ടൈം മാഗസിന്റെ കരുത്തരുടെ പട്ടികയിൽ നിന്ന് മോദി പുറത്ത്; രഘുറാം രാജനും പ്രിയങ്ക ചോപ്രയും പട്ടികയിൽ; മാഗസിന്റെ കവർ പേജിലും പ്രിയങ്ക തന്നെ താരം

ന്യൂയോർക്ക്: ലോകത്തെ കരുത്തരായ 100 വ്യക്തികളുടെ പട്ടികയിൽ ഈവർഷം പ്രധാനമന്ത്രി നരേന്ദ്രമോദി ഇല്ല. നരേന്ദ്രമോദിയെ ഒഴിവാക്കി ടൈം മാഗസിൻ ലോകത്തെ 100 കരുത്തരുടെ പട്ടിക പുറത്തിറക്കി. റിസർവ് ബാങ്ക് ഗവർണർ രഘുറാം രാജൻ, ടെന്നീസ് താരം സാനിയ മിർസ, ബോളിവുഡ് നടി പ്രിയങ്ക ചോപ്ര, ഫ് ളിപ്കാർട്ട് സ്ഥാപകാരയ ബിന്നി ബൻസാൽ, സച്ചിൻ ബൻസാൽ, പരിസ്ഥിതി പ്രവർത്തക സുനിത നരെയ്ൻ എന്നിവരാണ് പട്ടികയിൽ ഇടംപിടിച്ച ഇന്ത്യക്കാർ. ടൈം മാസികയുടെ കരുത്തരുടെ വാർഷിക പതിപ്പിന്റെ കവർ പേജിലെ താരവും പ്രിയങ്ക ചോപ്ര തന്നെയാണ്.

കഴിഞ്ഞ വർഷത്തെ കരുത്തരുടെ പട്ടികയിൽ നരേന്ദ്രമോദി ഉൾപ്പെട്ടത് വലിയ വാർത്തയായിരുന്നു. ഈവർഷവും മോദി പ്രാഥമിക പരിഗണനയിൽ തന്നെയുണ്ടായിരുന്നെങ്കിലും അവസാനത്തെ 100 പേരുടെ പട്ടികയിൽ ഇടംപിടിക്കാതെ പുറത്താകുകയായിരുന്നു. ഇന്ത്യൻ വംശജരായ ഗൂഗിൾ സിഇഒ സുന്ദർ പിച്ചൈ, ഹാസ്യനടൻ അസീസ് അൻസാരി, ആരോഗ്യപ്രവർത്തകൻ രാജ് പഞ്ചാബി എന്നിവരും പട്ടികയിലുണ്ട്.

ഫ്രാൻസിസ് മാർപാപ്പ, യുഎസ് പ്രസിഡന്റ് ബറാക് ഒബാമ, റഷ്യൻ പ്രസിഡന്റ് വഌദിമിർ പുടിൻ, ഫ്രഞ്ച് പ്രസിഡന്റ് ഫ്രാങ്കോയിസ് ഹൊളാന്ദെ, കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ, ചൈനീസ് പ്രസിഡന്റ് ഷി ജിൻ പിങ്, യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ മത്സരരംഗത്തുള്ള ഹിലരി ക്ലിന്റൺ, ടെഡ് ക്രൂസ്, മ്യാൻമർ നേതാവ് ഓങ് സാൻ സൂകി, ഫേസ്ബുക്ക് ഉടമകളായ മാർക്ക് സുക്കർബർഗ്, ഭാര്യ പ്രിസില്ല, ഐഎംഎഫ് മേധാവി ക്രിസ്റ്റീൻ ലെഗാർദെ, നടൻ ലിയൊണാർഡോ ഡി കാപ്രിയോ എന്നിവരാണു മറ്റു പ്രമുഖർ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here