ബഹുമാനപ്പെട്ട നരേന്ദ്രമോദീ… ഇപ്പോൾ ആരാണ് രാജ്യദ്രോഹി? കടൽക്കൊല പ്രതികളെ നാട്ടിലേക്കു വിട്ട സോണിയാഗാന്ധിയും ചെയ്തത് ഇതുതന്നെയല്ലേ? അന്നു പറഞ്ഞതൊക്കെ മറന്നോ

ടൽക്കൊലക്കേസിലെ പ്രതികളായ ഇറ്റാലിയൻ നാവികരെ നാട്ടിലേക്കു വിട്ടയക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി തീരുമാനിക്കുമ്പോൾ അദ്ദേഹം പണ്ടു പറഞ്ഞ കാര്യങ്ങൾ മറന്നു കാണുമായിരിക്കും. അത്ര പണ്ടൊന്നുമല്ല. കൃത്യമായി പറഞ്ഞാൽ 2014 മാർച്ച് 31ന്. രണ്ടു വർഷവും 22 ദിവങ്ങളും മുമ്പ്. അന്നു പ്രധാനമന്ത്രിയായിട്ടില്ല നരേന്ദ്രമോദി. പ്രധാനമന്ത്രിയാകുമെന്ന പ്രതീക്ഷയിൽ ലോക്‌സഭാ തെരഞ്ഞെടുപ്പു പ്രചാരണപ്രവർത്തനങ്ങളിൽ, ഗുജറാത്ത് മുഖ്യമന്ത്രിയെന്ന പദവിയിൽ വിരാജിക്കുകയായിരുന്നു. പറഞ്ഞതിന്റെ പച്ചമലയാളം ഇങ്ങനെയായിരുന്നു. ‘നമ്മുടെ രണ്ട് മത്സ്യബന്ധനത്തൊഴിലാളികളെ ഇറ്റാലിയൻ നാവികർ നിർദയം കൊലപ്പെടുത്തി. മാഡം രാജ്യസ്‌നേഹിയാണെങ്കിൽ ഈ നാവികരെ ഏതു ജയിലിലാണു പാർപ്പിച്ചിരിക്കുന്നതെന്നു ഞങ്ങൾക്കു പറഞ്ഞുതരാൻ കഴിയുമോ?’

ഇറ്റലിക്കാരിയായതുകൊണ്ട് ഇറ്റാലിയൻ നാവികരെ നാട്ടിലേക്കു വിട്ടയച്ചു എന്നായിരുന്നു വോട്ട് ചെയ്യാൻ നാവികരായ മാസിമിലാനോ ലത്തോറെയെും സാൽവത്തോറെ ജിറോണിനെയും ഇന്ത്യ വിടാൻ അനുവദിച്ചതിനെ ബിജെപി നേതൃത്വം ചോദ്യം ചെയ്തത്. പിന്നീടും പലവട്ടം അന്നു രാജ്യത്തിന്റെ ഭരണം കൈയാളിയിരുന്ന യുപിഎ സർക്കാരിനെതിരെയും കോൺഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയെയും വിമർശിച്ചു. ബിജെപിയുടെ വിമർശനം ശരിവയ്ക്കുന്നതരത്തിലായിരുന്നു ഇറ്റലിയുടെ നടപടി. വോട്ട് ചെയ്യാൻ ഇറ്റലിയിലെത്തിയ രണ്ടുപേരെയും ഇന്ത്യയിലേക്കു തിരിച്ചുവിടാനാകില്ലെന്ന നിലപാടെടുത്തു.

അതിനു ശേഷം മാസിമിലാനോ ലത്തോറെയ്ക്കു ബ്രെയിൻ ട്യൂമറാണെന്നു സ്ഥിരീകരിക്കുകയും ചികിത്സയ്ക്കായി നാട്ടിലേക്കു പോകാൻ അനുമതി നൽകുകയുംചെയ്തു. അതിനു പിന്നാലെ രണ്ടാമത്ത നാവികൻ സാൽവത്തോറെ ജിറോണിനെ നാട്ടിലേക്കു പോകാൻ അനുവദിക്കുന്ന നിലപാട് കേന്ദ്ര സർക്കാർ കഴിഞ്ഞദിവസം സ്വീകരിച്ചപ്പോൾ നരേന്ദ്രമോദിയുടെ പഴയ ട്വീറ്റാണ് ചർച്ചയാകുന്നത്. സോണിയാഗാന്ധിയുടെ രാജ്യസ്‌നേഹം അന്നു ചോദ്യം ചെയ്തവർ ഇന്നന്താണ് ചെയ്യുന്നതെന്ന ചോദ്യവും ബാക്കിയാവുന്നു.

ഇറ്റാലിയൻ നാവികരുടെ പ്രശ്‌നം ഇന്ത്യയും ഇറ്റലിയുമായുള്ള നയതന്ത്രബന്ധത്തെ ദോഷകരമായി ബാധിച്ചിരുന്നു. മിസൈൽ സാങ്കേതികവിദ്യാ നിയന്ത്രണ സംവിധാനത്തിൽ ഇന്ത്യക്ക് അംഗത്വം നൽകുന്നതിനെ ഇറ്റലി വീറ്റോ ചെയ്യുകയും ചെയ്തു. ഈ സാഹചര്യം ഒഴിവാക്കാൻ നാവികരെ ഇറ്റലിയിലേക്ക് അയച്ച് പരിഹാരം കാണാനാണ് മോദി ശ്രമിക്കുന്നതെന്നാണു വിമർശനം. ഓഗസ്റ്റാ വെസ്റ്റ്‌ലാൻഡ ഇടപാടിലെ തെളിവുകൾ ലഭിക്കാൻ നാവികരെ ഇറ്റലിക്കു വിട്ടുകൊടുക്കാൻ നരേന്ദ്രമോദി തയാറായെന്നും വാർത്തയുണ്ടായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here