കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഉടമ പങ്കാളിത്തത്തിൽ നിന്ന് സച്ചിൻ പിൻവാങ്ങുന്നോ? പകുതി ഓഹരികൾ വിൽക്കാൻ സച്ചിൻ തീരുമാനിച്ചു

കൊച്ചി: ഇന്ത്യൻ സൂപ്പർ ലീഗിൽ കേരളത്തിന്റെ സ്വന്തം ടീമായ കേരള ബ്ലാസ്റ്റേഴ്‌സിന് പുതിയ ഉടമകൾ വരുന്നു. പുതിയ ഒരു പങ്കാളിയെ കൂടി ചേർക്കാൻ ടീം ഉടമസ്ഥൻ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കർ തീരുമാനിച്ചു. ഇതിനായി സച്ചിന്റെ കൈവശമുള്ള ഓഹരികളിൽ പകുതി വിൽക്കാനാണ് തീരുമാനം. ഇപ്പോൾ സച്ചിന്റെ കൈവശം 40 ശതമാനം ഓഹരികളാണ് ഉള്ളത്. ഇതിൽ 20 ശതമാനം ഓഹരികൾ പുതിയ നിക്ഷേപകനു വിൽക്കാനാണ് തീരുമാനം. ഹൈദരാബാദ് ആസ്ഥാനമായ പ്രസാദ് ഗ്രൂപ്പാണ് സച്ചിന്റെ പകുതി ഓഹരിയടക്കം ടീമിന്റെ ഭൂരിഭാഗം ഓഹരിയും വാങ്ങാൻ തീരുമാനിച്ചിരിക്കുന്നതെന്നാണ് സൂചന. ഐഎസ്എൽ രണ്ടാം സീസണിൽ ബ്ലാസ്‌റ്റേഴ്‌സ് തീരെ നിരാശപ്പെടുത്തിയിരുന്നു.

പുതിയ നിക്ഷേപകർക്ക് ടീമിന്റെ 80 ശതമാനം ഓഹരി പങ്കാളിത്തം ഉണ്ടാകുമെന്നാണ് സൂചന. അതായത് ഇതിനു സച്ചിന്റെ കൈവശമുള്ള 20 ശതമാനം ഓഹരികൾ കൂടിയുണ്ടെങ്കിലേ സാധിക്കൂ. 60 ശതമാനം ഓഹരികൾ പിവിപി വെഞ്ച്വേഴ്‌സിന്റെ കൈവശമായിരുന്നു. എന്നാൽ, കഴിഞ്ഞ വർഷം മാർച്ചിൽ പിവിപി വെഞ്ച്വേഴ്‌സിൽ നിന്ന് സാമ്പത്തിക ക്രമക്കേടുകൾക്ക് സെബി 30 കോടി രൂപ പിഴ ഈടാക്കിയിരുന്നു. ഇതിനുശേഷം തങ്ങളുടെ ഓഹരികൾ വിറ്റഴിക്കാൻ പിവിപി വെഞ്ച്വേഴ്‌സ് തീരുമാനിച്ചിരുന്നു. മുത്തൂറ്റ് പാപ്പച്ചൻ ഗ്രൂപ്പിനാണ് ഓഹരി വിൽക്കാൻ തീരുമാനിച്ചത്.

എന്നാൽ, ഈ ഡീൽ നടന്നില്ല. കഴിഞ്ഞ സീസണിലെ ടീമിന്റെ സാമ്പത്തിക പ്രതിസന്ധിക്കും ഇതുകാരണമായി. വിദേശത്ത് ടീമിനു ഒരു പരിശീലനം പോലും കളിക്കാനും ഇതുമൂലം സാധിച്ചിരുന്നില്ല. പരുക്കേറ്റ കാർലോസ് മർച്ചേനയ്ക്കു പകരം ഒരാളെ ടീമിലെത്തിക്കാനും സാധിച്ചില്ല. ഫലമോ സൂപ്പർ ലീഗിലെ അവസാന സ്ഥാനക്കാരായി ടീമിന് നാണംകെട്ട മടക്കവും. ഈ സാഹചര്യത്തിലാണ് പ്രസാദ് ഗ്രൂപ്പിനു ഓഹരികൾ വിൽക്കാൻ തീരുമാനിച്ചിരിക്കുന്നത്. അതായത് പുതിയ സീസൺ തുടങ്ങുന്നതോടെ പുതിയ ഉടമസ്ഥർ ടീമിലെത്തുമെന്നാണ് പ്രതീക്ഷ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News