലും ഇറക്കുമതി ചെയ്യുന്ന കാലം വരാൻ പോകുന്നുവെന്ന് മുന്നറിയിപ്പ്. 2050ഓടെ ഇന്ത്യയിൽ കുടിവെള്ളം കിട്ടാക്കനിയാകുമെന്നും ഇറക്കുമതി ചെയ്യേണ്ടി വരുമെന്നും വിദഗ്ധർ മുന്നറിയിപ്പു നൽകുന്നു. ഇന്ത്യയിൽ ഭൂഗർഭജലം അതിവേഗത്തിൽ ശൂന്യമായിക്കൊണ്ടിരിക്കുകയാണ്. 2050ഓടെ ഇന്ത്യയിലെ ഭൂഗർഭജലത്തിന്റെ അളവ് ഒരാൾക്ക് 3,120 ലീറ്റർ എന്ന നിലയിലേക്ക് താഴുമെന്നും വിദഗ്ധർ മുന്നറിയിപ്പു നൽകുന്നു. അതായത് ഇനി ഇന്ത്യയിൽ ഭൂഗർഭജലം ലഭിക്കുക 34 വർഷം കൂടി എന്നു സാരം.

2001 മുതലുള്ള കണക്കുകൾ പ്രകാരം ഒരാൾക്ക് ലഭ്യമായ ഭൂഗർഭജലത്തിന്റെ അളവ് 5,120 ലീറ്ററിലേക്ക് താഴ്ന്നിട്ടുണ്ട്. അതായത് 35 ശതമാനത്തിന്റെ കുറവുണ്ടായി. 1951-ൽ ഇത് 14,180 ലീറ്റർ ആയിരുന്നു. എന്നാൽ, 1991 ആയപ്പോഴേക്കും ഇത് നേർപകുതിയായി കുറഞ്ഞു. കണക്കുകൾ പ്രകാരം 2025 ആകുമ്പോഴേക്കും ജലലഭ്യത 1951 എന്ന അടിസ്ഥാന വർഷത്തേതിന്റെ 25 ശതമാനം ആയിരിക്കും എന്നു ചൂണ്ടിക്കാട്ടുന്നു. കേന്ദ്ര ഭൂഗർഭജല ബോർഡിന്റെ പഠനങ്ങൾ പ്രകാരം 2050-ൽ ലഭ്യത 22 ശതമാനമായി കുറയുമെന്നു മുന്നറിയിപ്പ് നൽകുന്നു.

മഴവെള്ളത്തിലൂടെ കുളങ്ങൾ, തോടുകൾ, കിണറുകൾ എന്നിവിടങ്ങളിൽ എത്തിയിരുന്ന ജലത്തിന്റെ അളവിൽ കാര്യമായ കുറവുണ്ടാകുന്നതാണ് ഇതിനു കാരണമെന്ന് വിദഗ്ധർ പറയുന്നു. മരങ്ങളും പച്ചപ്പും നഷ്ടമാകുന്നതും ബോധവത്കരണത്തിന്റെ കുറവുമാണ് ഇതിനു കാരണമായി പറയുന്നത്. അശാസ്ത്രീയ വികസനവും ഭൂഗർഭജലം കുടിവെള്ള ആവശ്യത്തിനല്ലാതെ മറ്റു ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നതുമാണ് ലഭ്യത കുറയാൻ കാരണമെന്ന് കേന്ദ്ര ഭൂഗർഭജല ബോർഡിലെ ഉന്നത ഉദ്യോഗസ്ഥൻ പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News