ജനങ്ങളെല്ലാം മരമണ്ടന്മാരെന്ന മട്ടിലാണ് സുധീരനും ഉമ്മന്‍ ചാണ്ടിയും പച്ചകള്ളം തട്ടിവിടുന്നതെന്ന് വിഎസ്; വീടുകളും സ്വകാര്യ വാഹനങ്ങളും മിനി ബാറുകളായി; യുഡിഎഫ് നേതാക്കള്‍ പറയുന്ന ബാറുകളൊന്നും പൂട്ടിയിട്ടില്ല

തിരുവനന്തപുരം: മദ്യത്തിന്റെ ഉപഭോഗം ഘട്ടം ഘട്ടമായി കുറച്ചു കൊണ്ട് വരികയും മദ്യവര്‍ജ്ജനം നടപ്പിലാക്കുകയും ചെയ്യുന്നതാണ് സിപിഐഎമ്മിന്റെ മദ്യനയമെന്ന് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍.
‘യെച്ചൂരി പറഞ്ഞതാണ് പാര്‍ട്ടിയുടെ മദ്യനയം
ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ മദ്യനയം സുവ്യക്തമാണ്. മദ്യത്തിന്റെ ഉപഭോഗം ഘട്ടം ഘട്ടമായി കുറച്ചു കൊണ്ട് വരികയും മദ്യവര്‍ജ്ജനം നടപ്പിലാക്കുകയും ആണ് ആ നയം. സിപിഐഎം ജനറല്‍ സെക്രട്ടറി സ:സീതാറാം യച്ചൂരി അടച്ച ബാറുകള്‍ തുറക്കുകയില്ലെന്ന് വ്യക്തമാക്കിയതും ഈ നയം നടപ്പിലാക്കുന്നതിന്റെ ഭാഗമായിട്ടാണ് ഞങ്ങള്‍ കാണുന്നത്. ഇവിടെ എവിടെയാണ് ആശയക്കുഴപ്പം? എന്നാല്‍ ഒരു ആശയക്കുഴപ്പവും ഇല്ലാത്ത കാര്യങ്ങളിലും രാഷ്ട്രീയ ലക്ഷ്യം വച്ച് ആശയക്കുഴപ്പം ഉണ്ടാക്കുന്നതാണ് UDFന്റെയും BJPയുടെയും പ്രധാന പരിപാടി.’

‘UDF നേതാക്കളാകട്ടെ ഒരേ സമയം വേട്ടക്കാരനോടൊപ്പം വേട്ടയാടുകയും മുയലിനോടെപ്പം ഓടുകയും ആണ്. ഏറ്റവും ഒടുവില്‍ പുറത്ത് വന്നിരിക്കുന്ന ഞെട്ടിപ്പിക്കുന്ന ഭൂമി കച്ചവടത്തിന്റെ കാര്യം തന്നെ എടുക്കാം. ബാങ്കുകളില്‍ നിന്ന് എണ്ണായിരം കോടിയിലധികം രൂപ അടിച്ചുമാറ്റി മോദി സര്‍ക്കാരിന്റെ ഒത്താശയോട് കൂടി നാട് വിട്ട മദ്യ മുതലാളിയാണ് വിജയ് മല്യ. ഇദ്ദേഹത്തിന്റെ കമ്പനിക്ക് ഡിസ്റ്റലറി സ്ഥാപിക്കാന്‍ പാലക്കാട് ജില്ലയിലെ കഞ്ചിക്കോട് ചുളുവിലയ്ക്ക് സര്‍ക്കാരിന്റെ 20 ഏക്കര്‍ ഭൂമി ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ കച്ചവടം ചെയ്തു. എല്ലാ നിയമങ്ങളും കാറ്റില്‍ പറത്തിയാണ് ഇത് ചെയ്തത്. 10 കൊല്ലം കൊണ്ട് മദ്യനിരോധനം നടപ്പിലാക്കുമെന്ന് അവകാശപ്പെടുന്ന UDF സര്‍ക്കാര്‍ അല്പമെങ്കിലും ആത്മാര്‍ത്ഥതയുണ്ടെങ്കില്‍ മദ്യനയത്തിന്റെ ഭാഗമായി ഈ ഭൂമി തിരിച്ചെടുക്കേണ്ടതല്ലേ? കൂടുതല്‍ ഡിസ്റ്റലറികള്‍ തുടങ്ങിയാണോ മദ്യനിരോധനം നടപ്പിലാക്കേണ്ടത്?’

‘ബാറുകള്‍ പൂട്ടിയെന്നാണ് ഉമ്മന്‍ ചാണ്ടിയും സുധീരനും അവകാശപ്പെടുന്നത്. ഒരു ബാറും പൂട്ടിയിട്ടില്ല. അവിടെയെല്ലാം വീര്യം കൂടിയ ബിയറും അതിനേക്കാള്‍ വീര്യം കൂടിയ വൈനും യഥേഷ്ടം വില്‍ക്കുന്നു. ഈ ബാറുകളില്‍ വ്യാജമദ്യം വില്‍ക്കപ്പെടുന്നതായി ആക്ഷേപമുണ്ട്. മയക്കുമരുന്നിന്റെയും കഞ്ചാവിന്റെയും ഉപഭോഗം വര്‍ദ്ധിച്ച് വരുന്നതായി കണക്കുകളും പഠനങ്ങളും പറയുന്നു. വീടുകളും സ്വകാര്യ വാഹനങ്ങളും വരെ മിനി ബാറുകളായി പ്രവര്‍ത്തിക്കുന്നു. എന്നിട്ട് കേരളത്തിലെ ജനങ്ങളെല്ലാം മരമണ്ടന്മാരെന്ന മട്ടിലാണ് വി.എം. സുധീരനും ഉമ്മന്‍ ചാണ്ടിയും ബാറുകള്‍ പൂട്ടിയെന്നും മദ്യത്തിന്റെ ഉപഭോഗം കുറച്ചുവെന്നും പച്ചകള്ളം തട്ടിവിടുന്നത്. കഴിഞ്ഞ ദിവസം നെടുമ്പാശ്ശേരി എന്ന പതിനായിരം പേര്‍ മാത്രം പാര്‍ക്കുന്ന സ്ഥലത്ത് മൂന്ന് ബാറുകള്‍ ഒറ്റയടിക്ക് അനുവദിച്ചത്. പുതിയ ഫൈവ് സ്റ്റാര്‍ ലൈസന്‍സിന് വേണ്ടി ബിനാമി പേരുകളില്‍ ഇപ്പോഴത്തെ ബാറുകാര്‍ വന്നാല്‍ അവര്‍ക്കും കിട്ടും UDF മദ്യ നയമനുസരിച്ച് ലൈസന്‍സ്.’

‘എന്നാല്‍ LDF സര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍ ഒരു പുതിയ ബാറും തുറക്കുകയില്ല. നിലവിലുള്ള മദ്യവിതരണ സമ്പ്രദായം അഴിച്ച് പണിയും. മദ്യത്തിന്റെ ഉപഭോഗം യഥാര്‍ത്ഥത്തില്‍ കുറയ്ക്കുന്നതിനുള്ള അഴിച്ചുപണിയായിരിക്കും ഇത്. ബാറുകളെല്ലാം ഒറ്റയടിക്ക് പൂട്ടുകയല്ല വേണ്ടത്. മദ്യവര്‍ജ്ജനത്തിന് സഹായകമായ ഒരു സംസ്‌ക്കാരം വളര്‍ത്തിയെടുക്കുകയും അതിനുള്ള പ്രചാരവേല സംഘടിപ്പിക്കുകയും ആണ് വേണ്ടത്. ഫലപ്രദമായി പുകവലിക്കെതിരെ അങ്ങനെയൊരു സംസ്‌ക്കാരം വളര്‍ന്ന് വന്നിട്ടുണ്ട്. ഇതിന്റെ ചുവട്പിടിച്ചുള്ള നടപടിയായിരിക്കും LDF അധികാരത്തില്‍ വന്നാല്‍ എടുക്കുന്നത്.’

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News