ബോബി സിംഹയ്ക്ക് രശ്മി മേനോന്‍ ജീവിതപങ്കാളി; വിവാഹച്ചടങ്ങുകള്‍ നടന്നത് തിരുപ്പതിയില്‍; പങ്കെടുത്തത് അടുത്ത ബന്ധുക്കള്‍ മാത്രം

ദേശീയ അവാര്‍ഡ് ജേതാവും നേരം സിനിമയിലൂടെ മലയാളികള്‍ക്ക് സുപരിചിതനുമായ തമിഴ് താരം ബോബി സിംഹ വിവാഹിതനായി.തമിഴ് താരമായ രശ്മി മേനോന്‍ ആണ് വധു. ഹിന്ദുമത ആചാരപ്രകാരം തിരുപ്പതിയിലാണ് വിവാഹച്ചടങ്ങുകള്‍ നടന്നത്.

അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്. രണ്ട് ദിവസത്തിന് ശേഷം സംഘടിപ്പിക്കുന്ന റിസപ്ഷന്‍ വിപുലമായി നടത്താനാണ് താരങ്ങളുടെ തീരുമാനം.

കഴിഞ്ഞ നവംബര്‍ എട്ടിനായിരുന്നു ഇരുവരുടെയും വിവാഹ നിശ്ചയം. വിവാഹത്തോട് രശ്മിയുടെ വീട്ടുകാര്‍ക്ക് ആദ്യം എതിര്‍പ്പുണ്ടായിരുന്നു. എന്നാല്‍ പിന്നീട് അത് മാറുകയുമായിരുന്നു. ഉറുമീന്‍ എന്ന തമിഴ് ചിത്രത്തിന്റെ സെറ്റില്‍ വച്ചാണ് ഇരുവരും പ്രണയത്തിലായത്. വിവാഹത്തിന് ശേഷവും അഭിനയജീവിതം സജീവമായിത്തന്നെ തുടരാനാണ് ഇരുവരുടെയും തീരുമാനം.

2012ല്‍ കാതലില്‍ സൊവപ്പുവദ് യെപ്പടി എന്ന തമിഴ് സിനിമയിലൂടെ അരങ്ങേറ്റം കുറിച്ച ബോബിക്ക് ജിഗര്‍ദണ്ഡയിലെ അഭിനയത്തിനാണ് ദേശീയ പുരസ്‌കാരം ലഭിച്ചത്. നേരത്തില്‍ വട്ടിരാജയായും വടക്കന്‍ സെല്‍ഫിയുടെ ക്ലൈമാക്‌സ് രംഗത്തും അതിഥി താരമായി ബോബി സിംഹ എത്തിയിരുന്നു.

വല്ലവനുക്കും വല്ലവന്‍ എന്ന ചിത്രത്തിലാണ് ബോബി സിംഹ അടുത്തതായി അഭിനയിക്കുന്നത്. കോ 2, പാമ്പു സട്ടൈ, മെട്രോ തുടങ്ങിയവയാണ് കരാറായിരിക്കുന്ന മറ്റു ചിത്രങ്ങള്‍. ‘ഹൈദരാബാദ് ലൗ സ്‌റ്റോറി’യാണ് രശ്മിയുടെ റിലീസിനൊരുങ്ങുന്ന ചിത്രം.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here