ഇന്ന് ലോക ഭൗമദിനം

പാരിസ്ഥിതികമായും സാന്ദർഭികമായും ഏറെ പ്രത്യേകതകൾ ഉള്ള ദിവസമാണ് ഇന്ന്. ഏപ്രിൽ 22 ലോക ഭൗമദിനമായി ലോകം ആചരിക്കുന്നു. പരിസ്ഥിതിയുടെ വെല്ലുവിളികളെ അഭിമുഖീകരിക്കുന്ന കുറിച്ച് ചിന്തിക്കാൻ ഈ ഭൗമദിനത്തെ ഉപയോഗിക്കാനാണ് ലോക സംഘടനകൾ ആഹ്വാനം ചെയ്തിട്ടുള്ളത്. മനുഷ്യന്റെ അനിയന്ത്രിതമായ കൈകടത്തൽ ഭൂമിയുടെ നിലനിൽപിനെ ഗുരുതരമായി ബാധിച്ചിട്ടുണ്ട്. പരിസ്ഥിതി വിഭവങ്ങൾ വ്യാപകമായി ചൂഷണം ചെയ്യപ്പെട്ടു. അപ്പോൾ കൊടുംചൂടായി പരിസ്ഥിതി തിരിച്ചടിക്കാൻ തുടങ്ങിയിരിക്കുന്നു. പരിസ്ഥിതിയുടെ വെല്ലുവിളികളെ എങ്ങനെ അഭിമുഖീകരിക്കണം, അതിനെ എങ്ങനെ പരിഹരിക്കണം എന്നതിനെ പറ്റി ചിന്തിക്കാനുള്ള ഒരു ദിവസം കൂടിയാണിത്.

എല്ലാ ദിവസവും ഭൗമദിനമായി കണക്കാക്കുകയും അതിനെ സംരക്ഷിക്കുകയും ചെയ്യേണ്ടതിന്റെ ആവശ്യകതയിലേക്കാണ് ഇപ്പോഴത്തെ സംഭവവികാസങ്ങൾ വിരൽ ചൂണ്ടുന്നത്. ഹരിതഗൃഹ വാതകങ്ങളുടെ ആധിക്യം, പ്ലാസ്റ്റിക്കിന്റെ അമിത ഉപഭോഗം, മരം മുറി എന്നിവയാണ് ഭൂമിയെ നശിപ്പിച്ചു കൊണ്ടിരിക്കുന്നത്. അര ഡിഗ്രി ചൂട് കൂടുമ്പോൾ കടലിലെ ജലനിരപ്പ് ഒരടിയോളം ഉയരുമെന്നാണ് കണക്ക്. തീരപ്രദേശങ്ങളെ വെള്ളത്തിലാക്കാൻ ഇതുമാത്രം മതി. ഭൂമിയുടെ നിലനിൽപ് നമ്മുടേതും കൂടിയാണെന്ന് ഭൗമദിനം വീണ്ടും വീണ്ടും നമ്മെ ഓർമിപ്പിക്കുന്നുണ്ട്. ഭൂമി അതിന്റെ ഭീകരമുഖം പുറത്തെടുത്താൽ മനുഷ്യൻ ഒന്നിനും കൊള്ളാത്ത നോക്കുകുത്തിയാകുമെന്നു മറക്കുന്നു.

ഈ ഭൗമദിനം ചില സത്യപ്രതിജ്ഞകൾക്കു കൂടിയുള്ള വേദിയാക്കണം. മരങ്ങൾ നട്ടുപിടിപ്പിച്ച് ഭൂമിക്ക് കുടപിടിക്കുമെന്ന് നമുക്കു സത്യപ്രതിജ്ഞ ചെയ്യാം. പ്ലാസ്റ്റിക്കുകൾ ഉപയോഗിക്കുന്നത് ഒഴിവാക്കുക അപ്രായിഗികമാണെങ്കിലും കുറയ്ക്കാനുള്ള ശ്രമങ്ങളിൽ നമുക്കു കൂടുതൽ ശ്രദ്ധചെലുത്താം. മാലിന്യങ്ങൾ കൂട്ടിയിട്ടു കത്തിക്കുന്നത് പരമാവധി നിയന്ത്രിക്കാം. നമ്മുടെ ഭൂമിയെ നമുക്കു തന്നെ സംരക്ഷിക്കാം. പ്രകൃതിയിലേക്കുള്ള തിരിച്ചുപോക്കിലൂടെ നാളത്തെ തലമുറയുടെ ദുർവിധി നമുക്കു തന്നെ തിരുത്താം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here