സായി പല്ലവി തന്നെ കണ്ട് പേടിച്ചെന്ന് ചെമ്പന്‍ വിനോദ്; കലിയിലെ അനുഭവം സായിക്ക് ഒരിക്കല്‍ സംഭവിച്ചത്; മോഹന്‍ലാലിന്റെ വില്ലനാവാന്‍ മോഹം; നന്ദിതാ ദാസിനൊപ്പം അഭിനയിക്കണം; പറയാത്ത കഥകള്‍ പറഞ്ഞ് ചെമ്പന്‍

കലിയില്‍ താന്‍ അഭിനയിച്ച സീന്‍ കണ്ട് നായിക സായി പല്ലവി പേടിച്ച കരഞ്ഞുപോയെന്ന് നടന്‍ ചെമ്പന്‍ വിനോദ്. കോയമ്പത്തൂരില്‍ പഠിക്കുന്ന സമയത്ത് അതേ മാതൃകയില്‍ ചെറിയൊരു അനുഭവം സായിക്ക് സംഭവിച്ചിട്ടുണ്ടെന്നും അതിന്റെ ഓര്‍മ്മയിലാണ് തന്നെ കണ്ട് പേടിച്ചതെന്നും ചെമ്പന്‍ പറഞ്ഞു. ‘കലി’യിലെ വേഷം സിനിമയില്‍ കണ്ടപ്പോള്‍ ഇത്തിരി കടന്ന കയ്യായി തോന്നിയെന്നും ചെമ്പന്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞു.

kali-sai-vinod-2
പഴയ സിനിമാ സങ്കല്‍പങ്ങള്‍ ഇപ്പോള്‍ മാറിക്കൊണ്ടിരിക്കുകയാണെന്നും ചെമ്പന്‍ അഭിപ്രായപ്പെടുന്നു. ബൃഹദ് ചിത്രങ്ങള്‍ക്കു പകരം ഒന്നേമുക്കാല്‍ രണ്ടു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള സിനിമകളാണ് വരുന്നത്. ജനത്തിനും അതുമതി. പ്രധാന വേഷം ചെയ്ത ‘ഉറുമ്പുകള്‍ ഉറങ്ങാറില്ല’ നല്ല ചിത്രമായിരുന്നെങ്കിലും അതിറങ്ങിയപ്പോള്‍ ‘എന്നു നിന്റെ മൊയ്തീന്‍’ ഇറങ്ങി. എങ്കിലും മുടക്കു മുതലില്‍ കൂടുതല്‍ അതിനു ലഭിച്ചു. സിനിമയുടെ ദൈര്‍ഘ്യവും കഥയുമെല്ലാം അതിന്റെ സാമ്പത്തികവശവുമായും ബന്ധപ്പെട്ടിരിക്കുന്നു. വ്യത്യസ്ത വേഷങ്ങള്‍ ചിലപ്പോള്‍ ചോദിച്ചുവാങ്ങും. അല്ലെങ്കില്‍ പിന്നെ ആവര്‍ത്തന വിരസതയും ഒരേ ടൈപ്പുമാകുമെന്നും ചെമ്പന്‍ വിനോദ് പറഞ്ഞു.

ആമേനു ശേഷം സപ്തമശ്രീ തസ്‌കര തുടങ്ങി ഒരുപറ്റം സിനിമകളില്‍ അഭിനയിച്ചു. ഇതോടെ ഇന്ത്യയില്‍ കഴിയാതെ പറ്റില്ലെന്ന അവസ്ഥയായി. ഭാര്യ സുനിതയും പുത്രന്‍ ജോണ്‍ ക്രിസും റോക്ക്‌ലാന്റിലാണ്. സിനിമാ അഭിനയം കഴിഞ്ഞ് വീട്ടിലെത്തുമ്പോള്‍ ഒറ്റപ്പെട്ടപോലെ. എക്കാലവും ഇന്ത്യയില്‍ തുടരുമെന്നില്ലെന്നും ചെമ്പന്‍ പറഞ്ഞു.

Chemban-Vinod-Jose
സിനിമാരംഗത്തേക്ക് വരാന്‍ അത്ര പ്രയാസമൊന്നുമില്ല. പക്ഷെ അതിനു കഴിവുണ്ടോ എന്നു ആദ്യം നോക്കണം. ‘ഇവിടെ നിന്നു പോടാ’ എന്നു ഒരാളോട് പറയുന്നത് നിസാരമായ ഒരു കാര്യമാണ്. ഒരുപാട് പേരുടെ മുന്നില്‍ ക്യാമറയെ ഫേസ് ചെയ്ത് അതു പറയുക പലര്‍ക്കും എളുപ്പമല്ല. തന്നേക്കാള്‍ നല്ലൊരു നടന്‍ വന്നാല്‍ താന്‍ ഔട്ടായെന്നിരിക്കും. അപ്പോള്‍ ഒരു പ്ലാന്‍ ബി മനസില്‍ ഇല്ലാതില്ല. കോമഡി ചെയ്യാനാണ് താത്പര്യം കൂടുതല്‍. ഒരുപാട് നല്ല സിനിമകള്‍ ഇപ്പോള്‍ വന്നുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

തനിക്ക് മോഹന്‍ലാലിന്റെ വില്ലന്‍ വേഷം ചെയ്യാനാണ് കൂടുതല്‍ താല്‍പര്യമെന്നും അഭിമുഖത്തില്‍ ചെമ്പന്‍ വ്യക്തമാക്കി. അതിനുള്ള അവസരത്തിനായി കാത്തിരിക്കുകയാണ്. ബോളിവുഡ് നടി നന്ദിതാ ദാസിന്റെ കൂടെ അഭിനയിക്കാനും ആഗ്രഹമുണ്ട്. സെലിബ്രിറ്റി എന്ന ചിന്ത തലയ്ക്ക് പിടിച്ചിട്ടില്ലെന്നും ചെമ്പന്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here