ഇക്കുറി തെരഞ്ഞെടുപ്പ് ഹൈടെക്ക്; തെരഞ്ഞെടുപ്പു നടപടികൾക്കായി മൊബൈൽ ആപ്പ്

വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ടെടുപ്പ് ദിനത്തിലെ നടപടിക്രമങ്ങൾ നിരീക്ഷിക്കാനും തെരഞ്ഞെടുപ്പ് നടപടികൾ കൂടുതൽ സുഗമമാക്കാനും തെരഞ്ഞെടുപ്പ് കമീഷന്റെ മേൽനോട്ടത്തിൽ പ്രത്യേക മൊബൈൽ ആപ് സജ്ജമാകുന്നു. നീതിയുക്തമായ തെരഞ്ഞെടുപ്പ് ഉറപ്പുവരുത്താൻ സാങ്കേതിക വിദ്യയുടെ ഉപയോഗം പരമാവധി ഉപയോഗിക്കാനാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ ഇത്തരമൊരു നീക്കത്തിലൂടെ ശ്രമിക്കുന്നത്. ഈ പ്രത്യേക മൊബൈൽ ആപ് അധിഷ്ഠിത നിരീക്ഷണ സംവിധാനത്തിനൊപ്പം വെബ് കാസ്റ്റിംങ്, വീഡിയോ റെക്കോർഡിംഗ് എന്നിവയും വോട്ടെടുപ്പ് ദിനത്തിൽ ഏർപ്പെടുത്തും. സംസ്ഥാന ഐ.ടി മിഷന്റെ സഹായത്തോടെയാണ് ഈ സൗകര്യങ്ങൾ നടപ്പിലാക്കുന്നത് .

പോളിംഗ് ബൂത്തുകളിൽ നിന്ന് സെക്ടറൽഓഫീസർമാർ, റിട്ടേണിംഗ്ഓഫീസർമാർ, ജില്ലാതെരഞ്ഞെടുപ്പ് ഓഫീസർമാർ, മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ, തെരഞ്ഞെടുപ്പ് കമ്മീഷൻ എന്നിവരിലേക്ക് വിവരങ്ങൾ കൈമാറാൻ ആൻഡ്രോയ്ഡ്/എസ്.എം.എസ് അധിഷ്ഠിത സംവിധാനത്തിനാണ് സംസ്ഥാനഐ.ടി മിഷൻ രൂപം നൽകിയിരിക്കുനത്. ബൂത്തുകളിൽനിന്നുള്ള തത്സമയ വിവരങ്ങൾ വെബ് അധിഷ്ഠിത ഡാഷ്ബോർഡിലേക്കും റിപ്പോർട്ടിംഗ് സംവിധാനത്തിലേക്കും കൈമാറാൻ ഇതു വഴി സാധിക്കും.

ഈ മൊബൈൽ ആപ് അധിഷ്ഠിത അപ്‌ഡേഷൻ സംവിധാനത്തിലൂടെ പ്രിസൈഡിംഗ്ഓഫീസർക്കും പോളിംഗ്ഓഫീസർമാർക്കും വോട്ടെടുപ്പ് സംബന്ധിച്ച വിവരങ്ങൾ കൈമാറാൻ സാധിക്കും. തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ട ജീവനക്കാർ പുറപ്പെടുന്നതും, നിർദ്ദിഷ്ട കേന്ദ്രങ്ങളിലെത്തുന്നത് സംബന്ധിച്ച വിവരം, മോക്ക് പോളിംഗ് സംബന്ധിച്ച വിശദാംശങ്ങൾ, സീൽചെയ്ത ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ, വോട്ടിംഗ് ആരംഭിച്ചതിനെക്കുറിച്ചുള്ള വിവരങ്ങൾ, ഓരോ അരമണിക്കൂർ കൂടുമ്പോഴും വോട്ട് ചെയ്തവരുടെഎണ്ണം, പോളിംഗ് അവസാനിക്കുമ്പോഴുള്ള അവസ്ഥ, അന്തിമ വോട്ടിംഗ് ശതമാനം, തെരഞ്ഞെടുപ്പ് സാമഗ്രികൾ തിരിച്ചേൽപ്പിക്കൽ എന്നിവ സംബന്ധിച്ച വിവരങ്ങൾ ഈ സംവിധാനം വഴി സമർപ്പിക്കാം. ഇതിനായി പോളിംഗ് ഉദ്യോഗസ്ഥർക്ക് പ്രത്യേക മൊബൈൽ ആപ്ലിക്കേഷൻ ലഭ്യമാക്കും. അതാത് ബൂത്തുകൾക്ക് നൽകിയിരിക്കുന്ന യൂസർഐഡി, പാസ്വേർഡ് എന്നിവ നൽകി ഇത് ഉപയോഗിക്കാം

പോളിംഗ് ഉദ്യോഗസ്ഥർക്ക് വിവരങ്ങൾ നൽകാൻ പ്രത്യേക മാതൃകയൊന്നുംഓർത്തുവെക്കേണ്ടതില്ല മൊബൈൽ ഫോണിലെ ആപ്ലിക്കേഷൻ തുറന്ന് നിർദ്ദിഷ്ട വിവരങ്ങൾ സമർപ്പിച്ചാൽ മാത്രം മതി. ഇവർക്ക് ഈ മൊബൈൽ സോഫ്‌റ്റ്വെയറിൽ പരിശീലനം നൽകുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ ഉദ്യോഗസ്ഥർ പറയുന്നു.പോളിംഗ് ഉദ്യോഗസ്ഥർ ഉപയോഗിക്കുന്ന മൊബൈൽഫോണിൽ ഇന്റർനെറ്റ്സൗകര്യമില്ലെങ്കിൽ ഈ ആപ്ലിക്കേഷൻ അത് തിരിച്ചറിഞ്ഞ് വിവരങ്ങൾ എസ്.എം.എസ് ആയി അയക്കും.

തങ്ങൾ നൽകുന്ന വിവരങ്ങൾ നിർദ്ദിഷ്ട കേന്ദ്രങ്ങളിൽ ലഭ്യമായി എന്നറിയിച്ചുകൊണ്ടുള്ള സന്ദേശങ്ങൾ പോളിംഗ്ഓഫീസർമാർക്ക് ലഭിക്കും. ഇതുവഴിവിവരങ്ങൾ കൃത്യമായി സമർപ്പിച്ചുവെന്ന് ഉദ്യോഗസ്ഥർക്ക് ഉറപ്പുവരുത്താം. നിശ്ചിതസമയത്തിനകം വിവരങ്ങൾ സമർപ്പിച്ചിട്ടില്ലെങ്കിൽ പോളിംഗ് ഉദ്യോഗസ്ഥർക്ക് ഇതു സംബന്ധിച്ച ഓർമ്മപ്പെടുത്തലുകൾ എസ്.എം.എസ് രൂപത്തിൽ ലഭ്യമാവും. ഉദാഹരണത്തിന് രാവിലെ 6 മണിക്ക് മോക്ക് പോളിംഗ് ആരംഭിച്ചത് സംബന്ധിച്ച വിവരങ്ങൾ ആപ്ലിക്കേഷൻ വഴി സമർപ്പിച്ചിട്ടില്ലെങ്കിൽ പ്രിസൈഡിംഗ്ഓഫീസർമാർക്ക് അതു സംബന്ധിച്ചുള്ള ഓർമ്മപ്പെടുത്തൽ സന്ദേശം ലഭിക്കും.

വോട്ടെടുപ്പ് നടപടിക്രമങ്ങൾ തടസ്സപ്പെടുത്തുന്ന എന്തെങ്കിലും സംഭവങ്ങളുണ്ടായാൽ ഉദ്യോഗസ്ഥർക്ക് ആപ്പുവഴി അത് റിപ്പോർട്ട്ചെയ്യാം. അത്തരം സംഭവങ്ങളുടെ ഫോട്ടോ എടുത്ത് മൊബൈൽ ആപ്പുവഴി അപ്ലോഡ്ചെയ്യുകയുംചെയ്യാം. തെരഞ്ഞെടുപ്പ് നടപടികൾ തത്സമയംസൂക്ഷ്മമായി നിരീക്ഷിക്കാനും ഇലക്ട്രോണിക് വോട്ടിം യന്ത്രങ്ങളുടെ തകരാറുകൾ പരിഹരിക്കൽ, കള്ളവോട്ട് തടയൽ എന്നിവയ്ക്കും ഈ സംവിധാനം ഏറെ പ്രയോജനപ്പെടും.

സെക്ടറൽഓഫീസർമാർ, റിട്ടേണിംഗ്ഓഫീസർമാർ, ജില്ലാതെരഞ്ഞെടുപ്പ് ഓഫീസർമാർ, മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ എന്നിവർക്ക് തങ്ങളുടെ മേഖലകളിലെ ഇലക്ഷൻ നടപടിക്രമങ്ങൾ സൂക്ഷ്മമായി നിരീക്ഷിക്കാൻ ഇതുവഴി സാധിക്കും. നിശ്ചിത ഇടവേളകളിൽ വിവരങ്ങൾ സമർപ്പിക്കാത്ത പോളിംഗ്സ്റ്റേഷനുകളുടെവിവരങ്ങൾ എളുപ്പത്തിൽ ഉദ്യോഗസ്ഥർക്ക് ലഭ്യമാവുകയുംചെയ്യും.

ഇത്തരം നൂതന സാങ്കേതിക വിദ്യയുടെ സഹായത്തോടെ തെരഞ്ഞെടുപ്പ് ഹൈടെക് ആക്കുന്നത് മതിയായ മുന്നൊരുക്കങ്ങൾ നടത്തിയ ശേഷമാണെങ്കിൽ ഇത് തെരഞ്ഞെടുപ്പിനായി നിയോഗിക്കപ്പെട്ട ജീവനക്കാർക്ക് പ്രയോജനപ്രദമായേക്കാം. ജീവനക്കാരുടെ മൊബൈൽ ഫോണിൽ സിഗ്‌നൽ ലഭിക്കാത്ത സ്ഥലങ്ങളിൽ എന്ത് സംവിധാനമാകും ഉപയോഗിക്കുക എന്നതിൽ അവ്യക്തതയുണ്ട്. ആപ്പ് പ്രവർത്തിപ്പിക്കുന്നത് ജീവനക്കാരുടെ ആൻഡ്രോയിഡിൽ പ്രവർത്തിക്കുന്ന സ്മാർട്ട് ഫോൺ ഉപയോഗിച്ച് വേണമെന്നത് എത്രത്തോളം പ്രായോഗികമാകുമെന്ന് കാത്തിരുന്നു കാണേണ്ടത് തന്നെയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News