മുത്തലാഖ് നിരോധനം; സുപ്രീംകോടതി മുസ്ലിം വ്യക്തിനിയമ ബോർഡിന്റെ വിശദീകരണം തേടി; ആറാഴ്ചയ്ക്കകം വിശദീകരണം നൽകണം

ദില്ലി: മുത്തലാഖ് ഭരണഘടനാ വിരുദ്ധമായി പ്രഖ്യാപിക്കണമെന്ന ഹർജിയിൽ സുപ്രീംകോടതി മുസ്ലിം വ്യക്തിനിയമ ബോർഡിനോടു വിശദീകരണം തേടി. ആറാഴ്ചയ്ക്കകം മറുപടി നൽകാനാണ് നോട്ടീസിൽ ആവശ്യപ്പെട്ടിട്ടുള്ളത്. ഉത്തരാഖണ്ഡ് സ്വദേശിനിയായ ഷയറാ ബാനു എന്ന യുവതി സമർപ്പിച്ച ഹർജിയിലാണ് കോടതി വിശദീകരണം തേടി. മൂന്നു പ്രാവശ്യം തലാഖ് ചൊല്ലിയുള്ള വിവാഹമോചനം ഭരണഘടനാ വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഷയറാ ബാനു ഹർജി നൽകിയിട്ടുള്ളത്.

തനിക്കുണ്ടായ അനുഭവം ഇനി ഭാവിയിൽ മറ്റൊരു മുസ്ലിം സ്ത്രീക്കും അനുഭവിക്കാൻ ഇട വരരുതെന്ന് ഷയറാ ബാനു പറഞ്ഞു. ഭർത്താവ് തന്നെ ക്രൂരമായി മർദിക്കുകയും മാനസികമായും ശാരീരികമായും പീഡിപ്പിക്കുകയും ചെയ്തതായി ഷയറ ബാനു പറഞ്ഞു. ഗർഭഛിദ്രം നടത്താൻ പോലും തന്നെ നിർബന്ധിച്ചു. സുപ്രീംകോടതിയിൽ നിന്ന് തനിക്ക് നീതി ലഭിക്കുമെന്നു പ്രതീക്ഷിക്കുന്നതായും ഷയറ പറഞ്ഞു.

ഷയറ സമർപിച്ച ഹർജിയിൽ കക്ഷി ചേരാൻ മുസ്ലിം വ്യക്തിനിയമ ബോർഡ് തീരുമാനിച്ചിരുന്നു. മൂന്നു തവണ തലാഖ് ചൊല്ലിയുള്ള വിവാഹമോചനം ഭരണഘടനാ വിരുദ്ധമാണെന്നു കാണിച്ചാണ് ഷയറാ ബാനു സുപ്രീംകോടതിയെ സമീപിച്ചത്. മുസ്ലിം വ്യക്തിനിയമത്തിൽ കേന്ദ്രസർക്കാരോ മറ്റേതെങ്കിലും അധികൃതരോ ഇടപെടാൻ ശ്രമിച്ചാൽ ശക്തമായി ചെറുക്കുമെന്ന് മുസ്ലിം വ്യക്തിനിയമ ബോർഡ് വ്യക്തമാക്കിയിരുന്നു. 1978-ലെ ഷാ ബാനു കേസ് പോലെ രാജ്യവ്യാപകമായ ചർച്ചയ്ക്കാണ് ഷയറബാനു കേസും വഴി തെളിക്കുന്നത്. 1978ൽ മധ്യപ്രദേശിലെ ഇൻഡോറിൽ മുഹമ്മദ് അഹമ്മദ് ഖാൻ എന്ന അഭിഭാഷകൻ ഭാര്യയായ ഷാ ബാനു ബീഗത്തെ മൊഴി ചൊല്ലുകയും തുടർന്ന് ജീവനാംശം ലഭിക്കുന്നതിനായി ഷാ ബാനു കോടതിയെ സമീപിക്കുകയുമായിരുന്നു. കേസ് സുപ്രിംകോടതിയിലെത്തുകയും ഷാ ബാനുവിന് ജീവനാംശം നൽകണമെന്ന് സുപ്രിംകോടതി വിധിക്കുകയും ചെയ്തു. ഇതിനെതിരെ മുസ്ലിം വ്യക്തിനിയമ ബോർഡും മുസ്ലിം സംഘടനകളും രാജ്യവ്യാപക പ്രക്ഷോഭമാണ് നടത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here