അമേരിക്കൻ ഉപഗ്രഹം ഐഎസ്ആർഒ വിക്ഷേപിക്കുന്നതിൽ അമേരിക്കൻ കമ്പനികൾക്ക് എതിർപ്പ്; ഐഎസ്ആർഒ അമേരിക്കയുടെ വളർച്ചയ്ക്ക് തിരിച്ചടിയെന്ന് കമ്പനികൾ

വാഷിംഗ്ടൺ: ബഹിരാകാശ ഗവേഷണ രംഗത്ത് ഇന്ത്യയുമായി സഹകരിക്കാനുള്ള യുഎസ് തീരുമാനത്തിനെതിരെ അമേരിക്കയിലെ സ്വകാര്യ കമ്പനികൾ രംഗത്ത്. ഉപഗ്രഹ വിക്ഷേപണത്തിന് ഐഎസ്‌ഐആർഒയുടെ സഹായം തേടാനുള്ള നീക്കത്തിനെതിരെയാണ് അമേരിക്കൻ സ്വകാര്യ കമ്പനികളുടെ പടയൊരുക്കം. യുഎസിൽ വളർച്ചയുടെ പാതയിലുള്ള സ്വകാര്യ ബഹിരാകാശ ഗവേഷണ കമ്പനികളെ ഇന്ത്യയുമായുള്ള സഹകരണം പിന്നോട്ടടിക്കുമെന്നാണ് എതിർപ്പുയർത്തുന്ന കമ്പനികൾ മുന്നോട്ടു വയ്ക്കുന്ന പ്രധാന വാദം.

യുഎസ് നിർമിത ഉപഗ്രഹങ്ങൾ ഭ്രമണപഥത്തിലെത്തിക്കുന്നതിന് താരതമ്യേന ചെലവുകുറഞ്ഞ ഐഎസ്ആർഒയുടെ റോക്കറ്റുകളെ ആശ്രയിക്കാൻ യുഎസ് സർക്കാർ തീരുമാനിച്ചിരുന്നു. എന്നാൽ, ഐഎസ്ആർഒയോട് മത്സരിക്കുക തങ്ങളെ സംബന്ധിച്ചിടത്തോളം അസാധ്യമാണെന്നാണ് യുഎസ് കമ്പനികളുടെ നിലപാട്. ഇന്ത്യൻ സർക്കാർ വൻതോതിൽ സബ്‌സിഡി നൽകുന്നുണ്ട്. അതുകൊണ്ട് അവർക്ക് തീരെ ചെലവുകുറഞ്ഞ രീതിയിൽ ഉപഗ്രഹങ്ങൾ ഭ്രമണപഥത്തിലെത്തിക്കാൻ ഐഎസ്ആർഒയ്ക്ക് സാധിക്കും. അതുകൊണ്ടുതന്നെ ഇന്ത്യയുമായി ഈ രംഗത്ത് യുഎസ് സർക്കാർ സഹകരിക്കുന്നത് തങ്ങളുടെ വളർച്ചയെ ബാധിക്കുമെന്നാണ് സ്വകാര്യ കമ്പനികളുടെ പരാതി.

സാറ്റലൈറ്റുകൾ ഭ്രമണപഥത്തിലെത്തിക്കാൻ സർക്കാർ സഹായത്തോടെ പ്രവർത്തിക്കുന്ന ഒരു വിദേശ ഏജൻസിയുടെ സഹായം തേടുന്നത് ശരിയല്ലെന്ന് യുഎസിലെ കമേഴ്‌സ്യൽ സ്‌പേസ് ഫ് ളൈറ്റ് ഫെഡറേഷൻ പ്രസിഡന്റ് എറിക് സ്റ്റാൾമെർ പറഞ്ഞു. ഇക്കാര്യത്തിൽ ഇന്ത്യയും യുഎസിലെ സ്വകാര്യ കമ്പനികളും തമ്മിലാണ് മത്സരം. കൂടുതലായി ഇന്ത്യൻ സഹായം തേടുന്നത് രാജ്യതാൽപര്യങ്ങൾക്ക് വിരുദ്ധവും ഈ മേഖലയിൽ സ്വകാര്യ കമ്പനികൾ ചെയ്യുന്ന ജോലിയെ ഇടിച്ചുതാഴ്ത്തലുമാണ്. വാണിജ്യാടിസ്ഥാനത്തിലുള്ള ബഹിരാകാശ ഗവേഷണ രംഗത്ത് നിക്ഷേപം നടത്തിയിട്ടുള്ള സർക്കാർ ഏജൻസികൾക്കും സ്വകാര്യ കമ്പനികൾക്കും ഈ തീരുമാനം തിരിച്ചടിയാകുമെന്നും സ്റ്റാൾമെർ പറയുന്നു.

ബഹിരാകാശ വാഹനങ്ങളെ ഭ്രമണപഥത്തിലെത്തിക്കുന്നതിനുള്ള യുഎസിന്റെ കഴിവിലുമധികം സാറ്റലൈറ്റുകൾ നിർമിക്കപ്പെടുന്നതാണ് നിലവിലെ പ്രതിസന്ധിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ഉപയോഗിക്കാതെയിരിക്കുന്ന സാറ്റലൈറ്റ് ഒരു തരത്തിലുള്ള സാമ്പത്തിക മെച്ചവും നൽകുന്നില്ല. ഇക്കാരണത്താലാണ് ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളെ ഇക്കാര്യത്തിൽ യുഎസ് ആശ്രയിക്കേണ്ടി വരുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here